Sub Lead

ഗാസിപൂരിലെ സമരക്കാരെ ഇന്ന് തന്നെ ഒഴിപ്പിക്കാനൊരുങ്ങി യോ​ഗി സര്‍ക്കാര്‍

സമരഭൂമിയില്‍ നിന്ന് രണ്ട് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നേരത്തെ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

ഗാസിപൂരിലെ സമരക്കാരെ ഇന്ന് തന്നെ ഒഴിപ്പിക്കാനൊരുങ്ങി യോ​ഗി സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ഗാസിപൂരിലെ സമരക്കാരെ ഇന്ന് തന്നെ ഒഴിപ്പിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍. കര്‍ഷക സമരകേന്ദ്രം ഒഴിപ്പിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. ഇവിടേക്കുള്ള വൈദ്യുതിയും ജലവിതരണവും യുപി സര്‍ക്കാര്‍ വിച്ഛേദിച്ചു. പ്രദേശത്ത് കൂടുതല്‍ പോലിസിനേയും അര്‍ധ സൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടണ്ട്. സമരവേദിക്ക് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ പോലിസ് നീക്കി.

ഇതിനിടയില്‍ കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത് കീഴടങ്ങിയേക്കും. അക്രമവുമായി ബന്ധപ്പെട്ട് നേതാക്കളെയടക്കം പ്രതികളാക്കി കര്‍ഷകര്‍ക്കെതിരേ 22 കേസുകള്‍ പോലിസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ചെങ്കോട്ടയിലേതടക്കം പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചതിനാണ് കേസുകളേറെയും.

നേരത്തെ ഡല്‍ഹി അതിര്‍ത്തിയായ സിംഘുവില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരേ ഒരുവിഭാഗം നാട്ടുകാരെന്ന് അവകാശപ്പെട്ട് പ്രതിഷേധിച്ചിരുന്നു. ദേശീയ പതാകയുമേന്തിയാണ് സംഘം സമരഭൂമിയിലേക്ക് മാര്‍ച്ച് നടത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഒരുകൂട്ടം ആളുകള്‍ പ്രതിഷേധവുമായെത്തിയത്. ഇവര്‍ സിംഘു അതിര്‍ത്തിയിലെ നാട്ടുകാരാണെന്നാണ് അവകാശപ്പെട്ടത്.

സമരഭൂമിയില്‍ നിന്ന് രണ്ട് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നേരത്തെ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ബുധനാഴ്ച രാത്രി ജില്ലാ മജിസ്ട്രേറ്റും ഉന്നത പോലിസ് ഉദ്യോഗസ്ഥരും സമരഭൂമിയിലെത്തി പ്രതിഷേധം അവസാനിപ്പിക്കാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

Next Story

RELATED STORIES

Share it