Sub Lead

എസ്‌ഐആര്‍ പൗരന്‍മാരെ ഉപദ്രവിക്കുന്നതാവരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കിയെന്ന്

എസ്‌ഐആര്‍ പൗരന്‍മാരെ ഉപദ്രവിക്കുന്നതാവരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കിയെന്ന്
X

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം പൗരന്‍മാരെ ഉപദ്രവിക്കുന്നതാവരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറായ സുഖ്ബീര്‍ സിംഗ് സന്ധു മുന്നറിയിപ്പ് നല്‍കിയെന്ന് റിപോര്‍ട്ട്. രാജ്യവ്യാപക വോട്ടര്‍ പട്ടിക പരിഷ്‌കരണം നിര്‍ദേശിച്ച് ജൂണ്‍ 24ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറക്കിയ ഉത്തരവിന്റെ കരടിന്റെ ചര്‍ച്ചയിലാണ് സുഖ്ബീര്‍ സിംഗ് സന്ധു ആശങ്ക പ്രകടിപ്പിച്ചിരുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്തു.

യഥാര്‍ത്ഥ വോട്ടര്‍മാര്‍ക്കും 'പൗരന്‍മാര്‍ക്കും' പ്രത്യേകിച്ച് പ്രായമായവര്‍ക്കും അസുഖങ്ങള്‍ ഉള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും എസ്‌ഐആര്‍ ഉപദ്രവമാവരുതെന്നും അവര്‍ക്ക് കൂടുതല്‍ സഹായം നല്‍കണമെന്നുമായിരുന്നു സന്ധുവിന്റെ ആവശ്യം. എല്ലാ വോട്ടര്‍മാരും കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുമെന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഫയലില്‍ ഒപ്പിട്ടു. തുടര്‍ന്ന് അതിവേഗം ഉത്തരവ് ഇറങ്ങി. ഈ ഉത്തരവിന് വാട്ട്‌സാപ്പിലൂടെയാണ് അംഗീകാരം ലഭിച്ചത്.

ജൂണ്‍ 24ന് അന്തിമ ഉത്തരവിറങ്ങിയപ്പോള്‍ കരടില്‍ നിന്നും വ്യത്യസ്തമായി അതില്‍ ഒരു ഭേദഗതിയുണ്ടായിരുന്നു.കരട് ഉത്തരവിലെ 2.5-2.6 ഖണ്ഡികകള്‍ എസ്‌ഐആറിനെ പൗരത്വ നിയമവുമായി നേരില്‍ ബന്ധപ്പെടുത്തിയിരുന്നു. 1955ലെ പൗരത്വ നിയമ പ്രകാരവും ഭരണഘടന പ്രകാരവും പൗരന്‍മായവര്‍ക്ക് മാത്രമേ വോട്ടു ചെയ്യാനാവൂ എന്ന കാര്യം ഉറപ്പാക്കല്‍ കമ്മീഷന്റെ ഉത്തരവാദിത്തമായിരുന്നു എന്നാണ് ഈ ഖണ്ഡികകളിലുണ്ടായിരുന്നത്. 2004ല്‍ പൗരത്വ നിയമത്തില്‍ വലിയ ഭേദഗതികള്‍ വന്നെന്നും അതിന് ശേഷം എസ്‌ഐആര്‍ നടത്തിയിട്ടില്ലെന്നും ഖണ്ഡികയിലുണ്ടായിരുന്നു.

എന്നാല്‍, അന്തിമ ഉത്തരവില്‍ 2004ലെ ഭേദഗതിയെന്ന ഭാഗം എടുത്തുകളഞ്ഞു. വോട്ടവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 362ാം അനുഛേദ പ്രകാരം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കണമെങ്കില്‍ അയാള്‍ ഇന്ത്യന്‍ പൗരനായിരിക്കണമെന്നും അത് ഉറപ്പാക്കാന്‍ കമ്മീഷന് ഉത്തരവാദിത്തമുണ്ടെന്നുമാണ് അന്തിമ ഉത്തരവിലെ എട്ടാം ഖണ്ഡിക പറയുന്നത്. ഈ ഖണ്ഡിക ഒരു കുത്തും കോമയിലും പെട്ടെന്ന് അവസാനിക്കുന്നു. ഈ പ്രത്യേക വരി എന്തു കൊണ്ട് പൂര്‍ത്തിയായില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും വിശദീകരിച്ചിട്ടില്ല.

എന്നാല്‍, സന്ധുവിന്റെ ആശങ്കകള്‍ അന്തിമ ഉത്തരവിലെ 13ാം ഖണ്ഡികയില്‍ പ്രതിഫലിക്കുന്നുണ്ട്. '' ഇത് ഒരു തീവ്ര പരിഷ്‌കരണമാണ്. 2025 ജൂലൈ 25ന് മുമ്പ് എന്യൂമറേഷന്‍ ഫോം സമര്‍പ്പിച്ചില്ലെങ്കില്‍ വോട്ടറുടെ പേര് കരട് പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ല എന്നാല്‍, സിഇഒ, ഡിഇഒ, ഇആര്‍ഒ, ബിഎല്‍ഒ എന്നിവര്‍ യഥാര്‍ത്ഥ വോട്ടര്‍മാര്‍, പ്രായമായവര്‍, രോഗങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍, ദരിദ്രര്‍, പാര്‍ശ്വവല്‍ക്കൃത വിഭാഗങ്ങള്‍ എന്നിവര്‍ ഉപദ്രവിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.'' പക്ഷേ, പൗരന്‍മാര്‍ എന്ന വാക്ക് ഒഴിവാക്കിയാണ് അന്തിമ ഉത്തരവ് ഇറങ്ങിയത്.

Next Story

RELATED STORIES

Share it