Sub Lead

നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ്യത വീണ്ടെടുക്കാന്‍ ഹിജാബ് വിധി തിരുത്താന്‍ തയ്യാറാവണം: മത- രാഷ്ട്രീയ സംഘടനാ നേതാക്കള്‍

നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ്യത വീണ്ടെടുക്കാന്‍ ഹിജാബ് വിധി തിരുത്താന്‍ തയ്യാറാവണം: മത- രാഷ്ട്രീയ സംഘടനാ നേതാക്കള്‍
X

തിരുവനന്തപുരം: ഹിജാബ് നിരോധിച്ചുള്ള കര്‍ണാടക ഹൈക്കോടതി വിധി ഭരണഘടന ഉറപ്പുനല്‍കുന്ന ബഹുസ്വരതയുടേയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് മത- രാഷ്ട്രീയ സംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ പൗരന്‍മാര്‍ക്ക് ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ മേലുള്ള കോടതികളുടെ ഇത്തരം കടന്നുകയറ്റങ്ങള്‍ ആശങ്കാജനകമാണ്. അധികാരം ഉപയോഗിച്ച് രാജ്യം മുഴുക്കെ ഹിന്ദുത്വ ഫാഷിസം ന്യൂനപക്ഷങ്ങളെ അരികുവല്‍ക്കരിക്കാനും രണ്ടാംകിട പൗരന്‍മാരാക്കാനും ആസൂത്രിത നീക്കം നടത്തുകയാണ്.

ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളില്‍ പോലും കൈകടത്തി അവരുടെ ചിഹ്‌നങ്ങളെയും സംസ്‌കാരത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ അതിനെ സാധൂകരിക്കുന്ന വിധി പ്രസ്താവമാണ് കോടതികളില്‍ നിന്നുണ്ടാവുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായതിനാലും ആര്‍ട്ടിക്കിള്‍ 25 ന്റെ നേരിട്ടുള്ള ലംഘനമായതിനാലും നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത വീണ്ടെടുക്കാന്‍ മേല്‍ക്കോടതികള്‍ ഈ വിധി തിരുത്താന്‍ തയ്യാറാവണം. ഒപ്പം ഭരണഘടനയും വ്യക്തി സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇഷ്ടമുള്ള മതവിശ്വാസം തിരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും സ്വാതന്ത്ര്യം നല്‍കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന ഭരണഘടനയുടെ മൗലിക തത്വങ്ങളെ നിഷേധിക്കുകയാണ് കര്‍ണാടക ഹൈക്കോടതി ചെയ്തിട്ടുള്ളത്. ഭരണഘടനയിലും നീതി നിര്‍വഹണ സംവിധാനങ്ങളിലും ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ തകര്‍ക്കാന്‍ ഈ വിധി കാരണമാവും. ഈ അന്യായ വിധിയിലൂടെ ഹിജാബ് ധരിച്ച് പഠനം നടത്തുന്ന കര്‍ണാടകയിലെ വിദ്യാര്‍ഥിനികളുടെ തുടര്‍പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്.

ഇസ്‌ലാമിക വിശ്വാസപ്രകാരം ഭൂരിപക്ഷം വിശ്വാസികളും അനുഷ്ഠിക്കുന്ന ആചാരത്തിനെതിരേ മതഗ്രന്ഥങ്ങളെ ദുര്‍വ്യാഖ്യാനിച്ച് കോടതി പുതിയ മാതൃക സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല. ഹിജാബ് തങ്ങളുടെ വിശ്വാസത്തിന്റെയും സ്വത്വത്തിന്റെയും അവിഭാജ്യഘടകമായി കാണുന്ന രാജ്യത്തെ മുസ്‌ലിം സ്ത്രീകളുടെ വിശ്വാസത്തോടുള്ള കോടതിയുടെ നിസ്സംഗത ഞെട്ടിപ്പിക്കുന്നതാണ്. ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിച്ചതിന്റെ പേരില്‍ സ്ത്രീകളെ ആക്രമിക്കപ്പെടുന്നത് തുടരാന്‍ ഈ വിധി ഒരു കാരണമായി വലതുപക്ഷ ഗ്രൂപ്പുകള്‍ ഉപയോഗിക്കുമെന്നതില്‍ ആശങ്കയുമുണ്ട്. അന്യായമായ വിധിക്കെതിരേ നിയമപരവും ജനാധിപത്യപരവുമായ സാധ്യതകള്‍ തേടുന്നതിന് ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍

1. തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി (ജന. സെക്രട്ടറി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ)

2. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി (സംസ്ഥാന പ്രസിഡന്റ്, ജമാഅത്ത് ഫെഡറേഷന്‍)

3. അഡ്വ. കെ പി മുഹമ്മദ് (ജന. സെക്രട്ടറി, ജമാഅത്ത് ഫെഡറേഷന്‍)

4. മൂവാറ്റുപുഴ അഷ്‌റഫ് മൗലവി (സംസ്ഥാന പ്രസിഡന്റ്, എസ്ഡിപിഐ)

5. അബ്ദുശുക്കൂര്‍ മൗലവി (സംസ്ഥാന വൈസ് പ്രസിഡന്റ്, ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ്)

6. എ അബ്ദുല്‍ സത്താര്‍ (സംസ്ഥാന ജന. സെക്രട്ടറി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ)

7. പ്രഫ. ഇ അബ്ദുല്‍ റഷീദ് (സംസ്ഥാന പ്രസിഡന്റ്, മെക്ക)

8. വി എം ഫത്ഹുദ്ദീന്‍ റഷാദി. (സംസ്ഥാന പ്രസിഡന്റ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍)

9. എച്ച് ശഹീര്‍ മൗലവി (സംസ്ഥാന ശൂറ അംഗം, ജമാഅത്തെ ഇസ്‌ലാമി)

10. കെ എ ഷഫീഖ് (സംസ്ഥാന ജന. സെക്രട്ടറി, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ)

11. ബീമാപള്ളി റഷീദ് (സംസ്ഥാന സെക്രട്ടറി, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്)

12. ഡോ. വി പി സുഹൈബ് മൗലവി (പാളയം ഇമാം)

13. പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി (പ്രസിഡന്റ്, മുസ്‌ലിം സംയുക്ത വേദി)

14. ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി (സംസ്ഥാന പ്രസിഡന്റ്, കെ എം വൈ എഫ്)

15. സഈദ് മൗലവി വിഴിഞ്ഞം (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം)

16. കാഞ്ഞാര്‍ അബ്ദുറസാഖ് മൗലവി (ചെയര്‍മാന്‍, മുസ്‌ലിം ഏകോപന സമിതി, എറണാകുളം)

17. പാനിപ്ര ഇബ്രാഹിം മൗലവി (പ്രസിഡന്റ്, കേരള ഖത്തീബ് ആന്റ് ഖാസി ഫോറം)

18. അഹമ്മദ് കബീര്‍ ബാഖവി (ചെയര്‍മാന്‍, ഇംദാദ് ഫൗണ്ടേഷന്‍)

19. കായിക്കര ബാബു (ചെയര്‍മാന്‍, മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി, തിരുവനന്തപുരം)

20. അഡ്വ. താജുദ്ദീന്‍ (കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍)

21. ആസാദ് റഹിം (മുസ്‌ലിം ഐക്യവേദി, കൊല്ലം)

Next Story

RELATED STORIES

Share it