- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുലൈമാനെ തല്ലിക്കൊന്നത് ഹിന്ദുക്കളായ സുഹൃത്തുക്കളും ചേര്‍ന്ന്

ഹിന്ദുക്കളും മുസ്‌ലിംകളും സാഹോദര്യത്തോടെ വസിക്കുന്ന ഗ്രാമത്തില്‍ ഗണപതി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് അവനായിരുന്നു. പോലിസിലോ സൈന്യത്തിലോ ചേരണമെന്നായിരുന്നു അവന്റെ ആഗ്രഹം. എന്നാല്‍, ആഗസ്റ്റ് പതിനൊന്നിന് ഒരു ആള്‍ക്കൂട്ടം കഫെയില്‍ കയറി അവനെ വലിച്ച് പുറത്തിട്ട് തല്ലിക്കൊന്നു. നമ്മള്‍ പറഞ്ഞുവരുന്നത് 20കാരനായ സുലൈമാന്‍ പത്താനെ കുറിച്ചാണ്. അവന്‍ ജാന്‍ അഥവാ ജീവനായി കരുതിയിരുന്ന ഹിന്ദു സുഹൃത്തുക്കളും കൊലയാളി സംഘത്തിലുണ്ടായിരുന്നു. പക്ഷേ, അവരാരും അവനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല.
ചിത്രത്തില്‍ മസ്റ്റാര്‍ഡ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന സുലെമാന്‍ പത്താന് ഹിന്ദു സുഹൃത്തുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, സ്വന്തം ഗ്രാമത്തെ വളരെയധികം സ്‌നേഹിച്ചിരുന്നതിനാല്‍ അയാള്‍ മറ്റു പ്രദേശങ്ങലിലേക്ക് ജോലിക്കായി കുടിയേറാന്‍ വിസമ്മതിച്ചു. അവനെ കൊന്നത് ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ചിലരായിരുന്നു. സുലെമാന്റെ വലതുവശത്ത് വരയുള്ള ടീ-ഷര്‍ട്ടില്‍ നില്‍ക്കുന്ന ആള്‍, കൊലയാളി സംഘത്തിന്റെ നേതാവായ അഭിഷേക് രജ്പുത് ആണെന്ന് സുലെമാന്റെ പിതാവ് ഫയല്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു.
വടക്കന്‍ മഹാരാഷ്ട്രയിലെ ജലാഗാവിലെ ബേതാവാദ് ഖര്‍ദ് ഗ്രാമവാസിയായിരുന്നു സല്‍മാന്‍ പത്താന്‍. ഗ്രാമമായിരുന്നു അവന്റെ ലോകം. ഒരിക്കല്‍ സുലൈമാന്റെ പിതാവിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോള്‍ 3,000 പേര്‍ താമസിക്കുന്ന ഗ്രാമം പിരിവിട്ട് പണം സംഘടിപ്പിച്ചു. 600ഓളം ഹിന്ദു കുടുംബങ്ങളുള്ള ഗ്രാമത്തില്‍ ആകെ നാലു മുസ്‌ലിം കുടുംബങ്ങളേയുള്ളൂ. അതിനാല്‍ തന്നെ സുലൈമാന്റെ സുഹൃത്തുക്കളെല്ലാം ഹിന്ദുക്കളായിരുന്നു.
2024ല്‍ സുലൈമാന്‍ പ്രാദേശിക ഗണേശ മണ്ഡലത്തിന്റെ ഭാരവാഹിയായി വാര്‍ഷിക ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി: ഫണ്ട് ശേഖരണം, വിഗ്രഹം തിരഞ്ഞെടുക്കല്‍ തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചു. ഗ്രാമത്തില്‍ തന്നെ തുടരാന്‍ ആഗ്രഹിച്ച സുലൈമാന്‍ പുറത്തുള്ള ജോലി വാഗ്ദാനങ്ങള്‍ നിരസിച്ചു. സ്വന്തം അളിയന്റെ മൊബൈല്‍ ഷോപ്പിലെ ജോലിയും നിരസിച്ചു.
പക്ഷേ, ആഗസ്റ്റ് 11ന് സുലൈമാനെ ബാല്യകാല സുഹൃത്തുക്കള്‍ അടങ്ങിയ സംഘം തന്നെ തല്ലിക്കൊന്നു. അന്നേ ദിവസമാണ് പോലിസില്‍ ചേരാനുള്ള അപേക്ഷകള്‍ തയ്യാറാക്കാനും 17 വയസ്സുള്ള ഒരു ഹിന്ദു പെണ്‍കുട്ടിയെ കാണാനും 20 കിലോമീറ്റര്‍ അകലെയുള്ള ജാംനര്‍ പട്ടണത്തിലെ കഫേയിലേക്ക് സുലൈമാന്‍ പോയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. രാവിലെ പതിനൊന്നു മണിയോടെ അക്രമി സംഘം കഫേയിലെത്തി സുലൈമാനെ വലിച്ചു പുറത്തിട്ട് ഇരുമ്പുവടികള്‍ കൊണ്ടും മരക്കമ്പുകള്‍ കൊണ്ടും മര്‍ദ്ദിച്ചു.
