Sub Lead

''ഗസയിലെ തടവുകാരെ വിട്ടയക്കാം, മറ്റുകാര്യങ്ങള്‍ ദേശീയതാല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍'' : ഹമാസ്; ഇസ്രായേല്‍ വ്യോമാക്രമണം നിര്‍ത്തണമെന്ന് ട്രംപ്

ഗസയിലെ തടവുകാരെ വിട്ടയക്കാം, മറ്റുകാര്യങ്ങള്‍ ദേശീയതാല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ : ഹമാസ്; ഇസ്രായേല്‍ വ്യോമാക്രമണം നിര്‍ത്തണമെന്ന് ട്രംപ്
X

ദോഹ: ഗസയിലെ യുദ്ധവും അധിനിവേശവും അവസാനിപ്പിക്കാനും തടവുകാരെ കൈമാറാനും സഹായം ഉടന്‍ എത്തിക്കാനും കുടിയിറക്കം തടയാനുമുള്ള അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളുടെയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് ഹമാസ്. ട്രംപ് മുന്നോട്ടുവച്ച പദ്ധതിയിലെ തടവുകാരുടെ കൈമാറ്റമെന്ന വ്യവസ്ഥ പ്രകാരം ഗസ മുനമ്പില്‍ തടവിലുള്ള എല്ലാ അധിനിവേശത്തടവുകാരെയും (ജീവനുള്ളതും മരിച്ചതും) വിട്ടയക്കാമെന്ന് ഹമാസിന്റെ പ്രസ്താവന പറയുന്നു. അവരെ വിട്ടയക്കാന്‍ ഫീല്‍ഡില്‍ ഉചിതമായ സാഹചര്യങ്ങള്‍ ഉണ്ടാവണം. ഇതിന്റെ വിശദാംശങ്ങള്‍ മധ്യസ്ഥര്‍ വഴി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്.

ഗസയുടെ ഭരണം ഫലസ്തീനി ദേശീയ സമവായത്തിന്റെ അടിസ്ഥാനത്തില്‍, അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെ പിന്തുണയുള്ള സ്വതന്ത്രമായ ഫലസ്തീനി വിദഗ്ദര്‍ക്ക് കൈമാറാന്‍ തയ്യാറാണ്.

എന്നാല്‍, ഗസ മുനമ്പിന്റെ ഭാവിയെയും ഫലസ്തീന്‍ ജനതയുടെ അനിഷേധ്യമായ അവകാശങ്ങളെയും കുറിച്ചുള്ള, ട്രംപിന്റെ, നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റ് വിഷയങ്ങള്‍ കൂട്ടായ ദേശീയ നിലപാടുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഹമാസിന്റെ പ്രസ്താവന പറയുന്നു. അത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കും പ്രമേയങ്ങള്‍ക്കും അനുസൃതമായിരിക്കും. അക്കാര്യം സമഗ്രമായ ഫലസ്തീനി ദേശീയചട്ടക്കൂടിനുള്ളിലാണ് ചര്‍ച്ച ചെയ്യേണ്ടത്. അതില്‍ ഹമാസ് പൂര്‍ണ ഉത്തരവാദിത്തത്തോടെ പങ്കെടുക്കും.

ഗസ മുനമ്പില്‍ നടക്കുന്ന ആക്രമണവും വംശഹത്യയും അവസാനിപ്പിക്കാനും ഫലസ്തീനികളുടെ അവകാശങ്ങള്‍, ഉയര്‍ന്ന താല്‍പ്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയെന്ന് ഹമാസ് അറിയിച്ചു. വിവിധ ഫലസ്തീനി സംഘടനകളുമായും സഹോദര രാഷ്ട്രങ്ങളുമായും മധ്യസ്ഥരുമായും ചര്‍ച്ച നടത്തുകയുണ്ടായി.


ഗസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് മൊത്തം 20 പോയിന്റുകളാണ് ട്രംപ് മുന്നോട്ട് വച്ചിരിക്കുന്നത്. 20 പോയിന്റുകളുടെ പരിഭാഷ താഴെ കൊടുക്കുന്നു.

