Sub Lead

ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റിക്ക് പുതിയ സാരഥികള്‍; അഷ്‌റഫ് മൊറയൂര്‍ പ്രസിഡന്റ്, അഷ്‌റഫ് പുത്തൂര്‍ (കര്‍ണാടക) ജനറല്‍ സെക്രട്ടറി

ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റിക്ക് പുതിയ സാരഥികള്‍;  അഷ്‌റഫ് മൊറയൂര്‍ പ്രസിഡന്റ്, അഷ്‌റഫ് പുത്തൂര്‍ (കര്‍ണാടക) ജനറല്‍ സെക്രട്ടറി
X

റിയാദ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റി 2021-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിയാദില്‍ നടന്ന നാഷണല്‍ റെപ്രസെന്റേറ്റിവ് കൗണ്‍സിലിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി അഷ്‌റഫ് മൊറയൂര്‍ (പ്രസിഡന്റ്), അഷ്‌റഫ് പുത്തൂര്‍ കര്‍ണാടക (ജനറല്‍ സെക്രട്ടറി), നസ്‌റുല്‍ ഇസ്‌ലാം ചൗധരി അസം, മുഹമ്മദ് സലാഹുദ്ദീന്‍ കര്‍ണാടക (വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ ഗനി, ഇ എം അബ്ദുല്ല, കേരളം (സെക്രട്ടറിമാര്‍), റംജുദ്ദീന്‍ അബ്ദുല്‍ വഹാബ് തമിഴ്‌നാട് (എക്‌സി. മെമ്പര്‍) എന്നിവരെ തിരഞ്ഞെടുത്തു. നാഷണല്‍ റെപ്രസെന്റേറ്റീവ് കൗണ്‍സില്‍ യോഗത്തില്‍ ഇസ്മായില്‍ പാണാവള്ളി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും പരിക്കേല്‍പ്പിച്ചു കൊണ്ട് തങ്ങളുടെ ഫാഷിസ്റ്റ് അജണ്ട പൂര്‍ത്തിയാക്കാന്‍ വെമ്പല്‍ കൊള്ളുന്ന സംഘപരിവാര ശക്തികള്‍ക്ക് പ്രചോദനമേകുന്ന പ്രവണതയാണ് ഭരണകൂടങ്ങളില്‍ നിന്നും രാജ്യത്തെ ചില നീതിപീഠങ്ങളില്‍ നിന്നും കണ്ടു കൊണ്ടിരിക്കുന്നതെന്ന് സോഷ്യല്‍ ഫോറം സൗദി നാഷണല്‍ റെപ്രസെന്റേറ്റീവ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ വിവിധ സമുദായങ്ങള്‍ സൗഹൃദത്തോടെ ജീവിക്കുന്നതിനെ അസഹിഷ്ണുതയോടെ കാണുകയും ആര്‍എസ്എസ് അജണ്ട പ്രകാരം ഇതരസമുദായങ്ങളെ ശത്രുക്കളാക്കി അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതും വിശ്വാസ സ്വാതന്ത്ര്യം ഹനിക്കുന്നതും അനുസ്യൂതം തുടരുകയാണ്. ബാബ്‌റി മസ്ജിദ് തകര്‍ത്ത് സത്യത്തിനും നീതിക്കും വിരുദ്ധമായി ക്ഷേത്രം പണിയാന്‍ ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തതിന്റെ തുടര്‍ച്ചയാണ് മഥുരയിലെ ഷാഹി മസ്ജിദിന്റെ നേര്‍ക്കും ഹിന്ദുത്വര്‍ അക്രമത്തിനൊരുങ്ങുന്നത്. ബാബ്‌റി മസ്ജിദിലോ ഷാഹി മസ്ജിദിലോ അവസാനിക്കുന്നതല്ല ഹിന്ദുത്വ ലക്ഷ്യം. 2014 മുതല്‍ തുടരുന്ന മോദിസര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ ഒട്ടേറെ മസ്ജിദുകളും ക്രിസ്തീയ ആരാധാലയങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ദളിതര്‍ക്കു നേരെയുള്ള ആക്രമണങ്ങളും ബലാല്‍സംഗങ്ങളും ഇപ്പോള്‍ വാര്‍ത്ത പോലുമല്ലാതായിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്തു. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ യശസ്സോടെ നിന്നിരുന്ന രാജ്യത്തിന്റെ പൊതുസ്വത്തുക്കള്‍ കുത്തക ഭീമന്മാരുടെ കറവപ്പശുക്കളാക്കി മാറ്റി ജനങ്ങളെ വഞ്ചിക്കുകയും അതുമൂലം സാമ്പത്തിക മേഖല മൂക്ക് കുത്തിയ അവസ്ഥയിലെത്തുകയും ചെയ്തിരിക്കുകയാണ്. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം നൂറ്റി ഒന്നാം സ്ഥാനത്താണ്. ഇന്ധന വില വര്‍ദ്ധന മൂലം കോടിക്കണക്കായ ആളുകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ ഭരണകര്‍ത്താക്കക്ക് സമയമില്ല. മഹാമാരിയുടെ പിടിയിലമര്‍ന്ന് ജീവനുവേണ്ടി മല്ലടിക്കുന്ന ആളുകള്‍ക്ക് മതിയായ ചികിത്സ പോലും നല്‍കാതെ തങ്ങളുടെ ഹിന്ദുരാഷ്ട്ര സംസ്ഥാപന അജണ്ടക്ക് വേണ്ടി മാത്രം ഭരണസംവിധാനങ്ങളെ ചൂഷണം ചെയ്യുന്ന ഫാഷിസ്റ്റു നടപടിക്കെതിരെ ജനാധിപത്യ രീതിയില്‍ ജനകീയ പ്രതിരോധം മാത്രമാണ് പ്രായോഗികമായിട്ടുള്ളതെന്നും കൗണ്‍സില്‍ വിലയിരുത്തി. ഹിന്ദുത്വ ഭൂമികയില്‍ നിന്നുകൊണ്ട് ഹിന്ദുരാഷ്ട്ര വാദവുമായി ഫാഷിസ്റ്റുകള്‍ മുന്നേറുമ്പോള്‍ കോണ്‍ഗ്രസ്സും സി.പി.എം അടക്കമുള്ള മുഖ്യധാരാ പാര്‍ട്ടികള്‍ ഫാഷിസത്തെ വ്യവസ്ഥാപിതമായി നേരിടേണ്ടതതിനു പകരം മൃദുഹിന്ദുത്വ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. സമാജ്‌വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും ഭൂരിപക്ഷ പ്രീണന നയങ്ങള്‍ നടപ്പിലാക്കാന്‍ മത്സരിക്കുകയാണ്.

കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തെ സൗദിയിലെ വിവിധ പ്രവിശ്യകളിലെ സോഷ്യല്‍ ഫോറം പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങളിലും കോവിഡ് രൂക്ഷമായ കാലത്തും സോഷ്യല്‍ ഫോറം വളണ്ടിയര്‍മാര്‍ നടത്തിയ നിസ്തുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ യോഗം മുക്തകണ്ഠം പ്രശംസിച്ചു. പ്രവാസികളുടെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുകയും, വിവിധ പ്രവിശ്യകളില്‍ മരണമടഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ മറവുചെയ്യുന്നതും നാട്ടിലേക്കയക്കുന്നതുമടക്കം സ്തുത്യര്‍ഹമായ സേവനങ്ങളാണ് ഫോറം വളണ്ടിയര്‍മാര്‍ നടത്തിയത്. പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ എത്തിക്കാനും, രക്തദാനമടക്കമുള്ള സേവനങ്ങള്‍ ചെയ്യാനും വളണ്ടിയര്‍മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് മീഡിയ വണ്‍ ഏര്‍പ്പെടുത്തിയ ബ്രേവ് ഹാര്‍ട്ട് അവാര്‍ഡിന് സോഷ്യല്‍ ഫോറം അര്‍ഹത നേടിയതെന്നും കൗണ്‍സില്‍ വിലയിരുത്തി.

Next Story

RELATED STORIES

Share it