സുലൈമാനെ ഒരു വാനില്‍ കെട്ടിയിട്ട് പല സ്ഥലത്തും പ്രദര്‍ശിപ്പിച്ച ശേഷം മര്‍ദ്ദനം തുടര്‍ന്നു. 20 കിലോമീറ്റര്‍ അകലെയുള്ള ബേതാവാദ് ഖര്‍ദ് ഗ്രാമത്തിലേക്കാണ് അവര്‍ സുലൈമാനെ കൊണ്ടുപോയതെന്ന് സിസിടിവി ദൃശ്യങ്ങള്‍ കാണിക്കുന്നു. ഉച്ചയോടെ അക്രമികള്‍ സുലൈമാനെ വീടിന് 100 മീറ്റര്‍ അകലെയുള്ള ബസ്റ്റാന്‍ഡില്‍ കൊണ്ടിട്ടു. ഒരു ഹിന്ദു ഗ്രാമീണന്‍ വിളിച്ചതിനെ തുടര്‍ന്ന് സുലൈമാന്റെ പിതാവ് റഹീം ബസ്റ്റാന്‍ഡില്‍ എത്തി. ഏതാണ്ട് നഗ്നനായ സുലൈമാന്‍ വേദന കൊണ്ടു പുളയുന്നതാണ് റഹീം കണ്ടത്.

മുസല്‍മാന്‍ ഹേ, മാര്‍ ദാലോ ഇസ്‌കോ - അവന്‍ ഒരു മുസ്‌ലിമാണ്, അവനെ കൊല്ലൂ എന്നാണ് അക്രമിസംഘം ആക്രോശിച്ചുകൊണ്ടിരുന്നതെന്ന് റഹീം പറയുന്നു. അക്രമികള്‍ സുലൈമാന്റെ നഖങ്ങള്‍ പറിച്ചെടുത്തു. ചെവികളില്‍നിന്നും രക്തം വന്ന സുലൈമാന്‍ വേദന കൊണ്ടു പിടയുകയായിരുന്നുവെന്ന് റഹീം പറഞ്ഞു.
സുലൈമാനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച റഹീമിനും ഭാര്യക്കും വല്ലുപ്പായ്ക്കും മര്‍ദ്ദനമേറ്റു. കുടുംബത്തിലെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുമെന്ന് ആള്‍ക്കൂട്ടം ഭീഷണിപ്പെടുത്തി. ചില നാട്ടുകാര്‍ ഒന്നും ചെയ്യാതെ നോക്കി നിന്നു. മിനിറ്റുകള്‍ക്ക് ശേഷം, സുലൈമാന്‍ കുഴഞ്ഞുവീണു. വെള്ളം ചോദിച്ചു, കുടിച്ചു, ബന്ധുക്കളുടെ കൈകളില്‍ കിടന്ന് മരിച്ചു.
''സുലൈമാന്‍ കോ ബഹുത് തദ്പ തദ്പ കെ മാര (അവര്‍ അവനെ പീഡിപ്പിച്ചു കൊന്നു),''-സുലൈമാന്റെ സഹോദരീ ഭര്‍ത്താവ് മെഹബൂബ് ഖാന്‍ പറഞ്ഞു. റഹീമിന്റെ പരാതിയില്‍ അഭിഷേക് രജ്പുത്, രഞ്ജിത് മതാഡെ, ആദിത്യ ദേവ്രെ, സോജ്വാള്‍ തേലി, കൃഷ്ണ തേലി അടക്കം 12 പേരെ കുറിച്ച് പരാമര്‍ശമുണ്ട്. എഫ്‌ഐആറില്‍ കൊലപാതകം, കലാപം, തട്ടിക്കൊണ്ടുപോകല്‍, ആക്രമണം എന്നീ വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.
