Big stories

വൈദ്യുതി നിരക്ക് കൂട്ടിയതിനു പിന്നാലെ സബ്‌സിഡിയും നിര്‍ത്തലാക്കി

വൈദ്യുതി നിരക്ക് കൂട്ടിയതിനു പിന്നാലെ സബ്‌സിഡിയും നിര്‍ത്തലാക്കി
X

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ സബ്‌സിഡിയും സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. മാസം 120 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി ആനുകൂല്യങ്ങളാണ് നിര്‍ത്തലാക്കിയത്. ഇതോടെ, വൈദ്യുതി ബില്‍ കനത്ത തിരിച്ചടിയാവും. നവംബര്‍ ഒന്നുമുതല്‍ പുതുക്കിയ താരിഫ് നിരക്ക് നിലവില്‍വരികയും വൈദ്യുതി നിരക്കില്‍ ശരാശരി 20 പൈസ യൂനിറ്റിന് വര്‍ധനവ് വരുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ സബ്‌സിഡി കൂടി നിര്‍ത്തലാക്കിയതോടെ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി മാറും.

വൈദ്യുതി സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നവംബര്‍ ഒന്നുമുതലാണ് നടപ്പിലാക്കുന്നത്. ഇതുവഴി പ്രതിമാസം 120 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 85 പൈസവരെ യൂനിറ്റിന് നല്‍കി വന്നിരുന്ന സബ്‌സിഡി ഇനിയുണ്ടാവില്ല. ആദ്യത്തെ 40 യൂനിറ്റിന് 35 പൈസയാണ് സബ്‌സിഡി. അതിന് ശേഷം 41 മുതല്‍ 120 യൂനിറ്റ് വരെയുള്ളതിന് 50 പൈസ സബ്‌സിഡി. ഇങ്ങനെ മൊത്തം 85 പൈസയാണ് ശരാശരി യൂനിറ്റിന് സബ്‌സിഡിയായി ലഭിച്ചിരുന്നത്. രണ്ടുമാസം കൂടുമ്പോഴാണ് ബില്ല് വന്നിരുന്നത്. അതിനാല്‍തന്നെ 240 യൂനിറ്റ് വരെ ഉപയോഗിക്കുമ്പോള്‍ സബ്‌സിഡി ലഭിച്ചിരുന്നു. ഇതുപ്രകാരം കുറഞ്ഞത് മാസം 100 യൂനിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 44 രൂപയോളം സബ്‌സിഡി ഇളവ് ലഭിച്ചിരുന്നു. ഇതിന് പുറമെ ഫിക്‌സഡ് ചാര്‍ജിലും സബ്‌സിഡി നല്‍കിയിരുന്നു. ഇതെല്ലാം പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. കെഎസ്ഇബിയുടെ ഉഭോക്താക്കളില്‍ 90 ലക്ഷം പേരെങ്കിലും മാസം 250 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരാണ് എന്നാണ് റെഗുലേറ്ററി കമ്മീഷന്റെ കണ്ടെത്തല്‍.

അടുത്ത തവണത്തെ വൈദ്യുതി ബില്ല് വരുമ്പോള്‍ ബില്ലില്‍ വലിയ വ്യത്യാസമുണ്ടാവുമെന്നാണ് വ്യക്തമാവുന്നത്. 50 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 രൂപയുടെ വ്യത്യാസം ബില്ലില്‍ വരും. 100 യൂനിറ്റിന് 20, 150 യൂനിറ്റ് വരെ 33, 200 യൂനിറ്റ് വരെ 48, 250 യൂനിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 58 രൂപ എന്നീ തലത്തിലാണ് വര്‍ധനവുണ്ടാവുക. 250 യൂനിറ്റ് മറികടന്നാല്‍ പിന്നെ 300 യൂനിറ്റ് വരെ 90 രൂപയുടെ വര്‍ധനവുണ്ടാവും. ഇതെല്ലാം വൈദ്യുതി നിരക്ക് മാത്രമാണ്. ഇതോടൊപ്പം ഫിക്‌സഡ് ചാര്‍ജിലെ വര്‍ധനവും കൂടിയാവുമ്പോള്‍ വര്‍ധനവ് വലിയൊരു തുകയാകും. ഫിക്‌സഡ് ചാര്‍ജില്‍ അഞ്ചുരൂപ മുതല്‍ 35 രൂപ വരെയാണ് വര്‍ധനവ് നിലവിലുള്ളത്. ഇതെല്ലാം കൂടിയാവുമ്പോള്‍ വൈദ്യുതി ബില്ല് ഇരുട്ടടിയാവുമെന്നതില്‍ സംശയമില്ല.

Next Story

RELATED STORIES

Share it