Latest News

ഗുജറാത്ത് കലാപം; കൂട്ട ബലാല്‍സംഗം, കൂട്ടക്കൊല കേസുകളില്‍ 26 പേരെയും വെറുതെവിട്ടു

ഫെബ്രുവരി 27നാണ് ഗോധ്രയില്‍ സബര്‍മതി തീവണ്ടി കത്തിയത്.

ഗുജറാത്ത് കലാപം; കൂട്ട ബലാല്‍സംഗം, കൂട്ടക്കൊല കേസുകളില്‍ 26 പേരെയും വെറുതെവിട്ടു
X

ഗാന്ധി നഗര്‍: ഗുജറാത്ത് കലാപത്തിനിടെ നടന്ന കൂട്ട ബലാല്‍സംഗം, കൂട്ടക്കൊല തുടങ്ങിയ കേസുകളില്‍ പ്രതികളായ 26 പേരെയും കോടതി വെറുതെ വിട്ടു. 2002ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന സംഭവത്തിലാണ് മുഴുവന്‍ പ്രതികളെയും വിട്ടയച്ചത്. പഞ്ചമഹല്‍ ജില്ലയിലെ ഹാലോല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ലീലാ ഭായ് ചൗദസാമയുടെതാണ് വിധി. ന്യൂനപക്ഷ സമുദായത്തിലുള്ളവരാണ് കൂട്ടക്കൊലയ്ക്ക് ഇരയായത്. ഇവര്‍ക്കൊപ്പമുള്ള സ്ത്രീകളെ ബലാല്‍സംഗം ചെയ്തുവെന്നും പ്രതികള്‍ക്കെതിരെ ആരോപണമുണ്ടായിരുന്നു. തെളിവില്ലാത്തതിനാല്‍ എല്ലാ പ്രതികളെയും വെറുതെവിടുകയാണെന്ന് കോടതി അറിയിച്ചു. കേസില്‍ 39 പ്രതികളാണുണ്ടായിരുന്നത്. വിചാരണയ്ക്കിടെ 13 പേര്‍ മരിച്ചു. ബാക്കിയുള്ളവരാണ് കോടതി വിധി പറയുന്ന വേളയിലുണ്ടായിരുന്നത്. പ്രോസിക്യൂഷന്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി. ഗോധ്രയില്‍ തീവണ്ടി കത്തിയതിന് പിന്നാലെ വ്യാപിച്ച കലാപത്തിനിടെ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ പലയിടങ്ങളിലേക്കും കലാപം വ്യാപിച്ചിരുന്നു.


ഫെബ്രുവരി 27നാണ് ഗോധ്രയില്‍ സബര്‍മതി തീവണ്ടി കത്തിയത്. മാര്‍ച്ച് ഒന്നിന് ഹിന്ദുത്വ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെയാണ് ഗാന്ധി നഗറിനടുത്ത കാലോളില്‍ കേസിന് ആസ്പദമായ സംഭവം നടന്നത്. മാര്‍ച്ചിന് രണ്ടിന് കാലോള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 190 സാക്ഷികളാണുണ്ടായിരുന്നത്. 334 രേഖകളും തെളിവായി ഹാജരാക്കി. എന്നാല്‍ സാക്ഷിമൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കോടതി വിലയിരുത്തി.



മാര്‍ച്ച് ഒന്നിന് രണ്ടായിരത്തോളം വരുന്ന അക്രമിക്കൂട്ടമാണ് കൂട്ടക്കൊല നടത്തിയത്. ഗാന്ധി നഗര്‍ ജില്ലയിലെ കാലോളില്‍ ആയുധങ്ങളുമായി ഇറങ്ങിയവര്‍ നിരവധി പേരെ കൊല്ലുകയായിരുന്നു. നിരവധി വാഹനങ്ങള്‍ക്കും പള്ളികള്‍ക്കും കടകള്‍ക്കും തീവച്ചു. പോലീസ് വെടിയേറ്റ് പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ടെമ്പോയിലിട്ടാണ് കത്തിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പള്ളിയില്‍ നിന്ന് ഇറങ്ങി വരികയായിരുന്ന മറ്റൊരാളെ പള്ളിക്കുള്ളില്‍ വച്ച് കത്തിച്ചു. ദേലോള്‍ ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്യുകയായിരുന്ന 38 പേര്‍ക്ക് നേരെയും ആക്രമണമുണ്ടായി. 11 പേരാണ് ഇവിടെ ജീവനോടെ ചുട്ടെരിക്കപ്പെട്ടത്.




Next Story

RELATED STORIES

Share it