1) ഗസ ''തീവ്രവാദമില്ലാത്ത', അയല്‍രാജ്യങ്ങള്‍ക്ക് ''ഭീഷണിയാവാത്ത'' പ്രദേശമാവണം.

2) ആവശ്യത്തില്‍ അധികം ദുരിതം അനുഭവിച്ച ഗസയിലെ ജനങ്ങള്‍ക്ക് വേണ്ടി ഗസ പുനര്‍നിര്‍മിക്കും.

3) ഇരുവിഭാഗവും ഈ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ യുദ്ധം ഉടന്‍ അവസാനിക്കും. തടവുകാരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി നിശ്ചയിച്ച രേഖയിലേക്ക് പിന്‍മാറും. ഈ സമയത്ത് വ്യോമാക്രമണവും ആര്‍ട്ടിലറി ആക്രമണങ്ങളും നിര്‍ത്തും. കൂടാതെ സൈനികരെ പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതുവരെ യുദ്ധം നിര്‍ത്തിവയ്ക്കും.

4) ഇസ്രായേല്‍ ഈ കരാര്‍ പരസ്യമായി അംഗീകരിച്ച് 72 മണിക്കൂറിനുള്ളില്‍, ഗസയിലെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ തടവുകാരെയും തിരികെ നല്‍കണം

5) ഗസയിലെ തടവുകാരെ വിട്ടുനല്‍കിയാല്‍ ഇസ്രായേലി ജയിലുകളില്‍ ജീവപര്യന്തം തടവിന് പൂട്ടിയിട്ടിരിക്കുന്ന 250 ഫലസ്തീനികളെയും 2023 ഒക്ടോബര്‍ ഏഴിന് ശേഷം ജയിലില്‍ അടച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ള 1,700 ഫലസ്തീനികളെയും ഇസ്രായേല്‍ വിട്ടയക്കും. ഓരോ ഇസ്രായേലി തടവുകാരനും പകരം ഇസ്രായേലി ജയിലില്‍ മരിച്ച 15 വീതം ഫലസ്തീനികളുടെ മൃതദേഹങ്ങളും ഇസ്രായേല്‍ വിട്ടുനല്‍കും.

6) എല്ലാ തടവുകാരും ഇസ്രായേലില്‍ തിരിച്ചെത്തി കഴിഞ്ഞാല്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിനും ആയുധങ്ങള്‍ പിന്‍വലിക്കുന്നതിനും താല്‍പര്യമുള്ള ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കും. ഗസ വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങള്‍ക്ക് അവരെ സ്വീകരിക്കുന്ന രാജ്യങ്ങളിലേക്ക് പോവാന്‍ സഹായം നല്‍കും.

7) ഹമാസ് ഈ കരാര്‍ അംഗീകരിച്ചാല്‍, ഗസ മുനമ്പിലേക്ക് ഉടന്‍ പൂര്‍ണ്ണ സഹായം അയയ്ക്കും. ഏറ്റവും കുറഞ്ഞത് 2025 ജനുവരി 19ലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള സഹായം എത്തിക്കും. അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണം (വെള്ളം, വൈദ്യുതി, മലിനജലം), ആശുപത്രികളുടെയും ബേക്കറികളുടെയും പുനസ്ഥാപനം, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും റോഡുകള്‍ തുറക്കുന്നതിനും വേണ്ട ഉപകരണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

8) ഐക്യരാഷ്ട്രസഭയും അതിന്റെ ഏജന്‍സികളും റെഡ് ക്രസന്റും വഴി ഇരു കക്ഷികളുടെയും ഇടപെടലില്ലാതെ ഗസ മുനമ്പില്‍ സഹായം വിതരണം ചെയ്യും. 2025 ജനുവരി 19ലെ കരാറിന് കീഴില്‍ നടപ്പിലാക്കിയ അതേ സംവിധാന പ്രകാരം രണ്ട് ദിശകളിലേക്കും റഫ(ഗസ-ഈജിപ്ത് അതിര്‍ത്തി) ക്രോസിംഗ് തുറക്കും.

