Sub Lead

യുവാവിനെ പ്രതിയാക്കാന്‍ വ്യാജരേഖ: എ വി ജോര്‍ജ് അടക്കം എട്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കോടതി സമന്‍സ്

കോഴിക്കോട് സെക്കന്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഗോപാലകൃഷ്ണ നവ്ഡയാണ് ജൂലൈ 27 ന് ഹാജരാവാന്‍ ആവശ്യപ്പെട്ടത്.

യുവാവിനെ പ്രതിയാക്കാന്‍ വ്യാജരേഖ: എ വി ജോര്‍ജ് അടക്കം എട്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കോടതി സമന്‍സ്
X

പി സി അബ്ദുല്ല

കോഴിക്കോട്: ബാങ്ക് കവര്‍ച്ചാ ശ്രമം ആരോപിച്ച് കേസില്‍ ഉള്‍പ്പെടുത്തിയ പ്രതികള്‍ക്കെതിരെ കോടതിയില്‍ വ്യാജ രേഖകളും സത്യവാങ്മൂലവും ഹാജരാക്കിയ സംഭവത്തില്‍ മുന്‍ സിറ്റി പോലിസ് കമ്മീഷണറായിരുന്ന എ വി ജോര്‍ജടക്കമുള്ള എട്ട് പോലിസുകാര്‍ക്ക് കോടതി സമന്‍സ് അയച്ചു. കോഴിക്കോട് സെക്കന്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഗോപാലകൃഷ്ണ നവ്ഡയാണ് ജൂലൈ 27 ന് ഹാജരാവാന്‍ ആവശ്യപ്പെട്ടത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അന്യായമായി കസ്റ്റഡിയില്‍ വെച്ച് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് പേരാമ്പ്ര ചാലിക്കര സ്വദേശി കോമത്ത് അശ്‌റഫ് സമര്‍പ്പിച്ച കേസിലാണ് നടപടി.

എവി ജോര്‍ജിന് പുറമേ സംഭവ സമയം ചേവായൂര്‍ സി ഐ ആയിരുന്ന എ വി ജോണ്‍, ചേവായൂര്‍ സ്‌റ്റേഷനിലെ എസ്‌ഐമാരായ ബി കെ സിജു, ഡി പ്രസാദ്, എഎസ്‌ഐ ബാബു, കോണ്‍സ്റ്റബിള്‍മാരായ മുഹമ്മദ് ഷാഫി, രണ്‍ധീര്‍, അജിത് കുമാര്‍ എന്നീ പോലിസുകാര്‍ക്കെതിരെയാണ് നടപടി. 2014 ജൂലൈ 7ന് വീട്ടില്‍ നിന്നു കസ്റ്റഡിയിലെടുത്ത അശ്‌റഫിനെ നാലു ദിവസം ചേവായൂര്‍ പോലിസ് സ്‌റ്റേഷന്‍ ലോക്കപ്പില്‍ പാര്‍പ്പിച്ച് മുന്‍ പരിചയമില്ലാത്ത മറ്റ് അഞ്ച് പേരോടൊപ്പം ബാങ്ക് കവര്‍ച്ചാ ശ്രമക്കേസില്‍ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. കവര്‍ച്ചാ ശ്രമക്കേസില്‍ ഉള്‍പ്പെടുത്തിയ പ്രതികളെ എ വി ജോര്‍ജിന്റെ സാന്നിധ്യത്തില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. മേല്‍ കേസില്‍ പ്രതികളെ തെളിവിന്റെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. പ്രതിചേര്‍ക്കപ്പെട്ട കോമത്ത് അശ്‌റഫ് തന്നെയാണ് സ്വന്തമായി കേസ് വാദിച്ച് പോലിസുകാര്‍ക്കെതിരെ കോടതിക്ക് മുന്നില്‍ തെളിവുകള്‍ ഹാജരാക്കിയത്.

Next Story

RELATED STORIES

Share it