Sub Lead

'പ്രത്യാശ കൈവിടരുത്, മുന്നോട്ട് നോക്കുക'; ജയിലില്‍ നിന്നും ജി എന്‍ സായിബാബയുടെ സന്ദേശം

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുകുന്ദന്‍ സി മേനോന്റെ പേരില്‍ എന്‍സിഎച്ച്ആര്‍ഒ ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്വീകരണ പരിപാടിയിലാണ് സായിബാബ നാഗ്പൂര്‍ ജയിലില്‍ നിന്നും അയച്ച സന്ദേശം വായിച്ചത്.

പ്രത്യാശ കൈവിടരുത്, മുന്നോട്ട് നോക്കുക;  ജയിലില്‍ നിന്നും ജി എന്‍ സായിബാബയുടെ സന്ദേശം
X

ന്യൂഡല്‍ഹി: ഈ ഘട്ടത്തില്‍ നീതിക്കു വേണ്ടിയുള്ള പോരാട്ടം നമ്മുടെ ഉത്തരവാദിത്തമായിരിക്കണമെന്ന് ജയിലില്‍ കഴിയുന്ന ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രഫസര്‍ ജിഎന്‍ സായിബാബ. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുകുന്ദന്‍ സി മേനോന്റെ പേരില്‍ എന്‍സിഎച്ച്ആര്‍ഒ ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്വീകരണ പരിപാടിയിലാണ് സായിബാബ നാഗ്പൂര്‍ ജയിലില്‍ നിന്നും അയച്ച സന്ദേശം വായിച്ചത്. പിന്തിരിപ്പനും ഇരുണ്ടതുമായ ഈ ദിനങ്ങളില്‍ നാം ആശ കൈ വെടിയാതെ മുന്നോട്ട് നോക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


'എല്ലാ മനുഷ്യാവകാശ സംരക്ഷകരും ഇക്കാലഘട്ടത്തില്‍ ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിന് വര്‍ധിച്ച ഊര്‍ജത്തോട് കൂടി പ്രവര്‍ത്തിക്കണക്കണമെന്ന് ഞാന്‍ ഹൃദയപൂര്‍വം അപേക്ഷിക്കുന്നു. ഈ ഘട്ടത്തില്‍ നീതിക്കു വേണ്ടിയുള്ള പോരാട്ടം നമ്മുടെ ഉത്തരവാദിത്തമായിരിക്കണം. ഈ പിന്തിരിപ്പനും ഇരുണ്ടതുമായ ദിനങ്ങളില്‍ നാം ആശ കൈ വെടിയാതെ മുന്നോട്ട് നോക്കേണ്ടതുണ്ട്. ഐറിഷ് സോഷ്യലിസ്റ്റ് ആയ റെയ്മണ്ട് വില്യംസ് ഒരിക്കല്‍ പറഞ്ഞത് പോലെ 'യഥാര്‍ത്ഥ റാഡിക്കല്‍ ആവുക എന്നാല്‍ നിരാശ ബോധ്യപ്പെടുത്തുന്നതിനു പകരം, സാധ്യമാവുന്നത്ര പ്രത്യാശ ഉണ്ടാക്കുക എന്നതാണ്'. സായിബാബ സന്ദേശത്തില്‍ പറഞ്ഞു.

സായിബാബ ജയിലില്‍ നിന്നും അയച്ച സന്ദേശത്തിന്റെ പൂര്‍ണരൂപം:

'ഈ കാലഘട്ടത്തില്‍ ജനാധിപത്യ അവകാശങ്ങളാണ് അവകാശങ്ങളുടെ ഏറ്റവും ഉയര്‍ന്ന തലം എന്ന് ഞാന്‍ കരുതുന്നു .ജീവിതത്തിന്റെ നിലനില്‍പ്പ് എന്ന ചുരുങ്ങിയ വ്യവഹാരത്തിലേക്ക് മനുഷ്യാവകാശങ്ങളെ ചുരുക്കാനാവില്ല, മറിച്ചു അവകാശങ്ങള്‍ നിലനില്‍ക്കുന്നത് മനുഷ്യന്റെ എല്ലാ അഭിലാഷങ്ങളും പൂര്‍ത്തീകരിക്കുന്നതിനു കൂടിയാണ്.

