Sub Lead

ഹിന്ദു ദൈവങ്ങളെക്കുറിച്ച് പരാമര്‍ശം; തനിക്ക് ആള്‍ദൈവങ്ങളുടെ വധഭീഷണിയെന്ന് ഡല്‍ഹി മുന്‍ മന്ത്രി രാജേന്ദ്രപാല്‍ ഗൗതം

ഹിന്ദു ദൈവങ്ങളെക്കുറിച്ച് പരാമര്‍ശം; തനിക്ക് ആള്‍ദൈവങ്ങളുടെ വധഭീഷണിയെന്ന് ഡല്‍ഹി മുന്‍ മന്ത്രി രാജേന്ദ്രപാല്‍ ഗൗതം
X

ന്യൂഡല്‍ഹി: മതപരിവര്‍ത്തന ചടങ്ങില്‍ ഹിന്ദു ദൈവങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ആള്‍ദൈവങ്ങളില്‍ നിന്ന് വധഭീഷണി നേരിടുന്നുവെന്ന ആരോപണവുമായി ഡല്‍ഹി മുന്‍ മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം രംഗത്ത്. നിരവധി സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. 'ഇന്ന് രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പോലിസ് ഭരണകൂടത്തിനും ഇതുസംബന്ധിച്ച് പരാതി നല്‍കി. ഭയത്തിന് അതീതമാണ് വിജയം. ജയ് ഭീം!'- ഗൗതം ട്വീറ്റ് ചെയ്തു.

അയോധ്യ ആസ്ഥാനമായുള്ള മൂന്ന് ഹിന്ദു ദൈവങ്ങള്‍ തന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താനും മതപരമായ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും ശ്രമിക്കുകയാണെന്ന് എഎപി എംഎല്‍എ കത്തില്‍ ആരോപിച്ചു. ഈ ബാബമാരില്‍ ഒരാള്‍, മതത്തിന്റെ പേരില്‍ ആളുകളെ പ്രേരിപ്പിച്ച് തന്നെ കൊല്ലാന്‍ കരാര്‍ നല്‍കി, അതിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു- അദ്ദേഹം പറയുന്നു. പോലിസില്‍ പരാതി നല്‍കി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ചിട്ടുണ്ട്. ഈ സ്വയം പ്രഖ്യാപിത ബാബമാര്‍ തന്റെയും തന്റെ സമൂഹത്തിന്റെയും ധര്‍മ ദീക്ഷ പരിപാടിയില്‍ പങ്കെടുക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങളെ പരസ്യമായി അവഹേളിക്കുകയും പൊതുജനങ്ങളില്‍ മതവികാരം ഇളക്കിവിടുകയും ചെയ്തു.

അവര്‍ തനിക്കെതിരേ അക്രമം അഴിച്ചുവിടുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ലോകമെമ്പാടും നമ്മുടെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുക മാത്രമല്ല, ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന ആളുകളെ പട്ടികജാതിക്കാര്‍ക്കും ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ക്കുമെതിരേ ഇളക്കിവിട്ട് സമൂഹത്തില്‍ വിദ്വേഷവും വളര്‍ത്തുന്ന ജോലിയാണ് അവര്‍ ചെയ്തത്- അദ്ദേഹം കത്തില്‍ കൂട്ടിച്ചേര്‍ത്തു. മതഗുരുക്കളുടെ ഭീഷണിയെ ഭയന്ന് ബാബാ സാഹിബ് അംബേദ്കര്‍ കാണിച്ച പാത പിന്തുടരാതിരിക്കാന്‍ തന്റെ സമൂഹത്തിലെ ആളുകളെ ഭയപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നു. പോലിസും ഭരണകൂടവും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ശത്രുക്കള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം.

അതുവഴി ഭാവിയില്‍ ഒരു വ്യക്തിയും ഇത്തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും രാജ്യത്ത് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം നിലനിര്‍ത്തുകയും വേണം. ഈ സ്വയം പ്രഖ്യാപിത ബാബമാര്‍ക്ക് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്നും അതിന്റെ ഉറവിടങ്ങള്‍ എന്തൊക്കെയാണെന്നും അവര്‍ക്ക് ഏത് തീവ്രവാദ സംഘടനകളുമായാണ് ബന്ധമുള്ളതെന്നും പോലിസ് നിഷ്പക്ഷമായി അന്വേഷിക്കണമെന്നും രാജേന്ദ്ര പാല്‍ ഗൗതം കത്തില്‍ ആവശ്യപ്പെട്ടു.

മതപരിവര്‍ത്തന പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെയാണ് ഡല്‍ഹി സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്രപാല്‍ ഗൗതം രാജിവച്ചത്. പതിനായിരം പേര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്ന ചടങ്ങിലാണ് രാജേന്ദ്രപാല്‍ പങ്കെടുത്തത്. പരിപാടിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, രാജേന്ദ്രപാല്‍ ഗൗതമിന്റെ രാജിയാവശ്യപ്പെട്ട് ബിജെപി രംഗത്തുവന്നിരുന്നു. അരവിന്ദ് കെജരിവാളും എഎപിയും ഹിന്ദുവിരുദ്ധമാണ് എന്നാരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്. തനിക്ക് ഏത് മതത്തില്‍ വേണമെങ്കിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടുണ്ടെന്നായിരുന്നു ആദ്യം രാജേന്ദ്രപാല്‍ നിലപാട് സ്വീകരിച്ചത്.

Next Story

RELATED STORIES

Share it