Sub Lead

ഫണ്ട് വെട്ടിപ്പ്: ടി ഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

പയ്യന്നൂരിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അം​ഗങ്ങളായ സി കൃഷ്ണൻ, വി നാരായണൻ, പി സന്തോഷ് എന്നിവർ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നേതൃത്വത്തിന് മുമ്പാകെ സമ്മർദ്ദം ചെലുത്തിയതോടെയാണ് നടപടിക്ക് സിപിഎം നിർബന്ധിതരായത്.

ഫണ്ട് വെട്ടിപ്പ്: ടി ഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി
X

കണ്ണൂർ: സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ ഫണ്ട് വിവാദത്തിൽ ടി ഐ മധുസൂദനൻ എംഎൽഎയ്ക്ക് എതിരെ അച്ചടക്ക നടപടി. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. ഫണ്ട് തിരിമറിയിൽ അഞ്ച് പേർക്കെതിരേ നടപടിയെടുക്കാൻ പാർട്ടി തയാറായപ്പോൾ തിരിമറി കണ്ടെത്തിയ പയ്യന്നൂർ ഏരിയ സെക്രട്ടറി വി കുഞ്ഞിക്കൃഷ്ണനെ തൽസ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്.

ധനരാജ് രക്തസാക്ഷി ഫണ്ട്, 2017 ലെ ഏരിയ കമ്മിറ്റി ഓഫിസ് നിർണാണ ഫണ്ട്, 2021 ലെ തിരഞ്ഞെടുപ്പ് ഫണ്ടുകളിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ ക്രമക്കേട് കണ്ടെത്തിയതെന്ന റിപോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എംഎൽഎയ്ക്ക് പുറമെ ഏരിയ കമ്മിറ്റി അംഗങ്ങളായ ടി വിശ്വനാഥൻ, കെ കെ ഗംഗാധരൻ ഓഫിസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ, മുൻ ഏരിയ സെക്രട്ടറി കെ പി മധു, സജീഷ് കുമാർ എന്നിവർക്കും ഫണ്ട് വിവാദത്തിൽ പാർട്ടി കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.

പുതിയ ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിന്റെ പേരിൽ നടന്ന ഫണ്ട് വെട്ടിപ്പാണ് ആദ്യം പുറത്തുവന്നത്. 2017ലാണ് സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസായ എകെജി ഭവൻ നിർമിക്കുന്നത്. ആ കാലയളവിൽ പാർട്ടി ഏരിയാ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നത് എംഎൽഎ ടി ഐ മധുസൂദനൻ ആയിരുന്നു. 15,000 പേരില്‍ നിന്ന് 1,000 രൂപ വീതം പിരിച്ച് ചിട്ടി നടത്തിയാണ് ഏരിയാ കമ്മിറ്റി കെട്ടിട നിര്‍മാണത്തിന് പണം കണ്ടെത്തിയത്. ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത തുക ചിട്ടിക്കണക്കില്‍ ഉള്‍പ്പെടുത്താതെയായിരുന്നു ലക്ഷങ്ങള്‍ വെട്ടിച്ചത്.

ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിന്റെ പേരിൽ നടന്ന ഫണ്ട് വെട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടന്നെന്ന വാർത്ത പുറത്തായത്. 42 ലക്ഷം രൂപ രണ്ട് നേതാക്കളുടെ പേരിൽ ജോയിന്റ് അകൗണ്ട് ആയി പയ്യന്നൂർ റൂറൽ ബാങ്കിൽ നിക്ഷേപിച്ചെങ്കിലും അത് പാർട്ടി അറിയാതെ പിൻവലിച്ചിരുന്നു. പണം പൂർണമായും പിൻവലിക്കുന്നതിന് മുമ്പ് തന്നെ പലിശയിനത്തിലെ തുകയും ഇവർ കൈപ്പറ്റിയിരുന്നു. എന്നാൽ ഇത് പാർട്ടി അന്വേഷണ കമ്മീഷൻ അന്വേഷിച്ചിട്ടില്ല.

2021 ലെ തിരഞ്ഞെടുപ്പ് ഫണ്ടിലാണ് പിന്നീട് തട്ടിപ്പ് നടന്നത്. പയ്യന്നൂരിലെ മലബാർ പ്രിന്റിങ് പ്രസിൽ നിന്ന് വ്യാജ രസീതി അടിച്ചായിരുന്നു വെട്ടിപ്പ്. ടി വി രാജേഷ് ചെയർമാനായ പാര്‍ട്ടി അന്വേഷണ കമ്മീഷന് മുന്നില്‍ എംഎല്‍എയുടെ പേര് സ്വകാര്യ പ്രസ് ഉടമ വെളുപ്പെടുത്തിയിരുന്നു. ഈ തെളിവാണ് വെട്ടിപ്പിന് കൂട്ട് നിന്നവരുടെ തലയിൽ കുറ്റംകെട്ടിവച്ച് രക്ഷപ്പെടാനുള്ള എംഎൽഎയുടെ നീക്കം പാളിയത്.

ഫണ്ട് തട്ടിയ നേതാക്കൾക്ക് എതിരേ നടപടിക്ക് കാരണമായ പരാതി ഉന്നയിച്ച പയ്യന്നൂർ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കുകയും പകരം ടി വി രാജേഷിന് താൽക്കാലിക ചുമതല നൽകുകയും ചെയ്തിട്ടുണ്ട്. സംഭവം പാർട്ടിക്ക് പുറത്ത് വിവാദമായതിന്റെ പേരിലാണ് നടപടിയെന്നാണ് വിവരം. ഏരിയ കമ്മിറ്റി അംഗങ്ങളായ ടി വിശ്വനാഥൻ, കെ കെ ഗംഗാധരൻ എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയിട്ടുണ്ട്.

എംഎൽഎക്കെതിരേ നടപടിയുണ്ടായാൽ പാർട്ടിയുടെ പ്രതിച്ഛായ തകരുമെന്നതിനാലാണ് ആദ്യം നടപടിയിൽ നിന്ന് പാർട്ടി പിന്നോട്ട് പോയത്. എന്നാൽ പയ്യന്നൂരിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അം​ഗങ്ങളായ സി കൃഷ്ണൻ, വി നാരായണൻ, പി സന്തോഷ് എന്നിവർ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നേതൃത്വത്തിന് മുമ്പാകെ സമ്മർദ്ദം ചെലുത്തിയതോടെയാണ് നടപടിക്ക് സിപിഎം നിർബന്ധിതരായത്. ടി ഐ മധുസൂദനനെ ഏരിയാ കമ്മിറ്റികളിലേക്ക് തരംതാഴ്ത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം.

Next Story

RELATED STORIES

Share it