ജീവിതം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് അഭിവൃദ്ധി പ്രാപിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനുമുള്ള സ്വാതന്ത്ര്യത്തിന്റെ ഉന്നതമായ ക്രമം എന്നതാണ്. പൗരാവകാശങ്ങള്‍ പോലും നിയന്ത്രിതമായ ഇന്ന്; മഹത്വവല്‍കരിക്കപ്പെട്ടതും പുതുതായി നിര്‍മിക്കപ്പെടുന്നതുമായ യാതൊരു നിയമങ്ങള്‍ക്കും ഒരിക്കലും സ്വാതന്ത്ര്യ ദാഹത്തെ ശമിപ്പിക്കാന്‍ സാധിക്കില്ല. ജനാതിപത്യ അവകാശങ്ങള്‍,മനുഷ്യ ബോധത്തിന്റെയും ജീവിതാഭിലാഷങ്ങളുടെയും ഉന്നത ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുകയും ;മറ്റെല്ലാ രൂപത്തിലുമുള്ള അവകാശങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നത് ഈ അവകാശങ്ങളെ പ്രതിരോധിക്കുക, ഭാവി തലമുറയുടെ നിലനില്‍പ്പ് നമ്മള്‍ നിര്‍ബന്ധമായും ഉറപ്പ് നല്‍കുക എന്നതാണ്. വരും തലമുറ രൂപപ്പെടേണ്ടത് ചൂഷിതരുടെ ചോരയില്‍ നിന്നായിക്കൂടാ..

ഭൂമുഖത്തെ പൗരന്‍ എന്ന നിലയിലും വ്യക്തികള്‍ എന്ന നിലയിലും നമ്മള്‍ മാനവ സ്വാതന്ത്ര്യം എന്ന സന്ദേശത്തെ പ്രചരിപ്പിക്കുകയും മാനവികത പകര്‍ന്ന് തന്ന പാഠങ്ങളെ മുന്നോട്ടു കൊണ്ട് പോകേണ്ടതുമുണ്ട്. ഭരണകൂട നിര്‍മിതമായ ക്രൂര നിയമങ്ങള്‍ വളര്‍ന്നു വരുന്ന പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മുമ്പെന്നത്തേക്കാളുമധികം വലിയ ഉത്തരവാദിത്തമാണുള്ളത്. ഈ ക്രൂര നിയമങ്ങള്‍ പടച്ചു വിടുന്ന ശക്തികളുടെ ആദ്യ ലക്ഷ്യം മനുഷ്യാവകാശ സംരക്ഷകര്‍ ആണെന്നുള്ളതില്‍ ഒരു സംശയവുമില്ല. അവരാണ് ഏറ്റവും വലിയ വെല്ലുവിളി, അവരാണ് വ്യവസ്ഥിതിയെ അസ്ഥിരപ്പെടുത്തുന്ന ഏറ്റവും വലിയ ശക്തി.

കഠിനവും എന്നാല്‍ നമ്മള്‍ പോരാടേണ്ടതുമായ വരാനിരിക്കുന്ന സമരത്തില്‍ അവകാശ സംരക്ഷകര്‍ക്ക് ചരിത്രപരമായ പങ്കാണ് നിര്‍വഹിക്കാനുള്ളത്. മനുഷ്യാവകാശ സംരക്ഷകരുടെ അനിവാര്യമായ പ്രവര്‍ത്തനത്തിന്റെ സമയമാണിത്. എന്നാല്‍ ഞാന്‍ ദുഖിതനാണ്, നിലവില്‍ ഞാന്‍ ചങ്ങലകള്‍ക്കകത്തായതിനാലും, പ്രതിസന്ധിയിലായവരെ എനിക്ക് സംരക്ഷിക്കാന്‍ കഴിയാത്തതിനാലും, ദിവസവും പത്രം വായിക്കുമ്പോള്‍ അത്തരത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് അത് ചെയ്ത് കൊടുക്കാന്‍ സാധിക്കാത്തതിനെപ്പറ്റി ഓര്‍ത്തു എന്റെ ഹൃദയം വാര്‍ന്നൊലിക്കാറുണ്ട്. എല്ലാ മനുഷ്യാവകാശ സംരക്ഷകരും ഇക്കാലഘട്ടത്തില്‍ ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിന് വര്‍ധിച്ച ഊര്‍ജത്തോട് കൂടി പ്രവര്‍ത്തിക്കണക്കണമെന്ന് ഞാന്‍ ഹൃദയപൂര്‍വം അപേക്ഷിക്കുന്നു.ഈ ഘട്ടത്തില്‍ നീതിക്കു വേണ്ടിയുള്ള പോരാട്ടം നമ്മുടെ ഉത്തരവാദിത്തമായിരിക്കണം. ഈ പിന്തിരിപ്പനും ഇരുണ്ടതുമായ ദിനങ്ങളില്‍ നാം ആശ കൈ വെടിയാതെ മുന്നോട്ട് നോക്കേണ്ടതുണ്ട്. ഐറിഷ് സോഷ്യലിസ്റ്റ് ആയ റെയ്മണ്ട് വില്യംസ് ഒരിക്കല്‍ പറഞ്ഞത് പോലെ 'യഥാര്‍ത്ഥ റാഡിക്കല്‍ ആവുക എന്നാല്‍ നിരാശ ബോധ്യപ്പെടുത്തുന്നതിനു പകരം, സാധ്യമാവുന്നത്ര പ്രത്യാശ ഉണ്ടാക്കുക എന്നതാണ് ' . ഇപ്പോള്‍ ഈ സ്ഥാനത്തെത്തിപ്പെട്ടതിന്റെ ബഹുമതി ഞാന്‍ സന്തോഷത്തോടു കൂടി സ്വീകരിക്കുന്നു. അതുപോലതന്നെ ഇപ്പോള്‍ ഒരുപാട് ആളുകള്‍ എന്റേത് ഉള്‍പ്പടെയുള്ള ബഹുജനങ്ങളുടെ അവകാശ സംരക്ഷത്തിനായി പ്രവര്‍ത്തിക്കുന്നതും പോരാടുന്നതും കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

