Sub Lead

ഹോളി ദിനത്തില്‍ മുസ്‌ലിംകള്‍ പുറത്തിറങ്ങരുതെന്ന് ബിജെപി എംഎല്‍എ; ബിഹാര്‍ തന്റെ തന്തയുടെ വകയാണോ എന്ന് തേജസ്വി യാദവ്

ഹോളി ദിനത്തില്‍ മുസ്‌ലിംകള്‍ പുറത്തിറങ്ങരുതെന്ന് ബിജെപി എംഎല്‍എ; ബിഹാര്‍ തന്റെ തന്തയുടെ വകയാണോ എന്ന് തേജസ്വി യാദവ്
X

പറ്റ്‌ന: ഹോളി ദിനത്തില്‍ മുസ്‌ലിംകള്‍ വീടിന് പുറത്തിറങ്ങരുതെന്ന ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ ഠാക്കൂര്‍ ബചോലിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ബിഹാര്‍, ഹരിഭൂഷണ്‍ ഠാക്കൂറിന്റെ തന്തയുടെ വകയാണോ എന്ന് തേജസ്വി യാദവ് ചോദിച്ചു.

'' മുസ്‌ലിംകള്‍ പുറത്തിറങ്ങരുതെന്നാണ് ബിജെപി എംഎല്‍എ പറഞ്ഞിരിക്കുന്നത്. ഇത് അയാളുടെ തന്തയുടെ സംസ്ഥാനമാണോ? ആരാണയാള്‍? എങ്ങനെയാണ് അയാള്‍ക്ക് ഇങ്ങനെ ഒരു പ്രസ്താവനയിറക്കാന്‍ സാധിച്ചത്?''-തേജസ്വി യാദവ് ചോദിച്ചു.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ അബോധാവസ്ഥയിലാണെന്നും തേജസ്വി യാദവ് പരിഹസിച്ചു. ''ദലിത് വനിതകള്‍ അവകാശത്തെയും അഭിമാനത്തെയും കുറിച്ച് പറഞ്ഞാല്‍ അദ്ദേഹം അവരെ ശകാരിക്കും. ഈ എംഎല്‍എയെ ശകാരിക്കാന്‍ ധൈര്യമുണ്ടോ ?. ജെഡിയുവിന് ഇപ്പോള്‍ ബിജെപിയുടെയും സംഘപരിവാറിന്റെയും നിറമാണ്. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ കസേരയല്ലാതെ മറ്റൊന്നിലും ശ്രദ്ധയില്ല.''-തേജസ്വി യാദവ് പറഞ്ഞു.

വര്‍ഷത്തില്‍ ഒരിക്കലാണ് ഹോളി വരുന്നതെന്നും ഒരു വെള്ളിയാഴ്ച്ച ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് മുസ്‌ലിംകള്‍ വീട്ടിന് അകത്ത് ഇരിക്കണമെന്നുമാണ് ഠാക്കൂര്‍ ആവശ്യപ്പെട്ടിരുന്നത്. മതവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് താന്‍ അങ്ങനെ പറഞ്ഞതെന്നാണ് ഠാക്കൂര്‍ വിശദീകരിക്കുന്നത്. എന്നാല്‍, രാജ്യത്ത് കലാപം നിര്‍മിക്കുന്ന പാര്‍ട്ടി ബിജെപിയാണെന്ന് തേജസ്വി യാദവ് തിരിച്ചടിച്ചു.

''ഈ എംഎല്‍എയ്ക്ക് എന്തറിയാം? ഇത് ബിഹാറാണ്. ഇവിട് അഞ്ച് ഹിന്ദുക്കള്‍ ചേര്‍ന്ന് ഓരോ മുസ്‌ലിംകള്‍ക്കും സംരക്ഷണം നല്‍കും. നിങ്ങളാണ് കലാപങ്ങള്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നത്. അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങളുടെ പാര്‍ട്ടി ഇവിടെ ഉള്ളിടത്തോളം ഞങ്ങള്‍ അവരുടെ അജണ്ട വിജയിക്കാന്‍ അനുവദിക്കില്ല.''-അദ്ദേഹം പറഞ്ഞു.

ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനാണ് തേജസ്വി യാദവ്. ബാബരി മസ്ജിദ് തകര്‍ക്കാന്‍ രഥയാത്ര നടത്തിയ എല്‍ കെ അദ്വാനിയെ അക്കാലത്ത് ലാലുവിന്റെ നിര്‍ദേശപ്രകാരം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it