9) സാങ്കേതിക വിദഗ്ദ്ധരും അരാഷ്ട്രീയരുമായ ഒരു ഫലസ്തീന്‍ കമ്മിറ്റിയുടെ താല്‍ക്കാലിക പരിവര്‍ത്തന ഭരണകൂടത്തിന് കീഴിലായിരിക്കും ഗസ ഭരിക്കപ്പെടുക. ഈ കമ്മിറ്റിയില്‍ ഫലസ്തീനികളും അന്താരാഷ്ട്ര വിദഗ്ധരും ഉണ്ടാകും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേതൃത്വം നല്‍കുകയും അധ്യക്ഷനാവുകയും ചെയ്യുന്ന പുതിയ അന്താരാഷ്ട്ര പരിവര്‍ത്തന സംഘടനയായ 'ബോര്‍ഡ് ഓഫ് പീസ്' അതിന് മേല്‍നോട്ടം വഹിക്കും. യുകെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങളും രാഷ്ട്രത്തലവന്മാരും ബോര്‍ഡില്‍ അംഗങ്ങളാവും. 2020ലെ ട്രംപിന്റെ സമാധാന പദ്ധതി, സൗദി-ഫ്രഞ്ച് നിര്‍ദ്ദേശം എന്നിവയുള്‍പ്പെടെ വിവിധ നിര്‍ദ്ദേശങ്ങളില്‍ വിവരിച്ചിരിക്കുന്നതുപോലെ, ഫലസ്തീന്‍ അതോറിറ്റി അതിന്റെ പരിഷ്‌കരണ പരിപാടി പൂര്‍ത്തിയാക്കുന്നതുവരെ ഈ താല്‍ക്കാലിക ഭരണകൂടം ഗസയുടെ പുനര്‍വികസനത്തിനുള്ള ചട്ടക്കൂട് സ്ഥാപിക്കുകയും ധനസഹായം കൈകാര്യം ചെയ്യുകയും ചെയ്യും. ഗസയിലെ ജനങ്ങളെ സേവിക്കുന്നതും നിക്ഷേപം ആകര്‍ഷിക്കുന്നതിന് സഹായകവുമായ ആധുനികവും കാര്യക്ഷമവുമായ ഭരണം സൃഷ്ടിക്കുന്നതിന് ഈ സംഘടന മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ആവശ്യപ്പെടും.

10) ഗസയെ പുനര്‍നിര്‍മ്മിക്കാനും ഊര്‍ജ്ജസ്വലമാക്കാനുമുള്ള ട്രംപ് സാമ്പത്തിക വികസന പദ്ധതി വിദഗ്ധരുടെ ഒരു പാനലിനെ വിളിച്ചുകൂട്ടി സൃഷ്ടിക്കും. മിഡില്‍ഈസ്റ്റിലെ അല്‍ഭുദ നഗരങ്ങളും വികസിപ്പിച്ച വിദഗ്ദര്‍ അതിലുണ്ടാവും. ഗസയ്ക്ക് വേണ്ടി നിരവധി ചിന്തനീയമായ നിക്ഷേപ നിര്‍ദ്ദേശങ്ങളും ആവേശകരമായ വികസന ആശയങ്ങളും സദുദ്ദേശ്യമുള്ള അന്താരാഷ്ട്ര ഗ്രൂപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്, കൂടാതെ ഗസയില്‍ തൊഴിലവസരങ്ങളും പ്രതീക്ഷയും സൃഷ്ടിക്കുന്ന നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനും സുഗമമാക്കുന്നതിനുമായി സുരക്ഷാ, ഭരണ ചട്ടക്കൂടുകള്‍ സമന്വയിപ്പിക്കും.

11) ഗസയില്‍ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും.