മാവോയിസ്റ്റ് സൈദ്ധാന്തികനെന്ന് ആരോപിച്ചു മഹാരാഷ്ട്ര പോലിസ് 2014 മെയിലാണ് ഡല്‍ഹി സര്‍വകലാശാല കാംപസില്‍വെച്ച് സായിബാബയെ അറസ്റ്റ്‌ചെയ്യുന്നത്. നട്ടെല്ലിന് രോഗം ബാധിച്ച് ശരീരത്തിന്റെ 90% തളര്‍ന്ന് ഗുരുതരമായ ആരോഗ്യ പ്രശ്‌നം നേരിടുന്നയാളാണ് സായിബാബ.

ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ), പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായിരുന്ന മുകുന്ദന്‍ സി മേനോന്റെ പേരില്‍ നല്‍കിവരുന്ന പുരസ്‌കാരത്തിന് സായിബാബയാണ് അര്‍ഹനായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആദിവാസികളുടെയും പാവപ്പെട്ടവരുടെയും ക്ഷേമത്തിനായി സായി ബാബ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിന് പരിഗണിച്ചത്. ഡല്‍ഹിയിലെ ഗാന്ധി പീസ് ഫൗണ്ടേഷനില്‍ നടന്ന ചടങ്ങില്‍ സായിബാബയുടെ ഭാര്യ വസന്ത കുമാരി അവാര്‍ഡ് ഏറ്റു വാങ്ങി.

പ്രശസ്തി പത്രവും ഫലകവും 25,000 രൂപയും അടങ്ങിയതാണ് പുരസ്‌കാരം. സൗത്ത് ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡോക്യുമെന്റ്‌സ് സെന്റര്‍ ഡയറക്ടര്‍ രവി നായര്‍, ഡല്‍ഹി സര്‍വ്വകലാശാല പ്രഫസര്‍ ഹാനി ബാബു, എന്‍സിഎച്ച്ആര്‍ഒ നാഷണല്‍ സെക്രട്ടറി അഡ്വ. എ മുഹമ്മദ് യൂസുഫ്, പ്രഫസര്‍ വികാസ് കുമാര്‍, ഡല്‍ഹി സര്‍വ്വകലാശാല ടീച്ചേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് നന്ദിത നാരായണ്‍, സായിബാബയുടെ മകള്‍ മഞ്ജീര, അഡ്വ. അന്‍സാര്‍ ഇന്‍ഡോരി, വിദ്യ എന്നിവര്‍ സംസാരിച്ചു.

എന്‍.സി.എച്ച്.ആര്‍.ഒ പുറത്തിറക്കിയ ഫാക്ട്‌സ് ഡു നോട്ട് ലൈ, കാനൂന്‍ കി ബുനിയാദി ജാന്‍കാരി എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിനോട് അനുബന്ധിച്ച് നടന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന് വര്‍ഗ്ഗീയ കലാപത്തെ കുറിച്ച് സംഘടന നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടും ചടങ്ങില്‍ പുറത്തിറക്കി.




Next Story

RELATED STORIES

Share it