Sub Lead

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തിലേക്ക്; 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ കുത്തിവയ്പ്പ്

45 വയസോ അതില്‍ കൂടുതലോ പ്രായമുള്ള പൗരന്‍മാര്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ 60 വയസ്സിനു മുകളിലുള്ള പൗരന്‍മാര്‍ക്കും മറ്റ് രോഗങ്ങളുള്ള 45 വയസ്സിനു മുകളിലുള്ളവര്‍ക്കും മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പിന് അനുമതിയുണ്ടായിരുന്നത്.

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തിലേക്ക്; 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ കുത്തിവയ്പ്പ്
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസ്സിന് മുകളിലുള്ള മുഴുവന്‍ പൗരന്‍മാര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സാഹചര്യമുണ്ടെന്നും എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിച്ച് കൊവിഡ് പ്രതിരോധം നേടാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

45 വയസോ അതില്‍ കൂടുതലോ പ്രായമുള്ള പൗരന്‍മാര്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ 60 വയസ്സിനു മുകളിലുള്ള പൗരന്‍മാര്‍ക്കും മറ്റ് രോഗങ്ങളുള്ള 45 വയസ്സിനു മുകളിലുള്ളവര്‍ക്കും മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പിന് അനുമതിയുണ്ടായിരുന്നത്. കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെയും വിദഗ്ധരുടെയും ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ജാവദേക്കര്‍ പറഞ്ഞു.

രാജ്യത്ത് ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 45 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള മറ്റ് രോഗികള്‍ക്കും വാക്‌സിന്‍ നല്‍കി. മൂന്നാ ഘട്ടത്തില്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 4.85 കോടി ആളുകള്‍ക്ക് കുറഞ്ഞത് ഒരു ഡോസ് കൊവിഡ് വാക്‌സിനും 80 ലക്ഷം പേര്‍ക്ക് രണ്ടാമത്തെ ഡോസും ലഭിച്ചുവെന്ന് മന്ത്രി പറഞ്ഞു.

നാലാമത്തെയും എട്ടാമത്തെയും ആഴ്ചയ്ക്കിടയിലാണ് കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് ഒരു ഇടവേളയ്ക്കുശേഷം കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു. രാജ്യത്ത് പുതുതായി 40,715 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it