12) ആരും ഗസ വിട്ടുപോകാന്‍ നിര്‍ബന്ധിതരാകില്ല, പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാനും തിരികെ വരാനും സ്വാതന്ത്ര്യമുണ്ടാകും. ആളുകളെ താമസിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും മികച്ച ഗാസ നിര്‍മ്മിക്കാനുള്ള അവസരം നല്‍കുകയും ചെയ്യും.

13) ഹമാസും മറ്റ് വിഭാഗങ്ങളും ഗസയുടെ ഭരണത്തില്‍ നേരിട്ടോ അല്ലാതെയോ ഏതെങ്കിലും രൂപത്തിലോ ഒരു പങ്കും വഹിക്കില്ലെന്ന് സമ്മതിക്കണം. തുരങ്കങ്ങളും ആയുധ ഉല്‍പാദന സൗകര്യങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ സൈനിക, 'ഭീകര', ആക്രമണ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെടും, അവ പുനര്‍നിര്‍മിക്കരുത്. സ്വതന്ത്ര നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ ഗസയില്‍ സൈനിക വിമുക്തമാക്കും. ഇരുകൂട്ടരും അംഗീകരിച്ച ഡീകമ്മീഷനിങ് പ്രക്രിയയിലൂടെ ആയുധങ്ങള്‍ പിടിച്ചുവക്കുകയോ തിരികെ വാങ്ങുകയോ ചെയ്യും.

14) സമ്പന്നമായ ഒരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും അയല്‍ക്കാരുമായി സമാധാനപരമായ സഹവര്‍ത്തിത്വത്തിനും പുതിയ ഗസ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമായിരിക്കും.

15) ഹമാസും മറ്റു വിഭാഗങ്ങളും അവരുടെ കടമകള്‍ പാലിക്കുന്നുണ്ടെന്നും പുതിയ ഗാസ അയല്‍രാജ്യങ്ങള്‍ക്കോ ജനങ്ങള്‍ക്കോ ഒരു ഭീഷണിയുമില്ലെന്ന് ഉറപ്പാക്കാന്‍ യുഎസിന്റെ പ്രാദേശിക പങ്കാളികള്‍ ഗ്യാരണ്ടി നല്‍കും.

16) ഗസയില്‍ ഉടനടി വിന്യസിക്കുന്നതിനായി ഒരു താല്‍ക്കാലിക അന്താരാഷ്ട്ര സ്ഥിരത സേന (ഐഎസ്എഫ്) വികസിപ്പിക്കുന്നതിന് അറബ്-അന്താരാഷ്ട്ര പങ്കാളികളുമായി യുഎസ് പ്രവര്‍ത്തിക്കും. ഗസയിലെ പോലിസ് സേനയ്ക്ക് ഐഎസ്എഫ് പരിശീലനം നല്‍കും. ഇക്കാര്യത്തില്‍ പരിചയസമ്പന്നരായ ജോര്‍ദാനുമായും ഈജിപ്തുമായും കൂടിയാലോചിക്കുകയും ചെയ്യും. ഈ സേന ദീര്‍ഘകാല ആഭ്യന്തര സുരക്ഷാ പരിഹാരമായിരിക്കും. അതിര്‍ത്തി പ്രദേശങ്ങള്‍ സുരക്ഷിതമാക്കാന്‍ പുതുതായി പരിശീലനം ലഭിച്ച ഫലസ്തീന്‍ പോലിസ് സേനയ്ക്കൊപ്പം ഐഎസ്എഫ്, ഇസ്രായേലുമായും ഈജിപ്തുമായും പ്രവര്‍ത്തിക്കും. ഗസയിലേക്ക് യുദ്ധോപകരണങ്ങള്‍ പ്രവേശിക്കുന്നത് തടയുകയും ഗസ പുനര്‍നിര്‍മ്മിക്കാനും പുനരുജ്ജീവിപ്പിക്കാനും സാധനങ്ങളുടെ വേഗത്തിലുള്ളതും സുരക്ഷിതവുമായ ഒഴുക്ക് സുഗമമാക്കുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്. കക്ഷികള്‍ ഒരു സംഘര്‍ഷരഹിത സംവിധാനം അംഗീകരിക്കും.

