Sub Lead

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷം; രോഗികളുടെ എണ്ണം 140 കടന്നു, കേരളത്തിലും ജാഗ്രത

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷം; രോഗികളുടെ എണ്ണം 140 കടന്നു, കേരളത്തിലും ജാഗ്രത
X

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവുന്നു. ശനിയാഴ്ച 30 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 143 ആയി ഉയര്‍ന്നു. തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍നിന്നാണ് ശനിയാഴ്ച ഒമിക്രോണ്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. ഒമിക്രോണിന്റെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ വര്‍ധനയാണിത്. വെള്ളിയാഴ്ച 24 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ വൈറസ് വ്യാപനം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍. 24 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി ഇന്നലെ 21 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ എട്ടുപേര്‍ക്കാണ് പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എട്ടുപേരും മുംബൈയിലാണ്. ഇതോടെ സംസ്ഥാനത്താകെ ഒമിക്രോണ്‍ ബാധിതര്‍ 48 ആയി. തെലങ്കാനയില്‍ 13 പേര്‍ക്ക് കൂടിയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് ഹൈദരാബാദില്‍ എത്തിവരാണ് എല്ലാവരും. ഇതോടെ തെലങ്കാനയില്‍ ഒമിക്രോണ്‍ ബാധിതര്‍ 20 ആയി. കേരളത്തിലാകട്ടെ 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ 11 രോഗബാധിതരായി. കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. ഇവര്‍ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ ആള്‍ക്കൂട്ടമുണ്ടാവുന്ന ചടങ്ങുകളില്‍ സംബന്ധിക്കാനോ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോകമെമ്പാടുമുള്ള കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണമായ ഡെല്‍റ്റ വകഭേദത്തേക്കാള്‍ ശക്തമായി ഒമിക്രോണ്‍ വ്യാപിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒമിക്രോണ്‍ 89 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന കര്‍ശന മുന്നറിയിപ്പാണ് നല്‍കുന്നത്.

Next Story

RELATED STORIES

Share it