Big stories

17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്; പണപ്പെരുപ്പം 15.08 ശതമാനമായി ഉയര്‍ന്നു

17 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ധനവിലയും ഭക്ഷ്യവസ്തുക്കളുടെ വിലയും ഉയര്‍ന്നതാണ് നാണ്യപ്പെരുപ്പം ഉയരാന്‍ കാരണം

17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്; പണപ്പെരുപ്പം 15.08 ശതമാനമായി ഉയര്‍ന്നു
X

ന്യൂഡല്‍ഹി: രാജ്യത്ത് മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം ഏപ്രില്‍ മാസത്തില്‍ 15.08 ശതമാനമായി ഉയര്‍ന്നു. 17 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ധനവിലയും ഭക്ഷ്യവസ്തുക്കളുടെ വിലയും ഉയര്‍ന്നതാണ് നാണ്യപ്പെരുപ്പം ഉയരാന്‍ കാരണമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു.

മാര്‍ച്ച് മാസത്തില്‍ നാണ്യപ്പെരുപ്പം 14.55 ശതമാനമായിരുന്നു. ഫെബ്രുവരിയില ഇത് 13.11 ശതമാനവും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 10.74 ശതമാനമായിരുന്നു പണപ്പെരുപ്പം. തുടര്‍ച്ചയായ 13ാം മാസമാണ് പണപ്പെരുപ്പം രണ്ടക്കത്തില്‍ തുടരുന്നത്.

മിനറല്‍ ഓയില്‍സ്, മെറ്റല്‍സ്, പെട്രോളിയം, പ്രകൃതി വാതകം, ഭക്ഷ്യ വസ്തുക്കള്‍, ഭക്ഷ്യേതര വസ്തുക്കള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, കെമിക്കല്‍സ്, കെമിക്കല്‍ പ്രൊഡക്ടുകള്‍ എന്നിവയുടെ എല്ലാം വില ഉയര്‍ന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഏപ്രിലില്‍ 8.35 ശതമാനം വര്‍ധനവാണുണ്ടായത്.

ഏപ്രില്‍ മാസത്തില്‍ പച്ചക്കറി വില 23.24 ശതമാനം ഉയര്‍ന്നു. മാര്‍ച്ചില്‍ ഇത് 19.88 ശതമാനമായിരുന്നു. ഉരുളക്കിഴങ്ങ് വില മുന്‍ മാസത്തെ അപേക്ഷിച്ച് 4.02 % കുറവ് രേഖപ്പെടുത്തി. എന്നാല്‍ പഴങ്ങളുടെ വില മുന്‍മാസത്തെ 10.62 ശതമാനത്തില്‍ നിന്നും 10.89 ശതമാനമായി ഉയര്‍ന്നു. ഗോതമ്പ് വില 14.04% ആയിരുന്നത് 10.70 ശതമാനമായി താഴ്ന്നു. മുട്ട, മാംസം, മൽസ്യം, എന്നിവയുടെ വിലയിലും കുറവ് രേഖപ്പെടുത്തി.

അതേസമയം, എണ്ണ, ഊര്‍ജ മേഖലയിയില്‍ മുന്‍മാസത്തെ 34.52 ശതമാനത്തില്‍ നിന്നും 38.66 ശതമാനമായി. പെട്രോള്‍ 60.63% ഹൈ സ്പീഡ് ഡീസല്‍ 66.14%, എല്‍പിജി 38.48% എന്നീ നിലയിലെത്തി. ഉത്പാദന മേഖലയില്‍ 10.85% മുന്നേറ്റം പ്രകടമാണ്. ഉപഭോഗ വില സൂചികയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ചെറുകിട മേഖലയില്‍ വിലക്കയറ്റം 7.79 ശതമാനത്തില്‍ എത്തി. എട്ടു വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണിത്.

Next Story

RELATED STORIES

Share it