Sub Lead

യുപി മോഡല്‍ കര്‍ണാടകയിലും; മദ്‌റസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വസംഘടനകള്‍

യുപി മോഡല്‍ കര്‍ണാടകയിലും; മദ്‌റസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വസംഘടനകള്‍
X

ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ്, ബാങ്ക് വിളി, ഹലാല്‍ ഭക്ഷണം, ക്ഷേത്രപരിസരത്ത് മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്ക് തുടങ്ങിയ കാംപയിനുകള്‍ക്ക് പിന്നാലെ മദ്‌റസകളിലേക്കും കടന്നുകയറി ഹിന്ദുത്വസംഘടനകള്‍. ഉത്തര്‍പ്രദേശിലെ മദ്‌റസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ മാതൃക കര്‍ണാടകയിലും നടപ്പാക്കണമെന്ന ആവശ്യമാണ് ഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തുന്നത്. മദ്‌റസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന ആവശ്യമുയര്‍ത്തി കാംപയിന് തുടക്കമിട്ടിരിക്കുകയാണ് സംഘപരിവാര സംഘടനകള്‍.

ബാങ്ക് വിളി, ഹിജാബ്, ക്ഷേത്രപരിസരത്തെ മുസ്‌ലിം വ്യാപാരികളുടെ കച്ചവടം തുടങ്ങിയവ നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയില്‍ വലിയ പ്രക്ഷോഭങ്ങളും ആക്രമണങ്ങളുമാണ് അഴിച്ചുവിട്ടിരുന്നത്. ഇപ്പോള്‍ മദ്‌റസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന ആവശ്യമുയര്‍ത്തി കര്‍ണാടകയെ വീണ്ടും കലുഷിതമാക്കാനാണ് ഹിന്ദുത്വസംഘടനകള്‍ പദ്ധതിയിടുന്നത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് മദ്‌റസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുന്ന തരത്തില്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ യോജിച്ച നീക്കം ആരംഭിച്ചുകഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ഇതിനായി പ്രചാരണം ശക്തമാണ്. ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയ മാതൃക ഇപ്പോള്‍ കര്‍ണാടകയിലും നടപ്പാക്കണമെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം. 968 മദ്‌റസകള്‍ സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് വാങ്ങുന്നുണ്ട്. ഇതില്‍ 394 മദ്‌റസകളാണ് വഖ്ഫ് ബോര്‍ഡില്‍ ഉള്‍പ്പെടാന്‍ പോവുന്നത്. നിലവില്‍ മദ്‌റസകളില്‍ ദേശീയ ഗാനം ആലപിക്കാറില്ല. എല്ലാ ദിവസവും 'ഹംദ്', 'സലാം' പ്രാര്‍ത്ഥനകളാണ് ആലപിക്കാറുള്ളത്. സ്വാതന്ത്ര്യദിനത്തിലും റിപബ്ലിക് ദിനത്തിലും ദേശീയ ഗാനം ആലപിക്കാറുണ്ടെന്ന് മദ്‌റസകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, മദ്‌റസകളില്‍ ദേശീയഗാനം ആലപിക്കാറില്ലെന്ന് ഹിന്ദുത്വ സംഘടനകള്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് ഉത്തര്‍പ്രദേശിലെ മദ്‌റസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പ്രാര്‍ത്ഥനകള്‍ക്കൊപ്പം തന്നെ ദേശീയ ഗാനവും നിര്‍ബന്ധമാക്കിയത് സംബന്ധിച്ച് ഉത്തരവ് മദ്‌റസ കൗണ്‍സില്‍ പുറത്തിറക്കി. ദേശീയ ഗാനം നിര്‍ബന്ധമാക്കിയതായി ഉത്തര്‍പ്രദേശ് മദ്‌റസ വിദ്യാഭ്യാസ കൗണ്‍സിലാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതനുസരിച്ച് എല്ലാ മദ്‌റസകളിലും ഇനി മുതല്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ദേശീയ ഗാനം ആലപിച്ചുകൊണ്ടുവേണം ക്ലാസുകള്‍ ആരംഭിക്കാനെന്ന മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

എല്ലാ അംഗീകൃത, എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്‌റസകളിലും ഉത്തരവ് ബാധകമായിരിക്കും. മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡ് രജിസ്ട്രാര്‍ എസ് എന്‍ പാണ്ഡെ മെയ് 9 ന് എല്ലാ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫിസര്‍മാര്‍ക്കും ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. മാര്‍ച്ച് 24 ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലെ തീരുമാനത്തെ അടിസ്ഥാനമാക്കിയായിരുന്നു ഉത്തരവ്. പുതിയ അക്കാദമിക് സെഷന്‍ മുതല്‍ എല്ലാ മദ്‌റസകളിലും പ്രാര്‍ത്ഥനാ സമയത്ത് ദേശീയ ഗാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. യുപിയില്‍ നിലവില്‍ ആകെ 16,461 മദ്‌റസകളാണുള്ളത്. അതില്‍ 560 എണ്ണം ഗ്രാന്റ് സ്വീകരിക്കുന്നവയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

Next Story

RELATED STORIES

Share it