Sub Lead

കൊലക്കേസില്‍ ശിക്ഷിക്കാന്‍ പ്രതിയുടെ കുറ്റബോധ വെളിപ്പെടുത്തല്‍ മൊഴി മാത്രം പോരെന്ന് സുപ്രിംകോടതി; ശാസ്ത്രീയ തെളിവില്ലാത്തതിനാല്‍ ജീവപര്യന്തം റദ്ദാക്കി

കൊലക്കേസില്‍ ശിക്ഷിക്കാന്‍ പ്രതിയുടെ കുറ്റബോധ വെളിപ്പെടുത്തല്‍ മൊഴി മാത്രം പോരെന്ന് സുപ്രിംകോടതി; ശാസ്ത്രീയ തെളിവില്ലാത്തതിനാല്‍ ജീവപര്യന്തം റദ്ദാക്കി
X

ന്യൂഡല്‍ഹി: കൊലപാതകം നടത്തിയതിലെ പശ്ചാത്താപം മൂലം സ്വയം വെളിപ്പെടുത്തി മൊഴി നല്‍കിയ യുവാവിന്റെ ശിക്ഷ സുപ്രിംകോടതി റദ്ദാക്കി. കുറ്റാരോപിതന്‍ പോലിസ് ഉദ്യോഗസ്ഥനോട് നടത്തുന്ന വെളിപ്പെടുത്തലുകളെ മറ്റു തെളിവുകളില്ലാതെ അയാള്‍ക്കെതിരായ തെളിവായി ഉപയോഗിക്കാനാവില്ലെന്ന തെളിവ് നിയമത്തിലെ 25ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. കേസില്‍ പോലിസ് കൊണ്ടുവന്ന മെഡിക്കല്‍ തെളിവുകള്‍ കുറ്റാരോപിതനെ ശിക്ഷിക്കാന്‍ അപര്യാപ്തമാണെന്നും സുപ്രിംകോടതി വിലയിരുത്തി.

2019 സെപ്റ്റംബര്‍ 27ന് ഛത്തീസ്ഗഡിലെ കോര്‍ബയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നാരായണ്‍ യാദവും രാം ബാബു ശര്‍മയും ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു. ഒരു ദിവസം മദ്യപാനത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പെണ്‍സുഹൃത്തിനെ കുറിച്ചുള്ള പരാമര്‍ശമാണ് തര്‍ക്കത്തിന് കാരണമായത്. തുടര്‍ന്ന് നാരായണ്‍ യാദവ് കത്തിയെടുത്ത് രാം ബാബു ശര്‍മയെ കുത്തി. പിന്നീട് പട്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മൃതദേഹം എടുത്ത് അലമാരയില്‍ ഒളിപ്പിച്ചു. എന്നാല്‍, അടുത്ത ദിവസം രാവിലെ ബോധം വന്നപ്പോള്‍ പോലിസില്‍ പോയി വിവരം അറിയിച്ചു.

കോര്‍ബ പോലിസാണ് കേസെടുത്തത്. എന്നാല്‍, വിചാരണയില്‍ നാരായണ്‍ യാദവ് നിലപാട് മാറ്റി. പോലിസ് തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് വാദിച്ചത്. ഈ വാദം തള്ളിയ വിചാരണക്കോടതി യാദവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഹൈക്കോടതി ശിക്ഷ ശരിവച്ചു. തുടര്‍ന്നാണ് നാരായണ്‍ യാദവ് സുപ്രിംകോടതിയെ സമീപിച്ചത്. കേസിലെ എഫ്‌ഐആറിനൊപ്പമുള്ള മെഡിക്കല്‍ തെളിവുകള്‍ ശിക്ഷിക്കാന്‍ പര്യാപ്തമല്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. അക്കാര്യം പരിശോധിക്കാതെയാണ് വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചതെന്നും സുപ്രിംകോടതി വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it