പോലിസ് ഉടന്‍ എഫ്ഐആര്‍ ഫയല്‍ ചെയ്‌തെങ്കിലും, സുലെമാനെ മര്‍ദ്ദിക്കുന്നത് കണ്ട കുടുംബത്തിലെ അംഗങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ചുവെന്ന് മെഹബൂബ് ഖാന്‍ പറയുന്നു. സുലെെമാന്റെ ഉമ്മയും സഹോദരിയും അന്ന് കണ്ട ഒരാളുടെ പേര് പറഞ്ഞപ്പോള്‍, അയാള്‍ക്ക് പങ്കുണ്ടെന്നതിന്റെ തെളിവ് കൊണ്ടുവരണമെന്നാണ് പോലിസ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയുടെ വര്‍ഗീയ വഴിത്തിരിവിന്റെ ഏറ്റവും പുതിയ തെളിവാണ് സുലൈമാന്റെ കൊലപാതകമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 2023ല്‍, ജല്‍ഗാവിലെ എറണ്ടോളിലുള്ള ഒരു പള്ളിക്കെതിരേ ഹിന്ദുത്വ സംഘടനകള്‍ സമരം നടത്തി. പള്ളി മുമ്പ് ഹിന്ദുക്ഷേത്രമയിരുന്നു എന്ന് ആരോപിച്ചായിരുന്നു സമരം. ഹിന്ദുത്വരുടെ വാദങ്ങള്‍ അംഗീകരിച്ച കലക്ടര്‍ അവിടെ മുസ്‌ലിംകള്‍ പ്രാര്‍ഥിക്കുന്നത് വിലക്കി.
വര്‍ഗീയ പ്രചാരണങ്ങളെ ചെറുക്കുന്നതിനും ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ഐക്യം നിലനിര്‍ത്തുന്നതിനുമായി നിരവധി ഗ്രൂപ്പുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആള്‍ക്കൂട്ട കൊലപാതകം വര്‍ഷങ്ങളുടെ പരിശ്രമത്തെ ഇല്ലാതാക്കി. ജില്ലയിലുടനീളമുള്ള മുസ്‌ലിംകള്‍ ഇപ്പോള്‍ ചകിതരാണ്.
ഒരുകാലത്ത് ലോകോത്തര മൂല്യങ്ങള്‍ക്ക് പേരുകേട്ട മഹാരാഷ്ട്ര, ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വര്‍ഗീയ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ്. 2024ല്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയ 1,165 വിദ്വേഷ പ്രസംഗ സംഭവങ്ങളില്‍ 210 എണ്ണവും സംസ്ഥാനത്താണ്. ഉത്തര്‍പ്രദേശിന് തൊട്ടുപിന്നിലാണ് ഇക്കാര്യത്തില്‍ മഹാരാഷ്ട്രയുടെ സ്ഥാനം. 2022ല്‍ കലാപ കേസുകളിലും മഹാരാഷ്ട്ര മുന്നിലെത്തി. എന്‍സിആര്‍ബി ഡാറ്റ പ്രകാരം 8,218 കേസുകളാണ് മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്തത്.
വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തിയതിന് 178 കേസുകളാണ് 2022ല്‍ മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്തത്. ഉത്തര്‍പ്രദേശ് (217), രാജസ്ഥാന്‍ (191) എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍.
വിദ്വേഷ പ്രസംഗങ്ങള്‍ നടത്താന്‍ ഒരു വിഭാഗത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കുന്നു എന്നതാണ് അവ വർധിക്കാന്‍ കാരണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. നിരവധി തവണ വര്‍ഗീയ പ്രസംഗങ്ങളും വിദ്വേഷ പ്രസംഗങ്ങളും നടത്തിയിട്ടും ബിജെപി എംഎല്‍എ നിതീഷ് റാണെ ഇപ്പോഴും രാഷ്ട്രീയത്തില്‍ സജീവമാണ്. മുസ്‌ലിംകളെ പാകിസ്താനി പിമ്പുകള്‍, പച്ചപ്പന്നികള്‍, പച്ചപ്പാമ്പുകള്‍ എന്നൊക്കെ റാണെ വിളിച്ചു. മുസ്‌ലിംകളെ നഗ്നരാക്കുമെന്നും അടിക്കുമെന്നും അയാള്‍ പ്രഖ്യാപിച്ചു. മുസ്‌ലിംകളെ ബഹിഷ്‌കരിക്കാനും പള്ളികള്‍ തകര്‍ക്കാനും റാണെ ഹിന്ദുക്കളോട് ആഹ്വാനം ചെയ്തു. കോടതി ഉത്തരവുകള്‍ പ്രകാരം അയാള്‍ക്കെതിരേ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, 2024 ഡിസംബര്‍ 15ന് റാണെ മന്ത്രിയായി. സുലൈമാനെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ റാണെയുടെ വാക്കുകള്‍ പ്രതിഫലിക്കുന്നുണ്ട്.
