Sub Lead

അഫ്ഗാന് കാരുണ്യഹസ്തം നീട്ടി ഇന്ത്യ: 50,000 മെട്രിക് ടണ്‍ ഗോതമ്പ് കൈമാറും; ഡബ്ല്യുഎഫ്പിയുമായി നിര്‍ണായക കരാര്‍

ഫെബ്രുവരി 20ന് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷം വിതരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോമിലെ ഇന്ത്യന്‍ എംബസിയാണ് ഇത് സംബന്ധിച്ച കരാര്‍ പ്രഖ്യാപിച്ചത്.

അഫ്ഗാന് കാരുണ്യഹസ്തം നീട്ടി ഇന്ത്യ: 50,000 മെട്രിക് ടണ്‍ ഗോതമ്പ് കൈമാറും; ഡബ്ല്യുഎഫ്പിയുമായി നിര്‍ണായക കരാര്‍
X

ന്യൂഡല്‍ഹി: കടുത്ത ഭക്ഷ്യ ക്ഷാമം നേരിടുന്ന അഫ്ഗാനിസ്താന് 50,000 മെട്രിക് ടണ്‍ ഗോതമ്പ് നല്‍കാന്‍ യുഎന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി (ഡബ്ല്യുഎഫ്പി) കരാര്‍ ഒപ്പുവച്ച് ഇന്ത്യ. പാകിസ്താനിലൂടെ റോഡ് മാര്‍ഗ്ഗം ഗോതമ്പ് അഫ്ഗാനിലെത്തിക്കും.ഇതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ആരംഭിച്ചിട്ടുണ്ട്.

ഫെബ്രുവരി 20ന് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷം വിതരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോമിലെ ഇന്ത്യന്‍ എംബസിയാണ് ഇത് സംബന്ധിച്ച കരാര്‍ പ്രഖ്യാപിച്ചത്.

ഗോതമ്പുമായി അഫ്ഗാനിലെത്തുന്ന വാഹനങ്ങളുടെ ചുമതല ഏറ്റെടുക്കാനും മാനുഷിക പ്രതിസന്ധി നേരിടുന്ന അഫ്ഗാനികള്‍ക്ക് വിതരണം ചെയ്യാനുമുള്ള ധാരണപത്രം അംബാസഡര്‍ നീന മല്‍ഹോത്ര വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് കൈമാറി.

'കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് പിന്തുണയായി ഗോതമ്പിന്റെ ഉദാരമായ സംഭാവനയ്ക്ക്' ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ട് റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യുഎഫ്പിയും രംഗത്ത് എത്തി.

ഉടമ്പടിയെ നാഴികകല്ലെന്നാണ് ഡബ്ല്യുഎഫ്പി വിശേഷിപ്പിച്ചത്. ധാരണ അനുസരിച്ച്, ഗോതമ്പ് പാകിസ്താന്‍ വഴി അഫ്ഗാന്‍ അതിര്‍ത്തി കടന്ന് ഫെബ്രുവരി 22 മുതല്‍ കാണ്ഡഹാറിലെ ഡബ്ല്യുഎഫ്പി ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. അതിന് ശേഷം ഗോതമ്പ് 10,000 മെട്രിക് ടണ്ണിന്റെ അഞ്ച് ബാച്ചുകളായി വിഭജിച്ച് രാജ്യത്തുടനീളം വിതരണം ചെയ്യും.

സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുമായി സഹകരിച്ച് ഡബ്ല്യുഎഫ്പി അഫ്ഗാനില്‍ സ്വന്തം ലോജിസ്റ്റിക് നെറ്റ്‌വര്‍ക്ക് നടത്തുന്നുണ്ട്. ജനസംഖ്യയുടെ പകുതി അല്ലെങ്കില്‍ 22 ദശലക്ഷം ആളുകള്‍ പോഷകാഹാരക്കുറവ് നേരിടുന്ന രാജ്യത്ത് ജനങ്ങള്‍ക്ക് മതിയായ ഭക്ഷണത്തിനും സഹായത്തിനുമായി ഒരു ആഗോള കാമ്പെയ്ന്‍ സംഘടന അടുത്തിടെ ആരംഭിച്ചിരുന്നു.

'നമുക്ക് മുമ്പിലുള്ള ചുമതല വളരെ വലുതാണ്, ഓരോ മണിയും പ്രധാനമാണ്. 50,000 മെട്രിക് ടണ്‍ ഗോതമ്പ് കൈമാറാനുള്ള ഇന്ത്യയുടെ തീരുമാനം വളരെ പ്രധാനമാണ്, പ്രത്യേകിച്ച് പകര്‍ച്ചവ്യാധിയുടെ കാലത്ത്. സാധ്യമാകുമ്പോള്‍ കൂടുതല്‍ ധാന്യ സ്‌റ്റോക്കുകള്‍ക്കായി ഇന്ത്യന്‍ ഗവണ്‍മെന്റ് അതിന്റെ ഉദാരത വര്‍ധിപ്പിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്'- ഡബ്ല്യുഎഫ്പിയുടെ ഇന്ത്യ കണ്‍ട്രി ഡയറക്ടര്‍ ബിഷോ പരാജുലി ദി ഹിന്ദുവിനോട് പറഞ്ഞു.

ഗോതമ്പ് ട്രക്കുകളുടെ സഞ്ചാരത്തിനായി ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിവരികയാണെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

2021 നവംബറില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തങ്ങളുടെ റോഡുകള്‍ ചരക്ക് നീക്കത്തിന് ഉപയോഗിക്കാനുള്ള ഇന്ത്യന്‍ നിര്‍ദ്ദേശം അംഗീകരിച്ചിരിക്കുകയും താലിബാന്‍ ഭരണകൂടം ഈ ഓഫര്‍ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നാലെ ഇന്ത്യന്‍ ട്രക്കുകള്‍ ഓടിക്കാന്‍ അനുവദിക്കില്ലെന്ന് വാശിപിടിച്ച് പാകിസ്താന്‍ സര്‍ക്കാര്‍ നടപടിക്രമം നിര്‍ത്തിവച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒടുവില്‍ ഗോതമ്പ് കൊണ്ടുപോകാന്‍ അഫ്ഗാന്‍ ട്രക്കുകള്‍ മാത്രം അനുമതി നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it