Sub Lead

ഇന്ത്യ-സൗദി വിമാന സര്‍വീസുകള്‍ ജനുവരി 11 മുതല്‍ ആരംഭിക്കും

സൗദിയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ലൈനാസും, ഇന്ത്യയുടെ ഇന്‍ഡിഗോ എയറും യാത്ര ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തിലായ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമാണ് പുതിയ സര്‍വീസുകള്‍

ഇന്ത്യ-സൗദി വിമാന സര്‍വീസുകള്‍ ജനുവരി 11 മുതല്‍ ആരംഭിക്കും
X

ജിദ്ദ: ഇന്ത്യ-സൗദി സെക്ടറില്‍ വിമാന സര്‍വീസുകള്‍ ജനുവരി 11 മുതല്‍ ആരംഭിക്കും. ഇരുരാജ്യങ്ങളും ഒപ്പുവച്ച എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. കോഴിക്കോട് നിന്ന് സൗദിയിലെ വിവിധ വിമാന താവളങ്ങളിലേക്കുള്ള യാത്രാ ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിലായിരുന്നു ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ റഗുലര്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചിരുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ-സൗദി സെക്ടറില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ജനുവരി 11 മുതല്‍ തുടക്കമാകുന്നത്. സൗദിയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ലൈനാസും, ഇന്ത്യയുടെ ഇന്‍ഡിഗോ എയറും യാത്ര ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തിലായ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമാണ് പുതിയ സര്‍വീസുകള്‍. റിയാദ്-കോഴിക്കോട് സെക്ടറില്‍ സൗദിയുടെ ഫ്‌ലൈനാസാണ് സര്‍വീസ് നടത്തുക. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ റിയാദില്‍ നിന്നും രാവിലെ 7.30ന് കരിപ്പൂരിലെത്തുന്ന ഫ്‌ലൈനാസ് വിമാനം 8.30ന് റിയാദിലേക്ക് തിരിച്ച് പറക്കും.

റിയാദില്‍ നിന്ന് ജിദ്ദ, ദമ്മാം, മദീന, ജിസാന്‍, അബഹ, അല്‍ഹസ തുടങ്ങിയ നഗരങ്ങളിലേക്കെല്ലാം ഫ്‌ലൈനാസിന്റെ കണക്ഷന്‍ വിമാനങ്ങളും ലഭ്യമാണ്. ജനുവരി ആറിന് ഫ്‌ലൈനാസ് ബുക്കിങ് ആരംഭിക്കും. തിങ്കള്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് ഇന്‍ഡിഗോയും സര്‍വ്വീസ് നടത്തും. പുലര്‍ച്ചെ 2.15ന് ജിദ്ദില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന വിമാനം രാവിലെ 10.40ന് കോഴിക്കോടെത്തും. പിന്നീട് രാത്രി 9.30നാണ് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പുറപ്പെടുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 12.40ന് ദമ്മാമില്‍ നിന്നും പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനം രാവിലെ 7.35ന് കോഴിക്കോടിറങ്ങും. ജിദ്ദ കോഴിക്കോട് സെക്ടറില്‍ 806 റിയാല്‍ മുതലും, ദമ്മാംകോഴിക്കോട് സെക്ടറില്‍ 636 റിയാല്‍ മുതലുമാണ് ഇന്‍ഡിഗോയുടെ വണ്‍വേ ടിക്കറ്റ് നിരക്ക്. ടിക്കറ്റ് നിരക്കിനനുസരിച്ച് 25 കിലോ മുതല്‍ ബാഗേജും ഏഴ് കിലോ മുതല്‍ ഹാന്റ് ബാഗുമാണ് അനുവദിക്കുക.

ജിദ്ദയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ച് ലിറ്ററിന്റെ സംസം ബോട്ടിലും സൗജന്യമായി കൊണ്ടുപോകാം. സൗദിയിലേക്ക് വരുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ പാക്കേജുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അടുത്ത ദിവസം ലഭിക്കും. ജിദ്ദ, ദമ്മാം, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും ഇന്‍ഡിഗോ സര്‍വീസ് നടത്തും. ഇത് വഴിയും കേരളത്തിലേക്ക് കണക്ഷന്‍ സര്‍വീസുകള്‍ ലഭിക്കും. കൂടാതെ ഗോ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സൗദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് എന്നീ വിമാന കമ്പനികളും വരും ദിവസങ്ങളില്‍ സര്‍വീസുകള്‍ തുടങ്ങിയേക്കും.

Next Story

RELATED STORIES

Share it