Sub Lead

മലയാളികളെ ഉന്നംവച്ച് സംഘപരിവാരം; ദിഷാ രവി കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനിയെന്ന് പ്രചാരണം

ദിഷ രവി ജോസഫ് കേരളത്തില്‍ നിന്നുള്ള സിറിയന്‍ ക്രിസ്ത്യാനി ആണെന്നും, ഈ സമുദായത്തില്‍ നിന്നുള്ളവര്‍ എപ്പോഴും ഇന്ത്യയെ ഭിന്നിപ്പിക്കുന്നതില്‍ മുന്നിലാണെന്നുമാണ് പ്രചാരണങ്ങള്‍.

മലയാളികളെ ഉന്നംവച്ച് സംഘപരിവാരം;  ദിഷാ രവി കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനിയെന്ന് പ്രചാരണം
X

ബെംഗലുരു: രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മലയാളികളെ ഉന്നംവച്ചുള്ള സംഘപരിവാര പ്രചാരണം തുടരുന്നു. പൗരത്വ പ്രക്ഷോഭത്തിലും കര്‍ഷക പ്രക്ഷോഭത്തിലും മലയാളികളെ ലക്ഷ്യമിട്ട് സംഘപരിവാര കേന്ദ്രങ്ങള്‍ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ഇതിന് തുടര്‍ച്ചയായാണ് യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റിന് പിന്നാലെ കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത്.


ദിഷ രവി ജോസഫ് കേരളത്തില്‍ നിന്നുള്ള സിറിയന്‍ ക്രിസ്ത്യാനി ആണെന്നും, ഈ സമുദായത്തില്‍ നിന്നുള്ളവര്‍ എപ്പോഴും ഇന്ത്യയെ ഭിന്നിപ്പിക്കുന്നതില്‍ മുന്നിലാണെന്നുമാണ് പ്രചാരണങ്ങള്‍. വേരിഫൈഡ് അക്കൗണ്ടുകളില്‍ നിന്ന് അടക്കമാണ് ദിഷയുടെ മുഴുവന്‍ പേര് ദിഷ രവി ജോസഫ് എന്നാണെന്നും ദിഷ മലയാളിയാണെന്നുമുള്ള നിലയില്‍ പ്രചാരണം ശക്തമാവുന്നത്.

ടൂള്‍ കിറ്റ് കേസിലാണ് 22 കാരിയായ ദിഷയെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ എന്ന പരിസ്ഥിതി സംഘടനയുടെ ഇന്ത്യന്‍ ചാപ്റ്ററിന്റെ സഹ സ്ഥാപകയാണ് ദിഷ. കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ടൂള്‍കിറ്റുമായി ബന്ധപ്പെട്ടാണ് ഫെബ്രുവരി 13ന് ദിഷ അറസ്റ്റിലായത്. എന്നാല്‍ ദിഷയുടെ പേരില്‍ സാമുദായിക വൈരം പരത്താനുള്ള ശ്രമമാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ ഉംറാവു അടക്കമുള്ളവരാണ് ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നത്.

ദിഷ രവിക്കെതിരായ ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ പ്രശാന്ത് പട്ടേല്‍ ഉംറാവു ട്വീറ്റ് നീക്കിയിരുന്നു. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ക്രിസ്തീയ വിശ്വാസം വെല്ലുവിളിയാണെന്ന തരത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്.

ദിഷ രവി ക്രിസ്ത്യാനിയാണെന്ന വിവരം മാധ്യമങ്ങള്‍ മറച്ചുവയ്ക്കുന്നുവെന്നാണ് ബിജെപി എംഎല്‍എയായ ദിനേഷ് ചൗധരി ട്വീറ്റ് ചെയ്തത്.

കര്‍ണാടക സ്വദേശിനിയായ ദിഷയുടെ മുഴുവന്‍ പേര് ദിഷ അന്നപ്പ രവി എന്നിരിക്കെയാണ് ഈ വ്യാജ പ്രചാരണങ്ങള്‍. കര്‍ണാടകയിലെ തുംകൂറിലെ ടിപ്ടൂറിലുള്ള ലിംഗായത്ത് വിഭാഗത്തിലെ കുടുബത്തില്‍ നിന്നുള്ളയാളാണ് ദിഷയെന്നാണ് കുടുംബാഗങ്ങള്‍ ബൂം ലൈവ് അടക്കമുള്ള മാധ്യമങ്ങളോട് വിശദമാക്കിയിരിക്കുന്നത്.

പൗരത്വ പ്രക്ഷോഭം നടക്കുന്ന സമയത്തും മലയാളികളെ ലക്ഷ്യമിട്ട് സംഘപരിവാര്‍ പ്രചാരണം നടത്തിയിരുന്നു. കത് വ സംഭവത്തിലും ഉന്നോവ സംഭവത്തിലും മലയാളി എംപിമാരെയും ജനപ്രതിനിധികളേയും ലക്ഷ്യമിട്ട് വിദ്വേഷ പ്രചാരണം നടത്തി.

Next Story

RELATED STORIES

Share it