Sub Lead

എം സി ഖമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; ബാധ്യത ലീഗ് ഏറ്റെടുക്കില്ലെന്ന് കെ പി എ മജീദ്

എം സി ഖമറുദ്ദീന്‍ ചെയര്‍മാനും ടി കെ പൂക്കോയതങ്ങള്‍ എംഡിയുമായ ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപകരില്‍ നിന്ന് വന്‍തുക വാങ്ങി വഞ്ചിച്ചെന്നു കാണിച്ച് നിരവധി പേരാണ് പോലിസില്‍ പരാതിയുമായെത്തിയത്

എം സി ഖമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; ബാധ്യത ലീഗ് ഏറ്റെടുക്കില്ലെന്ന് കെ പി എ മജീദ്
X

കാസര്‍കോട്: മുസ് ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം സി ഖമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ നിക്ഷേപകരുടെ ബാധ്യത പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. നിക്ഷേപകരുടെ ബാധ്യത ഏറ്റെടുക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഖമറുദ്ദീന്‍ തന്നെയാണ് നിക്ഷേപകരുടെ പണം തിരിച്ചുനല്‍കാനുള്ള നടപടി സ്വീകരിക്കേണ്ടത്. ഇതിനു ആറു മാസത്തെ സമയം പാര്‍ട്ടി അനുവദിച്ചിട്ടിട്ടുണ്ട്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ നടപടിയെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖമറുദ്ദീനോട് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ലീഗ് നേതൃത്വം ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.

എം സി ഖമറുദ്ദീന്‍ ചെയര്‍മാനും ടി കെ പൂക്കോയതങ്ങള്‍ എംഡിയുമായ ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപകരില്‍ നിന്ന് വന്‍തുക വാങ്ങി വഞ്ചിച്ചെന്നു കാണിച്ച് നിരവധി പേരാണ് പോലിസില്‍ പരാതിയുമായെത്തിയത്. ഖമറുദ്ദീനെതിരേ മാത്രം 90ലേറെ കേസുകള്‍ നിലവിലുണ്ട്. തട്ടിപ്പിനെതിരേ നിക്ഷേപകര്‍ പരസ്യമായി രംഗത്തെത്തിയതോടെ ലീഗ് സംസ്ഥാന നേതൃത്വം ഇടപെടുകയും കല്ലട്ര മാഹിന്‍ ഹാജിയെ മധ്യസ്ഥനായി ചുമതലപ്പെടുത്തുകയും ഖമറുദ്ദീന്റെ ആസ്തിവിവരങ്ങളുടെ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല, ആറു മാസത്തിനകം നിക്ഷേപകരുടെ ബാധ്യതകള്‍ പൂര്‍ണമായും വീട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആസ്തിവിവരങ്ങളുടെ വിവരങ്ങള്‍ നല്‍കിയെങ്കിലും നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിച്ചില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

നിക്ഷേപത്തിന്റെ പേരില്‍ 800ഓളം പേരില്‍നിന്നായി 150 കോടിയോളം രൂപയാണ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിക്കു വേണ്ടി സ്വരൂപിച്ചതെന്നാണു റിപോര്‍ട്ട്. 96 കോടി രൂപ നിക്ഷേപമായും 50 കോടിയിലധികം രൂപ സ്വര്‍ണ സ്‌കീമുകളിലൂടെയും വാങ്ങി. ലീഗ് പ്രവര്‍ത്തകരും ലീഗനുഭാവ പ്രവാസി സംഘടനാ പ്രവര്‍ത്തകരുമാണ് തട്ടിപ്പിനിരയായവരില്‍ കൂടുതലും. എന്നാല്‍, ജ്വല്ലറി അടച്ചുപൂട്ടിയതോടെ നിക്ഷേപകര്‍ക്ക് ലാഭവിഹിതം കിട്ടാതായതോടെയാണ് പാേലിസില്‍ പരാതി നല്‍കാന്‍ പലരും മുന്നോട്ടുവന്നത്.




Next Story

RELATED STORIES

Share it