Sub Lead

മയ്യിത്ത് പരിപാലനം: മാനദണ്ഡങ്ങളില്‍ പുനരാലോചന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗിന്റെ കത്ത്

ലോകാരോഗ്യ സംഘടനയുടെ കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ശരീരം കുളിപ്പിക്കരുതെന്ന് പറയുന്നില്ല.

മയ്യിത്ത് പരിപാലനം: മാനദണ്ഡങ്ങളില്‍ പുനരാലോചന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗിന്റെ കത്ത്
X

മലപ്പുറം: കൊവിഡ് രോഗികളായി മരണപ്പെട്ടവരുടെ ശരീര പരിപാലനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ മാറ്റം ആവശ്യപ്പെട്ട് മലപ്പുറം ജില്ല യൂത്ത് ലീഗ് പ്രസിഡന്റ് ഷരീഫ് കുറ്റൂരും ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫും മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

കൊവിഡ് ബാധിച്ച് മരണപ്പെടുന്നവര്‍ക്ക് ജീവിത കാലത്തും മരണ ശേഷവും അവര്‍ അര്‍ഹിക്കുന്ന ആദരവ് നല്‍കി സംസ്‌കരിക്കാനുള്ള നടപടിയുണ്ടാകണം. വ്യത്യസ്ത മത വിഭാഗങ്ങളില്‍ പെട്ടവര്‍ ജീവിതകാലം മുഴുവന്‍ മത വിശ്വാസങ്ങളും ആചാരങ്ങളും പാലിച്ചുകൊണ്ടാണ് ജീവിക്കുന്നത്.

അങ്ങിനെയുള്ളവര്‍ രോഗം ബാധിച്ച് മരിക്കുന്നതോട് കൂടി ജീവന്‍ പോയ മൃഗങ്ങളെ കുഴിച്ചിടുന്ന ലാഘവത്തോടെ സംസ്‌കരിക്കപ്പെടുന്നത് വലിയ ക്രൂരതയാണ്. വേണ്ട വിധം പരിചരിക്കാന്‍ ആളില്ലാതെ ദിവസങ്ങളോളം രോഗക്കിടക്കയില്‍ കിടന്നാണ് പലരും മരിക്കുന്നത്.

മരണ സമയത്ത് സ്വാഭാവികമായും പുറത്ത് വരുന്ന മല മൂത്ര വിസര്‍ജ്ജ്യങ്ങളോട് കൂടിയാണ് കൊവിഡ് മൃതദേഹങ്ങള്‍ പലതും സംസ്‌ക്കരിക്കപ്പെടുന്നത്. രോഗക്കിടക്കയിലുള്ള വിശ്വാസികളെ ഇത് വല്ലാത്ത മാനസിക സംഘര്‍ഷത്തിലെത്തിക്കുന്നതും നിസ്സാരമായി കാണാനാവില്ല.

കൃത്യമായ മുന്‍കരുതലുകളോട് കൂടി മൃതദേഹം കുളിപ്പിക്കുന്നത് കൊണ്ട് രോഗപ്പകര്‍ച്ച ഉണ്ടായതായി ഇത് വരെ ശാസത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മരിക്കുന്നതോടെ ആ ശരീരത്തിലുള്ള രോഗാണുക്കളും നശിക്കുമെന്നതാണ് ചില പഠനങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്.

മാത്രവുമല്ല കൊവിഡ് രോഗം പിടിപെട്ടവര്‍ക്ക് കുളിക്കാന്‍ ഒരു നിരോധനവുമില്ല. അവര്‍ കുളിച്ച വെള്ളം പൊതുവായ സ്ഥലത്താണ് ഒഴിവാക്കപ്പെടുന്നത്. ഇതെല്ലാം അനുവദനീയമാണെന്നിരിക്കെ മരിച്ചതിന് ശേഷം ഇതൊന്നും പാടില്ലെന്നതിലെ യുക്തിക്ക് അടിസ്ഥാനമില്ല. ലോകാരോഗ്യ സംഘടനയുടെ കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ശരീരം കുളിപ്പിക്കരുതെന്ന് പറയുന്നില്ല.

സംസ്‌കരണ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ പിപിഇ കിറ്റ് ധരിക്കണമെന്നേ പറയുന്നുള്ളൂ. മരിച്ച് കഴിഞ്ഞ ഒരാള്‍ക്ക് മാന്യമായ യാത്രയയപ്പ് നല്‍കുക എന്നത് വിശ്വാസപരമായി മാത്രമല്ല, മാനുഷികപരമായും ചെയ്യേണ്ട ബാദ്ധ്യതയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ഈ വിഷയത്തില്‍ കൃത്യമായ പഠനം നടത്തി കാല താമസമില്ലാതെ, അനാവശ്യ വ്യവസ്ഥകള്‍ ഒഴിവാക്കി മൃതശരീരങ്ങളുടെ മാന്യമായ പരിപാലനത്തിന് ആവശ്യമായ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it