Sub Lead

ഗസയിലെ വെടിനിര്‍ത്തല്‍: ഏഴു മണിക്കൂര്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച് ഇസ്രായേല്‍, നാളെ മുതല്‍ തടവുകാരെ വിട്ടയച്ചു തുടങ്ങും

ഗസയിലെ വെടിനിര്‍ത്തല്‍: ഏഴു മണിക്കൂര്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച് ഇസ്രായേല്‍, നാളെ മുതല്‍ തടവുകാരെ വിട്ടയച്ചു തുടങ്ങും
X

തെല്‍അവീവ്: ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍ സര്‍ക്കാര്‍. സുരക്ഷ കാബിനറ്റ് നേരത്തെ അംഗീകരിച്ച കരാര്‍ ഏഴുമണിക്കൂര്‍ ചര്‍ച്ച ചെയ്താണ് സര്‍ക്കാര്‍ അംഗീകരിച്ചത്. 24 മന്ത്രിമാര്‍ കരാറിന് അനുകൂലമായും എട്ടു പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. വെടിനിര്‍ത്തല്‍ കരാറിലെ രണ്ടാം ഘട്ടത്തിന് മുമ്പ് ഹമാസ് കരാര്‍ ലംഘിക്കുകയാണെങ്കില്‍ അധിനിവേശം വീണ്ടും ആരംഭിക്കാന്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുമതി നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യോഗത്തെ അറിയിച്ചു. ബൈഡന്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ച ആയുധ കയറ്റുമതി പുനരാരംഭിക്കാമെന്ന് ട്രംപ് പറഞ്ഞതായും നെതന്യാഹു പ്രഖ്യാപിച്ചു.

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി വിട്ടയക്കേണ്ട 700 ഫലസ്തീനികളുടെ പട്ടിക ഇസ്രായേലി സര്‍ക്കാര്‍ തയ്യാറാക്കി. ഹമാസ്, ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ്, ഫതഹ് സംഘടനകളുടെ പ്രവര്‍ത്തകരും സ്വതന്ത്ര ഫലസ്തീന്‍ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചവരും ഇതില്‍ ഉള്‍പ്പെടുന്നു. ഞായറാഴ്ച വൈകീട്ട് നാലിന് ശേഷമായിരിക്കും ഇവരെ ഘട്ടംഘട്ടമായി വിടുക. ഇസ്രായേലിലെ 62 ശതമാനം പേരും കരാറിന് അനുകൂലമായ നിലപാടുള്ളവരാണ് സര്‍വേ ഫലങ്ങള്‍ പറയുന്നു. 18 ശതമാനം പേര്‍ എതിരാണ്. 20 ശതമാനം പേര്‍ക്ക് പ്രത്യേക അഭിപ്രായമൊന്നുമില്ല. ഭരണകക്ഷി പാര്‍ട്ടികളുടെ അംഗങ്ങളില്‍ 46 ശതമാനം പേര്‍ക്കും രണ്ടാം ഘട്ടത്തില്‍ അധിനിവേശം വീണ്ടും ആരംഭിക്കണമെന്ന നിലപാട് ആണുള്ളത്.

അതേസമയം, വെസ്റ്റ്ബാങ്കിലെ ജെനിന്‍ കാംപിലെ പ്രതിരോധപ്രസ്ഥാനങ്ങളുമായി ഫലസ്തീന്‍ അതോറിറ്റിയും വെടിനിര്‍ത്തല്‍ ധാരണയിലെത്തി. ഒരു മാസത്തില്‍ അധികം നീണ്ട സംഘര്‍ഷമാണ് അവസാനിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it