Sub Lead

കുറ്റവാളികളെ വിട്ടുനല്‍കുന്ന നിയമം; ഹോങ്കോങ്ങില്‍ ചൈനാവിരുദ്ധം പ്രക്ഷോഭം ശക്തമാവുന്നു

ഹോങ്കോങ് ലെജിസ്‌ലേറ്റീവ് കൗണ്‍സിലിന് മുന്നില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലിസ് റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവയ്ക്കുകയും കണ്ണീര്‍ വാതകപ്രയോഗം നടത്തുകയും ചെയ്തു.

കുറ്റവാളികളെ വിട്ടുനല്‍കുന്ന നിയമം; ഹോങ്കോങ്ങില്‍ ചൈനാവിരുദ്ധം പ്രക്ഷോഭം ശക്തമാവുന്നു
X

ഹോങ്കോങ്: ഹോങ്കോങ് പൗരന്‍മാരെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിര്‍ദിഷ്ട കുറ്റവാളി കൈമാറ്റ നിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധം ശക്തമായി. ഹോങ്കോങ് ലെജിസ്‌ലേറ്റീവ് കൗണ്‍സിലിന് മുന്നില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലിസ് റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവയ്ക്കുകയും കണ്ണീര്‍ വാതകപ്രയോഗം നടത്തുകയും ചെയ്തു. ബുധനാഴ്ച്ച ബില്ല് രണ്ടാം ഘട്ട ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെയാണ് പ്രതിഷേധക്കാര്‍ ഇന്നലെ മുതല്‍ കൗണ്‍സില്‍ മന്ദിരം ഉപരോധിക്കാന്‍ തുടങ്ങിയത്.

ലെജിസ്‌ലേറ്റീവ് കൗണ്‍സിലിന് മുന്നില്‍ പത്ത് ലക്ഷത്തോളം പ്രക്ഷോഭകരാണ് അണിനിരന്നത്. ബില്ലിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചവര്‍ കൗണ്‍സിലിന് നേരെ പ്ലാസ്റ്റിക് കുപ്പികള്‍ എറിയുകയും സുരക്ഷാ സേനയക്കെതിരേ തിരിയുകയും ചെയ്തതാണ് പൊലിസിനെ പ്രകോപിപ്പിച്ചത്. പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും യുവാക്കളാണ്. കറുത്ത വസ്ത്രം ധരിച്ചാണ് ജനങ്ങള്‍ പ്രതിഷേധപ്രകടനം നടത്തിയത്.

2014ലെ ജനാധിപത്യാവകാശ സമരത്തിന് ശേഷമുള്ള ഏറ്റവും വലിയ തെരുവ് പ്രതിഷേധത്തിനാണ് ഹോങ്കോങ് ബുധനാഴ്ച സാക്ഷിയായത്. പ്രബലരായ ബിസിനസ് സമൂഹവും നിയമഭേദഗതിക്കെതിരാണ്. എന്നാല്‍, ചൈന അനുകൂലികള്‍ക്കു ഭൂരിപക്ഷമുള്ള 70 അംഗ കൗണ്‍സില്‍ നിയമം അംഗീകരിക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച നിയമഭേദഗതി ഏപ്രിലിലാണ് ചൈന അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള കൗണ്‍സിലില്‍ അവതരിപ്പിച്ചത്.

ചൈനയെ വിമര്‍ശിക്കുന്നവരെ കുടുക്കാന്‍ നിയമം ദുരുപയോഗം ചെയ്യുമെന്നാണ് പ്രതിഷേധക്കാരുടെ ആശങ്ക. യൂറോപ്യന്‍ യൂണിയനും നിയമഭേദഗതിക്കെതിരെ രംഗത്തെത്തി. എന്നാല്‍ പ്രശ്‌നം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് ചൈനയുടെ നിലപാട്. 1997 ലാണ് ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ ചൈനയുടെ കീഴിലായത്.

Next Story

RELATED STORIES

Share it