Sub Lead

പോളിയോ വ്യാപനം: ന്യൂയോര്‍ക്ക് സംസ്ഥാനത്ത് അടിയന്തരാവസ്ഥ

പോളിയോ വ്യാപനം: ന്യൂയോര്‍ക്ക് സംസ്ഥാനത്ത് അടിയന്തരാവസ്ഥ
X

ന്യൂയോര്‍ക്ക്: സംസ്ഥാനത്തുടനീളം പോളിയോ വൈറസ് ബാധ പടരുന്നതിന്റെ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്കില്‍ ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് നഗരത്തിലെ അഴുക്കുചാലില്‍ അടക്കം പോളിയോ വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. ന്യൂയോര്‍ക്ക് നഗരത്തിലെയും അടുത്തുള്ള നാല് കൗണ്ടികളിലെയും അഴുക്കുചാലിലെ മലിനജലത്തില്‍ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ജൂലൈ അവസാനം പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്കും പോളിയോ രോഗം സ്ഥിരീകരിച്ചിരുന്നു.

ഏതാണ്ട് 10 വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു രാജ്യത്ത് വീണ്ടും പോളിയോ രോഗം സ്ഥിരീകരിച്ചത്. മറ്റ് കേസുകളൊന്നും സംസ്ഥാനത്ത് തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍, വൈറസ് പടരുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ മലിനജലം നിരീക്ഷിക്കുന്നുണ്ട്. അടിയന്തര സേവന തൊഴിലാളികള്‍, മിഡ്‌വൈഫുമാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവര്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പോളിസാഹചര്യത്തിലാണ് ഗവര്‍ണറുടെ പ്രഖ്യാപനം വന്നത്. ന്യൂയോര്‍ക്ക് നഗരത്തിലെ മിക്ക വിദ്യാര്‍ഥികള്‍ക്കും പോളിയോ അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ഒരുകാലത്ത് യുഎസ് ഉള്‍പ്പെടെ ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളെയും വലച്ചിരുന്ന രോഗമായിരുന്നു പോളിയോ. 1952ല്‍ യുഎസില്‍ ഏതാണ്ട് 58,000 പേരെ ഇത് ബാധിച്ചിരുന്നു. 21,000ല്‍ അ ധികം ആളുകള്‍ കിടപ്പിലാവുകയും മൂവായിരത്തില്‍ അധികം ആളുകള്‍ യുഎസില്‍ മാത്രം പോളിയോ മൂലം മരിക്കുകയും ചെയ്തിരുന്നു. പിന്നീട്, വാക്‌സിനുകള്‍ വന്നതോടെ രോഗത്തെ നിയന്ത്രിച്ചുകൊണ്ടുവരികയായിരുന്നു.

യുഎസില്‍ രണ്ടുവയസിനു താഴെ പ്രായമുള്ള കുട്ടികളില്‍ 93 ശതമാനം പേരും പോളിയോ വാക്‌സിന്‍ സ്വീകരിച്ചവരാണ്. പോളിയോ പ്രധാനമായും ശിശുക്കളെയും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയുമാണ് ബാധിക്കുന്നത്. എന്നാല്‍, വാക്‌സിനേഷനെടുക്കാത്ത ആര്‍ക്കും ഇത് ബാധിക്കാം. പോളിയോ ഒരു പകര്‍ച്ചവ്യാധിയാണ്, ഇത് വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നു. പോളിയോയ്ക്ക് ചികില്‍സയില്ല, പക്ഷേ വ്യാപകമായ വാക്‌സിനേഷന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it