ഹിന്ദു പെണ്‍കുട്ടിയുമായുള്ള സുലൈമാന്റെ സൗഹൃദമാണ് ആള്‍ക്കൂട്ടത്തെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് റിപോര്‍ട്ടുകള്‍ ആരോപിക്കുന്നു. മുസ്‌ലിം യുവാവും ഹിന്ദു പെണ്‍കുട്ടിയും തമ്മിലുള്ള സൗഹൃദങ്ങളെ ഹിന്ദുത്വര്‍ ലവ് ജിഹാദ് എന്നാണ് വിളിക്കുന്നത്. മുസ്‌ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ആവര്‍ ആരോപിക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സുഹൃത്തുക്കളാകുന്നത് കുറ്റകരമാണോയെന്ന് സുലെമാന്റെ അളിയന്‍ മെഹബൂബ് ഖാന്‍ ചോദിക്കുന്നു.
'ലവ് ജിഹാദ്' ഹിന്ദു സ്ത്രീകളുടെ ജീവിതം 'നശിപ്പിക്കുകയാണെന്ന് മന്ത്രി നിതീഷ് റാണെ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, ലവ് ജിഹാദ് എന്ന പദം നിയമപ്രകാരം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും അത്തരം കേസുകള്‍ ഒരു കേന്ദ്ര ഏജന്‍സിയും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും 2020 നവംബറില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തന്നെ പറഞ്ഞതാണ്.
പന്ത്രണ്ടാം ക്ലാസില്‍ 74 ശതമാനം മാര്‍ക്ക് നേടിയ സുലൈമാന്‍, സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതു വരെ കുടുംബത്തിന്റെ മൂന്നര ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യാന്‍ സഹായിക്കുകയായിരുന്നു. ഒരു കുഞ്ഞുഗ്രാമത്തില്‍നിന്ന് ഉന്നത പദവികളില്‍ എത്തി പിതാവിനെ അഭിമാനിയാക്കാന്‍ അവന്‍ ആഗ്രഹിച്ചിരുന്നു.
സുലൈമാന്റെ ജീവിതവും കൊലപാതകവും തമ്മില്‍ പൊരുത്തപ്പെടാനാവാത്ത വൈരുധ്യങ്ങളുണ്ടെന്ന് കുടുംബം പറയുന്നു. പത്താന്‍ എല്ലാവരെയും ഒരു പോലെ കാണുന്ന കുട്ടിയായിരുന്നുവെന്ന് അവന്റെ 21 വയസുള്ള ഒരു ഹിന്ദു സുഹൃത്ത് പറഞ്ഞു. നിയമനടപടികളില്‍ പങ്കെടുക്കാന്‍ ഈ സുഹൃത്തിന് താല്‍പ്പര്യമില്ല. എല്ലാവരോടും സൗഹാര്‍ദപരമായി പെരുമാറിയിരുന്നതിനാലാണ് ഗ്രാമത്തിലെ ഗണപതി മണ്ഡലിന്റെ നേതൃസ്ഥാനത്തേക്ക് അവന്‍ എത്തിയതും. താന്‍ ബുല്‍ധാനയിലെ മുസ്‌ലിം ഭൂരിപക്ഷ ഗ്രാമത്തിലാണ് താമസിക്കുന്നതെന്നും ഇവിടെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ എല്ലാവരെയും അങ്ങോട്ട് കൊണ്ടുപോവുമായിരുന്നുവെന്നും മെഹബൂബ് ഖാന്‍ പറഞ്ഞു. സുലൈമാന്റെ ഗ്രാമത്തില്‍ ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങള്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
സുലൈമാന്റെ സുഹൃത്തുക്കളുടെ വഞ്ചനയാണ് ഇപ്പോള്‍ കുടുംബത്തെ ഏറ്റവുമധികം വേട്ടയാടുന്നത്. അവന്റെ മൂന്നു സുഹൃത്തുക്കളെങ്കിലും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തിരുന്നു. സുഹൃത്തുക്കളില്‍ ചിലര്‍ സുലൈമാനെ നിരീക്ഷിച്ച് യാത്രാ വിവരങ്ങള്‍ അക്രമി സംഘത്തിന് കൈമാറിയിരുന്നു എന്നും കുടുംബം സംശയിക്കുന്നു. ''സ്വന്തം ജീവനെ പോലെ കണ്ടവര്‍ അവനെ കൊല്ലാന്‍ മടിച്ചില്ല.''-മെഹബൂബ് ഖാന്‍ വിലപിച്ചു.
കടപ്പാട്: ആര്‍ട്ടിക്കിള്‍ 14
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT













