Sub Lead

അര്‍ണബിന്റെ ചാറ്റ് പുറത്തുവന്നതിന് പിന്നാലെ ബാര്‍ക്ക് മുന്‍ സിഇഒ ഐസിയുവില്‍

ടിആര്‍പി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് തലോജ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു പാര്‍ത്തോദാസ് ഗുപ്ത. ഡിസംബര്‍ 24നാണ് പാര്‍ത്തോ ദാസിനെ മുംബൈ പോലിസ് അറസ്റ്റ് ചെയ്തത്.

അര്‍ണബിന്റെ ചാറ്റ് പുറത്തുവന്നതിന് പിന്നാലെ ബാര്‍ക്ക് മുന്‍ സിഇഒ ഐസിയുവില്‍
X

ന്യൂഡൽഹി: റിപബ്ലിക്ക് ടിവി മേധാവി അര്‍ണബ് ഗോസാമിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നതിന് പിന്നാലെ ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്ത ആശുപത്രിയില്‍. രക്തസമ്മര്‍ദ്ദവും രക്തത്തില്‍ പഞ്ചസാരയുടെ അളവും കുറഞ്ഞതിനെ തുടര്‍ന്നാണ് പാര്‍ത്തോദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതികരണശേഷി നഷ്ടപ്പെട്ട അദ്ദേഹം ഐസിയുവില്‍ ചികിൽസയിലാണെന്ന് മുംബൈ ജെജെ ആശുപത്രി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.

ടിആര്‍പി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് തലോജ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു പാര്‍ത്തോദാസ് ഗുപ്ത. ഡിസംബര്‍ 24നാണ് പാര്‍ത്തോ ദാസിനെ മുംബൈ പോലിസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ സൂത്രധാരന്‍ പാര്‍ത്തോദാസാണെന്ന് മുംബൈ പോലിസ് വ്യക്തമാക്കിയിരുന്നു.

2019 ഏപ്രില്‍ നാലിന് അര്‍ണബും പാര്‍ത്തോദാസും നടത്തിയ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇന്നലെയാണ് പുറത്തുവന്നത്. ടിആര്‍പി റേറ്റിങ് റിപബ്ലിക്ക് ടിവിക്ക് അനുകൂലമാക്കാനുള്ള ഗൂഢാലോചന ഇരുവരുടേയും ചാറ്റുകളില്‍ വ്യക്തമാണ്. ബിജെപി സര്‍ക്കാരില്‍ നിന്ന് ആവശ്യമായ സഹായങ്ങള്‍ നേടിയെടുക്കാമെന്ന വാഗ്ദാനം പാര്‍ത്തോ ദാസിന് അര്‍ണബ് നല്‍കുന്നുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സ്ഥാനം വേണമെന്നാണ് പാര്‍ത്തോ ദാസ് അതിന് മറുപടി നല്‍കിയത്.

പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര മന്ത്രിമാര്‍, ബിജെപി നേതാക്കള്‍ എന്നിവരുമായുള്ള അര്‍ണബിന്റെ ബന്ധവും ചാറ്റുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല, മറ്റ് ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരെ വളരെ മോശം ഭാഷ ഉപയോഗിച്ചാണ് അര്‍ണബ് വിശേഷിപ്പിക്കുന്നത്. അവതാരകന്‍ രജത ശര്‍മ മണ്ടനും ചതിയനുമാണെന്നാണ് അര്‍ണബ് പറയുന്നത്. വനിതാ അവതാരകയായ നവിക കുമാറിനെ 'കച്ചറ' എന്നാണ് അര്‍ണബ് ചാറ്റില്‍ വിശേഷിപ്പിക്കുന്നത്.

ചാറ്റില്‍ ഇരുവരും പറയുന്ന എഎസ് ആരാണെന്ന ചര്‍ച്ചയും ഇന്നലെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു. എഎസ് എന്നത് ആഭ്യന്തരമന്ത്രി അമിത് ഷാ എന്നതിന്റെ ചുരുക്ക പേരാണെന്ന് സാമൂഹിക മാധ്യമങ്ങളിലെ ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍. അര്‍ണബിനെ സഹായിച്ചാല്‍ എഎസിനോട് പറഞ്ഞ് ബാര്‍കിനെതിരേ നിശബ്ദത പാലിക്കാന്‍ ട്രായിയെ പ്രേരിപ്പിക്കണമെന്നാണ് പാര്‍ത്തോ ദാസ് പറയുന്നത്. അത് അര്‍ണബ് ചാറ്റില്‍ സമ്മതിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it