Sub Lead

ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പെയുള്ള ഏറാണോ? പി ജയരാജന്‍ വധശ്രമക്കേസില്‍ ലീഗുകാരായ പ്രതികളെ വെറുതെവിട്ടതില്‍ സിപിഎം തുടരുന്ന മൗനത്തില്‍ പ്രതികരണവുമായി ഷുക്കൂറിന്റെ സഹോദരന്‍

ജയരാജന്‍ വധശ്രമക്കേസില്‍ പ്രതികളെ വെറുതെവിട്ടതില്‍ വാദി ഭാഗത്തിന്റെ മൗനത്തിന് വലിയ മാനമുണ്ടെന്നാണ് മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ദാവൂദ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പെയുള്ള ഏറാണോ? പി ജയരാജന്‍ വധശ്രമക്കേസില്‍ ലീഗുകാരായ പ്രതികളെ വെറുതെവിട്ടതില്‍ സിപിഎം തുടരുന്ന മൗനത്തില്‍ പ്രതികരണവുമായി ഷുക്കൂറിന്റെ സഹോദരന്‍
X

കണ്ണൂര്‍: പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളായ ലീഗു പ്രവര്‍ത്തകരെ വെറുതെ വിട്ട കോടതി വിധിയില്‍ സിപിഎം തുടരുന്ന മൗനത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട അരിയില്‍ ഷുക്കൂറിന്റെ സഹോദരന്‍ മുഹമ്മദ് ദാവൂദ്.

ജയരാജന്‍ വധശ്രമക്കേസില്‍ പ്രതികളെ വെറുതെവിട്ടതില്‍ വാദി ഭാഗത്തിന്റെ മൗനത്തിന് വലിയ മാനമുണ്ടെന്നാണ് മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ദാവൂദ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പെയുള്ള ഏറാണോ ഇതെന്ന് നിയമ വിദ്യാര്‍ഥികളായ പല സുഹൃത്തുക്കളും ചോദിക്കുന്നതായും അങ്ങിനെ ആവാനുള്ള സാധ്യത കുറവല്ല എന്ന തോന്നല്‍ തങ്ങള്‍ക്കുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം തുറന്നടിക്കുന്നുണ്ട്.

അരിയില്‍ ഷുക്കൂര്‍ കേസില്‍ ദൈവത്തിന്റേയും നിയമത്തിന്റേയും അദൃശ്യമായ കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പ്രതീക്ഷയില്‍ നമുക്ക് കോടതിയില്‍ കാണാമെന്ന ശുഭാപ്തി വിശ്വാസം പങ്കുവച്ചാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കോടതി വിധിയില്‍ പ്രതികരണമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചതിനു ശേഷം വിശദമായ പ്രതികരണം നടത്തുമെന്നാണ് പി ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന കോടതി വിധി ഒത്തു തീര്‍പ്പിന്റെ ഭാഗമാണോ അതോ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാനുള്ള കോടതി വിധി നിര്‍മിച്ചെടുക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള ശ്രമമാണോ എന്ന തരത്തില്‍ പലകോണുകളില്‍നിന്നും സംശയമുയര്‍ന്നിരുന്നു.

തളിപ്പറമ്പിനടുത്തെ അരിയയില്‍ വച്ച് സിപിഎം നേതാക്കളെ ആക്രമിച്ചുവെന്നായിരുന്നു കേസ്്. ഇതിനു പിന്നാലെയാണ് അരിയയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഇത് സിപിഎം നേതാക്കളുടെ പ്രതികാരമാണെന്നായിരുന്നു മുസ്ലീം ലീഗ് ആരോപിച്ചിരുന്നത്.

2012 ഫെബ്രുവരി 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ഇത്തരമൊരു അക്രമം തന്നെ ഉണ്ടായിട്ടില്ലെന്നും കേസില്‍ ഹാജരാക്കിയ രേഖകള്‍ യഥാര്‍ഥമല്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് 12 പ്രതികളെ കോടതി വെറുതെവിട്ടത്.

ജയരാജന്‍ സഞ്ചരിച്ച വാഹനത്തിനെതിരേ ആക്രമണം ഉണ്ടായില്ലെന്ന വാദം കോടതി അംഗീകരിച്ചതോടെ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ജയരാജന് പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് ശക്തിപകരുമെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.


അതേസമയം, വിവാദമായതോടെ മണിക്കൂറുകള്‍ക്കു ശേഷം പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it