Sub Lead

വോട്ട് ചെയ്തില്ലെന്ന്; ദലിത് യുവാക്കള്‍ക്ക് സ്ഥാനാര്‍ഥിയുടെ ക്രൂരമര്‍ദ്ദനം, തുപ്പല്‍ നക്കിച്ചു (വീഡിയോ)

വോട്ട് ചെയ്തില്ലെന്ന്; ദലിത് യുവാക്കള്‍ക്ക് സ്ഥാനാര്‍ഥിയുടെ ക്രൂരമര്‍ദ്ദനം, തുപ്പല്‍ നക്കിച്ചു (വീഡിയോ)
X

പട്‌ന: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ലെന്നാരോപിച്ച് ദലിത് യുവാക്കളെ സ്ഥാനാര്‍ഥി ക്രൂരമായി മര്‍ദ്ദിച്ചു. ബിഹാറിലെ ഔറംഗാബാദിലാണ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ അരിശം ദലിത് യുവാക്കളോട് തീര്‍ത്തത്. ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കിയശേഷം ഒരു ദലിത് യുവാവിനെക്കൊണ്ട് നിലത്ത് തുപ്പിയ തുപ്പല്‍ തീറ്റിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ക്രൂരത കാട്ടിയ സ്ഥാനാര്‍ഥിയായ ബല്‍വന്ത് സിങ്ങിനെ പോലിസ് അറസ്റ്റുചെയ്തു.

തന്റെ തോല്‍വിക്ക് കാരണം ദലിത് സമുദായമാണെന്നാരോപിച്ചാണ് ബല്‍വന്ത് യുവാക്കള്‍ക്കെതിരേ അതിക്രമം കാണിച്ചത്. വോട്ടുചെയ്യാനായി പണം നല്‍കിയെന്നും എന്നിട്ടും വോട്ടുചെയ്തില്ലെന്നും മര്‍ദ്ദനത്തിനിടെ ഇയാള്‍ പറയുന്നുണ്ട്. ഒരു ദലിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം നിലത്ത് തുപ്പി ബലമായി കഴുത്തില്‍പ്പിടിച്ച് തുപ്പല്‍ നക്കിയെടുപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാള്‍ യുവാക്കളെ അസഭ്യം പറയുന്നതും ചെവിക്കും പിടിക്കുന്നതും തുടര്‍ച്ചയായി ഏത്തമിടീക്കുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍, യുവാക്കള്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിലാണ് ശിക്ഷിച്ചതെന്നാണ് ബല്‍വന്ത് വാദിക്കുന്നത്. എന്നാല്‍, യുവാക്കള്‍ക്ക് പണം നല്‍കിയതിനെക്കുറിച്ച് ബല്‍വന്ത് സംസാരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ജില്ലാ പോലിസ് സൂപ്രണ്ട് കാന്തേഷ് കുമാര്‍ മിശ്രയുടെ നിര്‍ദേശപ്രകാരം പോലിസ് ബല്‍വന്തിനെ അടിയന്തരമായി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലിസ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it