Sub Lead

ഗദ്ദര്‍ കവിത ചുവരെഴുതി വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മ; ചുവരെഴുത്തില്‍ അസഭ്യമെഴുതിയും മര്‍ദ്ദിച്ചും എസ്എഫ്‌ഐ

"എങ്ങനെ പോരാടണമെന്ന് നിങ്ങള്‍ മറന്നോ?, എന്തിന് പോരാടണമെന്ന് നിങ്ങള്‍ മറന്നോ?, പോരാടണമെന്ന വാക്കുപോലും നിങ്ങള്‍ മറന്നോ? എങ്കിലറിയുക നിങ്ങള്‍ അടിമകളാണ്..." എന്ന ഗദ്ദറിന്റെ കവിതയാണ് എസ്എഫ്‌ഐയെ പ്രകോപിപ്പിച്ചത്.

ഗദ്ദര്‍ കവിത ചുവരെഴുതി വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മ; ചുവരെഴുത്തില്‍ അസഭ്യമെഴുതിയും മര്‍ദ്ദിച്ചും എസ്എഫ്‌ഐ
X

തിരൂര്‍: തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മയ്‌ക്കെതിരേ എസ്എഫ്‌ഐ ആക്രമണം. കഴിഞ്ഞ ദിവസം സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മാ അംഗം ഗദ്ദറിന്റെ കവിത ചുവരെഴുതിയത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടിക്കളയുകയും തൊട്ടടുത്ത് തന്നെ അസഭ്യം എഴുതിവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് എസ്എഫ്‌ഐക്കാരല്ലാത്തവര്‍ സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ റൂമില്‍ കയറിയെന്ന് പറഞ്ഞ് എസ്എഫ്‌ഐ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മാ പ്രവര്‍ത്തകന്‍ മുഹമ്മദ് ഹനീന് പരിക്കേറ്റു.


വിദ്യാര്‍ഥികള്‍ക്ക് വിശ്രമിക്കാനുള്ള കാംപസിനകത്തെ സ്ഥലമാണ് സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ റൂം. ഈ റൂം കയ്യേറി എസ്എഫ്‌ഐ എന്ന് ചുവരെഴുതിവയ്ക്കുകയും എസ്എഫ്‌ഐ യൂനിറ്റ് കമ്മിറ്റി ഓഫിസായാണ് കൈകാര്യം ചെയ്യുന്നതെന്ന് മര്‍ദ്ദനമേറ്റ ഹനീന്‍ തേജസ് ന്യൂസിനോട് പറഞ്ഞു. സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ റൂം എസ്എഫ്‌ഐ സ്വയംപ്രഖ്യാപിത ഓഫിസ് ആക്കി മാറ്റിയതിനെതിരേ വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മ രജിസ്ട്രാര്‍ക്ക് നേരത്തേ പരാതിയും നല്‍കിയിരുന്നു.

"എങ്ങനെ പോരാടണമെന്ന് നിങ്ങള്‍ മറന്നോ?, എന്തിന് പോരാടണമെന്ന് നിങ്ങള്‍ മറന്നോ?, പോരാടണമെന്ന വാക്കുപോലും നിങ്ങള്‍ മറന്നോ? എങ്കിലറിയുക നിങ്ങള്‍ അടിമകളാണ്..." എന്ന ഗദ്ദറിന്റെ കവിതയാണ് എസ്എഫ്‌ഐയെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ ചുവരെഴുതിയ കവിത വെട്ടുകയും അസഭ്യം എഴുതിവയ്ക്കുകയുമായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചെയ്തത്.

ഇതിന് പിന്നാലെയാണ് കാംപസില്‍ കൂടുതല്‍ ഇടങ്ങളില്‍ വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മ ഗദ്ദറിന്റെ കവിതയും ഫ്രോയ്ഡിന്റെ വചനങ്ങളുമായി സര്‍ഗാത്മക പ്രതിഷേധം തീര്‍ത്തു. "പിതാവിന്റേതായ അധികാരത്തിനെതിരേ പാപം ചെയ്യുകയും അതിനെ മറികടക്കുകയും ചെയ്യുന്നവര്‍ നായകരാണ്" എന്ന ഫ്രോയ്ഡിന്റെ വചനത്തിലൂടെ മധുരപ്രതികാരം ചെയ്യുകയാണ് വിദ്യാര്‍ഥി കൂട്ടായ്മാ പ്രവര്‍ത്തകര്‍ ചെയ്തത്.


ഇതിന് ശേഷം സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ റൂമിലെത്തിയ വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മ അംഗമായ ഹനീനെ ഇത് എസ്എഫ്‌ഐ ഭരിക്കുന്ന വിദ്യാര്‍ഥി യൂനിയനാണ്. ഇവിടെ ആര് കയറി ഇരിക്കണമെന്ന് ഞങ്ങള്‍ എസ്എഫ്‌ഐ തീരുമാനിക്കുമെന്ന് പറഞ്ഞ് സര്‍വകലാശാല യൂനിയന്‍ ചെയര്‍മാനും പാലക്കാട് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം അഫ്‌സല്‍, സര്‍വകലാശാല സെനറ്റ് അംഗവും പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ ആശിഷ്, പാലക്കാട് ജില്ലാ കമ്മിറ്റിയംഗമായ വൈഷ്ണവ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പേരാണ് മര്‍ദ്ദിച്ചതെന്ന് ഹനീന്‍ പറഞ്ഞു.

മര്‍ദ്ദനമേറ്റ ഹനീന്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. തിരൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ റൂം എസ്എഫ്‌ഐ കൈയ്യടക്കി വച്ചെന്ന വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മയുടെ പരാതി ലഭിച്ചിട്ടുണ്ടോയെന്നത് ഫയലുകള്‍ പരിശോധിച്ചാലേ പറയാന്‍ കഴിയൂവെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. റെജി മോന്‍ തേജസ് ന്യൂസിനോട് പ്രതികരിച്ചു. എന്നാല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂനിയന്‍ ഓഫിസ് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Next Story

RELATED STORIES

Share it