Sub Lead

റെസ്റ്ററന്റ് ബോര്‍ഡില്‍ ഹലാല്‍ പരാമര്‍ശം; കോലാഹലമുണ്ടാക്കി ഹിന്ദുത്വര്‍, അന്വേഷണം തുടങ്ങിയെന്ന് അധികൃതര്‍

റെസ്റ്ററന്റ് ബോര്‍ഡില്‍ ഹലാല്‍ പരാമര്‍ശം; കോലാഹലമുണ്ടാക്കി ഹിന്ദുത്വര്‍, അന്വേഷണം തുടങ്ങിയെന്ന് അധികൃതര്‍
X

ലഖ്‌നോ: റെസ്റ്ററന്റിന്റെ ബോര്‍ഡില്‍ ഉര്‍ദുവില്‍ ഹലാല്‍ എന്നെഴുതിയെന്ന് ആരോപിച്ച് ഹിന്ദുത്വരുടെ കോലാഹലം. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലാണ് സംഭവം. മില്ലത്ത് നഗറിലെ ബോംബൈ ഫാമിലി റെസ്റ്ററന്റ് എന്ന സ്ഥാപനത്തിനെതിരെയാണ് കോലാഹലവും അന്വേഷണവും നടക്കുന്നത്. ബോര്‍ഡിന്റെ ചിത്രമെടുത്ത് ഹിന്ദുത്വര്‍ പ്രചരിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഉര്‍ദുവില്‍ എഴുതിയതിനാല്‍ റെസ്റ്ററന്റിന്റെ സ്വഭാവം മനസിലായില്ലെന്നാണ് അവര്‍ ആരോപിക്കുന്നത്. എന്നാല്‍, മുമ്പ് സ്ഥാപിച്ച ബോര്‍ഡ് നാശമായപ്പോള്‍ പുതിയ ബോര്‍ഡ് സ്ഥാപിച്ചെന്ന് റെസ്റ്ററന്റ് ഉടമ ഫൈസാന്‍ അഹമദ് പറഞ്ഞു. പുതിയ ബോര്‍ഡില്‍ ഉര്‍ദുവില്‍ ഹലാല്‍ എന്നും രേഖപ്പെടുത്തി. ഇത് ഇത്രയും വലിയ പ്രശ്‌നമാണെന്നോ നിയമവിരുദ്ധമാണെന്നോ അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഹലാല്‍ സര്‍ട്ടിഫൈഡായ ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കരുതെന്നും വില്‍ക്കരുതെന്നും സൂക്ഷിക്കരുതെന്നും 2023 നവംബറില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കയറ്റുമതി ചെയ്യാനുള്ള മാംസം അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് ഇത് ഭാഗമല്ല. ബോര്‍ഡില്‍ ഹലാല്‍ പരാമര്‍ശമുണ്ടെങ്കില്‍ അത് ചട്ടവിരുദ്ധമാണെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണത്തിന് ശേഷമേ നടപടി സ്വീകരിക്കുക. ബോര്‍ഡ് ഇപ്പോള്‍ തന്നെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സര്‍ക്കാര്‍ തന്നെ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പശ്ചാത്തലത്തില്‍ ഹോട്ടലിന്റെ ബോര്‍ഡില്‍ ഹലാല്‍ എന്നെഴുതുന്നത് നിയമപരമായി കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി അഭിഭാഷകനായ ഗ്യാന്‍ രഞ്ജന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it