Sub Lead

ഇറ്റലിയിലെ പൊതുപണിമുടക്ക് ശക്തം

ഇറ്റലിയിലെ പൊതുപണിമുടക്ക് ശക്തം
X

റോം: ഗസയിലെ ഉപരോധം തകര്‍ക്കാന്‍ പുറപ്പെട്ട ബോട്ടുകളെ ഇസ്രായേല്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് ഇറ്റലിയില്‍ നടക്കുന്ന പൊതുപണിമുടക്ക് ശക്തം. വിദ്യാര്‍ഥികള്‍ സ്‌കൂളുകള്‍ ബഹിഷ്‌കരിക്കുകയും തൊഴിലാളികള്‍ ട്രെയ്‌നുകളും മറ്റും തടയുകയും ചെയ്തു. സിജിഐഎല്‍, യുഎസ്ബി എന്നീ ട്രേഡ് യൂണിയനുകളാണ് പൊതുപണി മുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. നിരവധി ഡൊമസ്റ്റിക് ഫ്‌ളൈറ്റുകളും റദ്ദാക്കി. ലിവോണോ തുറമുഖത്തേക്കുള്ള റോഡ് ഉപരോധിച്ചതിനാല്‍ ട്രക്കുകള്‍ റോഡില്‍ കിടക്കുകയാണ്. ബൊളോഗ്ണ പ്രദേശത്ത് പ്രതിഷേധക്കാര്‍ പോലിസുമായി ഏറ്റുമുട്ടി. ആമസോണ്‍ മേധാവി ജെഫ് ബെസോസും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെറും കൂടിക്കാഴ്ച നടത്താനിരുന്ന വേദി പ്രതിഷേധക്കാര്‍ നശിപ്പിച്ചു.

ജെനോവ തുറമുഖത്തെ തൊഴിലാളികള്‍ ഇസ്രായേലിലേക്കുള്ള ചരക്കുകള്‍ കൊണ്ടുപോവുന്നത് തടഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസമായി സിം വിര്‍ജീനിയ എന്ന കപ്പല്‍ തുറമുഖത്ത് അടുക്കാന്‍ പറ്റാതെ കിടക്കുകയായിരുന്നു. അത് പിന്നെ വന്ന വഴിക്ക് തിരികെ പോയി.

സിം ഇബീരിയ എന്ന കപ്പല്‍ ഇന്ന് ലിവോണയില്‍ എത്താനിരിക്കുകയാണ്. അതിനെയും ബഹിഷ്‌കരിക്കുമെന്ന് തൊഴിലാളികള്‍ പ്രഖ്യാപിച്ചു. ഇസ്രായേലിലേക്ക് ചരക്കുകള്‍ കൊണ്ടുപോവുന്നു എന്ന് സംശയിച്ച് സിം ന്യൂസിലാന്‍ഡ് എന്ന കപ്പലിനെയും കഴിഞ്ഞ ആഴ്ച്ച തിരിച്ച് അയച്ചിരുന്നു.

Next Story

RELATED STORIES

Share it