17) ഇസ്രായേല്‍ ഗസ പിടിച്ചെടുക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യില്ല. ഗസയുടെ സൈനിക ശേഷി ഇല്ലാതാക്കി, ഐഎസ്എഫ് നിയന്ത്രണവും സ്ഥിരതയും സ്ഥാപിക്കുമ്പോള്‍ ഇസ്രായേലി സൈന്യം പിന്‍മാറും. ഇസ്രായേലിനോ ഈജിപ്തിനോ അതിന്റെ പൗരന്മാര്‍ക്കോ ഭീഷണിയല്ലാത്ത സുരക്ഷിത ഗസയാണ് ലക്ഷ്യം. പ്രായോഗികമായി, ഗസയില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍മാറുന്നതുവരെ പരിവര്‍ത്തന ഭരണകൂടവുമായി ഉണ്ടാക്കുന്ന കരാറനുസരിച്ച്, ഇസ്രായേലി സൈന്യം അവര്‍ കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങള്‍ ക്രമേണ ഐഎസ്എഫിന് കൈമാറും. ഗസയില്‍ നിന്ന് ഭീഷണികള്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാവുന്നതു വരെ ഇസ്രായേലി സൈനിക സാന്നിധ്യം തുടരും.

18) ഹമാസ് ഈ നിര്‍ദ്ദേശത്തില്‍ തീരുമാനം വൈകിപ്പിക്കുകയോ നിരസിക്കുകയോ ചെയ്താല്‍, മുകളില്‍ പറഞ്ഞ കാര്യങ്ങള്‍, അതായത് മാനുഷിക സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇസ്രായേലി സൈന്യം ഐഎസ്എഫിന് വിട്ടുനല്‍കുന്ന 'ഭീകരതയില്ലാത്ത' പ്രദേശങ്ങളില്‍ നടപ്പാക്കും.

19) സഹിഷ്ണുതയുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളെ അടിസ്ഥാനമാക്കി ഒരു മതാന്തര സംവാദ പ്രക്രിയ സ്ഥാപിക്കും. അതുവഴി സമാധാനത്തില്‍ നിന്ന് ലഭിക്കുന്ന നേട്ടങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഫലസ്തീനികളുടെ മാനസികാവസ്ഥയും ആഖ്യാനങ്ങളും മാറ്റാന്‍ ശ്രമിക്കും.

20) ഗസ പുനര്‍വികസനം പുരോഗമിക്കുമ്പോഴും ഫലസ്തീന്‍ അതോറിറ്റി പരിഷ്‌കരണ പരിപാടി വിശ്വസ്തതയോടെ നടപ്പിലാക്കുമ്പോഴും, ഫലസ്തീന്‍ ജനതയുടെ അഭിലാഷമായി നാം അംഗീകരിക്കുന്ന ഫലസ്തീന്‍ സ്വയം നിര്‍ണ്ണയത്തിലേക്കും രാഷ്ട്രത്വത്തിലേക്കും വിശ്വസനീയമായ ഒരു പാതയ്ക്കുള്ള സാഹചര്യങ്ങള്‍ ഒടുവില്‍ നിലവില്‍ വന്നേക്കാം.

സമാധാനപരവും സമൃദ്ധവുമായ സഹവര്‍ത്തിത്വത്തിനായുള്ള പാതയില്‍ യോജിക്കുന്നതിനായി ഇസ്രായേലും ഫലസ്തീനികളും തമ്മില്‍ ചര്‍ച്ചകള്‍ക്ക് യുഎസ് വഴിയൊരുക്കുമെന്നും ട്രംപിന്റെ പദ്ധതി പറയുന്നുണ്ട്.

Next Story

RELATED STORIES

Share it