Sub Lead

ഇസ്രായേല്‍ വിട്ടയക്കുന്ന പ്രമുഖ ഫലസ്തീനി നേതാക്കളുടെ പട്ടിക പുറത്തുവിട്ട് ഹീബ്രു മാധ്യമങ്ങള്‍

ഇസ്രായേല്‍ വിട്ടയക്കുന്ന പ്രമുഖ ഫലസ്തീനി നേതാക്കളുടെ പട്ടിക പുറത്തുവിട്ട് ഹീബ്രു മാധ്യമങ്ങള്‍
X

യഫ(തെല്‍അവീവ്): ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായേലി സര്‍ക്കാര്‍ വിട്ടയക്കുന്നവരില്‍ പ്രമുഖ ഫലസ്തീനി നേതാക്കളും. ഇയാദ് അബു അല്‍ റബ്, ഇബ്രാഹിം അലിഖാം, ബഹിജ് ബദര്‍, ജിഹാദ് റും, ഹുസൈന്‍ റ്വാദ്ര, നാസര്‍, മഹ്മൂദ്, നബീല്‍ അബു ഖാദിര്‍, റാദ് ശെയ്ഖ് എന്നിവര്‍ വിട്ടയക്കുന്നവരുടെ പട്ടികയിലുണ്ടെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അബു അല്‍ റബ്: വെസ്റ്റ്ബാങ്കിലെ ജെനിന്‍ പ്രദേശത്തെ ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ മുതിര്‍ന്ന കമാന്‍ഡറായിരുന്നു ഇയാദ് അബു അല്‍ റബ്. അധിനിവേശ സൈന്യത്തിനെതിരെ നിരവധി ബോംബാക്രമണങ്ങളും രക്തസാക്ഷ്യ ഓപ്പറേഷനുകളും നടത്തുന്നതിന് നേതൃത്വം നല്‍കി. 2003ല്‍ ദെ ത്രുമോത്തില്‍ നടന്ന ആക്രമണം, 2004ല്‍ തെല്‍അവീവിലെ നൈറ്റ് ക്ലബ്ബില്‍ നടത്തിയ ബോംബാക്രമണം, 2005ല്‍ ഹദേര ചന്തയില്‍ നടത്തിയ ആക്രമണം എന്നിവയില്‍ ഇയാദിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.

ഇബ്രാഹിം അലിഖാം: 1996ല്‍ റാമല്ലക്ക് സമീപം എത്തിയ ഇസ്രായേലി അധിനിവേശ സൈന്യത്തിനെതിരെ പതിയിരുന്നാക്രമണം നടത്തിയെന്നതാണ് പ്രധാന ആരോപണം. ഈ സംഭവത്തില്‍ രണ്ടു ജൂതകുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു. ആദ്യം ജീവപര്യന്തത്തിന് തടങ്കലിലാക്കി. പുറത്തിറങ്ങിയപ്പോള്‍ വീണ്ടും പിടികൂടി പൂട്ടിയിട്ടു.

ബഹിജ് ബദര്‍: ബെയ്ത്ത് ലിഖ്യയിലെ ഹമാസ് സെല്‍ ലീഡര്‍. ജെറുസലേമിലെ കഫേ ഹില്ലേലില്‍ നടന്ന ആക്രമണം, സിര്‍ഫിനില്‍ ബസ്റ്റോപ്പില്‍ നടത്തിയ ആക്രമണം, തെല്‍അവീവില്‍ നടത്തിയ ആക്രമണം എന്നിവയാണ് ആരോപണങ്ങള്‍. 18 ജൂതകുടിയേറ്റക്കാരെ കൊന്നതിന് 18 ജീവപര്യന്തത്തിനാണ് തടങ്കലില്‍ ആക്കിയത്.

ജിഹാദ് റും: ഇസ്രായേലി സൈന്യത്തില്‍ ചേരാന്‍ പോയ ജൂതകുടിയേറ്റക്കാരനെ പിടികൂടി കൊലപ്പെടുത്തിയെന്നാണ് ആരോപണം. ജെറുസലേമില്‍ നിന്ന് പിടികൂടിയ ജൂതകുടിയേറ്റക്കാരനെ റാമല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തി എന്നാണ് ആരോപിക്കപ്പെടുന്നത്. 20 വര്‍ഷം പൂട്ടിയിടാനാണ് അധിനിവേശ കോടതി വിധിച്ചത്.

ഹുസൈന്‍ റ്വാദ്ര: അഫുലയില്‍ ഇസ്രായേലി സൈനികനെ കുത്തിക്കൊന്നുവെന്നാണ് ആരോപണം

നാസറും മഹ്മൂദും: ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ബെത്തിന്റെ ചാരനായ ഹെയിം നഹ്മാനിയെ കൊലപ്പെടുത്തിയെന്ന് ആരോപണം. 1993 മുതല്‍ ബന്ദിയാണ്.

നബീല്‍ അബു ഖാദിര്‍: ഷിന്‍ബെത്തുമായി സഹകരിച്ച സ്വന്തം സഹോദരിയെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. ഇസ്രായേലി സൈന്യം 17 വര്‍ഷം തിരഞ്ഞെങ്കിലും പിടികൂടാനായില്ല. ബത്‌ലഹേം സര്‍വകലാശാലയില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു നബീല്‍. 17 വര്‍ഷത്തിന് ശേഷമാണ് അധിനിവേശ സേന പിടികൂടി ബന്ദിയാക്കിയത്.

റാദ് ശെയ്ഖ്: ഫലസ്തീനി അതോറിറ്റിയിലെ പോലിസ് ഉദ്യോഗസ്ഥന്‍. 2000ത്തില്‍ ഇസ്രായേലി സൈനിക ഉദ്യോഗസ്ഥനെ ഇരുമ്പുവടി കൊണ്ട് തല്ലിക്കൊന്നുവെന്നാണ് ആരോപണം. രണ്ട് ജീവപര്യന്തത്തിനാണ് പൂട്ടിയിട്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it