Big stories

ലക്കിടി: പോലിസ് വാദം പൊളിയുന്നു; ആദ്യം വെടിയുതിര്‍ത്തത് പോലിസെന്ന് റിസോര്‍ട്ട് ജീവനക്കാരന്‍

പോലിസിന്റെ വാദം തള്ളി സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരും അധികൃതരും രംഗത്തെത്തി. ആദ്യം പോലിസുകാരാണ് വെടിവെച്ചതെന്നും മാവോവാദികള്‍ എത്തിയ വിവരം തങ്ങള്‍ പോലിസിനെ അറിയിച്ചിട്ടില്ലായിരുന്നുവെന്നും ഉപവന്‍ റിസോര്‍ട്ട് ജീവനക്കാര്‍ വ്യക്തമാക്കിയത്.

ലക്കിടി: പോലിസ് വാദം പൊളിയുന്നു;  ആദ്യം വെടിയുതിര്‍ത്തത് പോലിസെന്ന്  റിസോര്‍ട്ട് ജീവനക്കാരന്‍
X

കല്‍പറ്റ: വൈത്തിരിയിയിലെ ലക്കിടിയില്‍ മാവോവാദിയെന്ന് ആരോപിച്ച് യുവാവിനെ വെടിവച്ച് കൊന്ന സംഭവത്തില്‍ പോലിസ് വാദം പൊളിയുന്നു. പോലിസിന്റെ വാദം തള്ളി സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരും അധികൃതരും രംഗത്തെത്തി. ആദ്യം പോലിസുകാരാണ് വെടിവെച്ചതെന്നും മാവോവാദികള്‍ എത്തിയ വിവരം തങ്ങള്‍ പോലിസിനെ അറിയിച്ചിട്ടില്ലായിരുന്നുവെന്നും ഉപവന്‍ റിസോര്‍ട്ട് ജീവനക്കാര്‍ വ്യക്തമാക്കിയത്.

മാവോവാദികളുടെ സാന്നിധ്യമറിഞ്ഞെത്തിയ പോലിസ് ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. മാവോവാദികള്‍ വെടിയുതിര്‍ത്ത് പ്രകോപന അന്തരീക്ഷം സൃഷ്ടിച്ചെന്ന പോലിസ് വാദം തള്ളുന്നതാണ് റിസോര്‍ട്ട് അധികൃതരുടെ വെളിപ്പെടുത്തല്‍.

സായുധ പോലിസ് സംഘത്തെ കണ്ടപ്പോള്‍ മാവോവാദികളാണ് ആദ്യം വെടിയുതിര്‍ത്തതെന്നാണ് കണ്ണൂര്‍ റേഞ്ച് ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ കഴിഞ്ഞ ദിവസം പറഞ്ഞത്.

മാവോവാദികള്‍ക്കുനേരെ പോലിസ് വെടിയുതിര്‍ത്തത് ആത്മരക്ഷയ്ക്കുവേണ്ടിയാണ്. പോലിസിനെ കണ്ടപ്പോള്‍ മാവോവാദികളായ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും മാവോവാദികള്‍ അതിന് തയ്യാറാവാതെ വെടിവെച്ചു. ആത്മരക്ഷയ്ക്കായി പോലിസ് തിരിച്ചു വെടിവെച്ചു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ജലീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വെടിവെപ്പില്‍ വൈത്തിരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വാഹനത്തിനും കേടുപാടുണ്ടായി. എ.കെ. 47 പോലുള്ള തോക്കുപയോഗിച്ചാണ് മാവോവാദികള്‍ പോലിസിനുനേരെ വെടിയുതിര്‍ത്തതെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, കൊല്ലപ്പെട്ട ജലീലിന്റെ കൈയില്‍നിന്ന് നാടന്‍ തോക്കാണ് കണ്ടെടുത്തതെന്നാണ് പോലിസ് പറയുന്നത്. ഇത് സംശയത്തിനിടയാക്കുന്നതായി മനുഷ്യാവകാശപ്രവര്‍ത്തകരും ആരോപിച്ചിട്ടുണ്ട്.

സി പി ജലീലിന് വെടിയേറ്റത് പിന്നില്‍ നിന്നാണെന്നതും സംശയം വര്‍ധിപ്പിക്കുന്നു. പിറകില്‍നിന്ന് വെടിയേറ്റ് ഉണ്ട കണ്ണിനുസമീപം തുളച്ച് കടന്നുപോയ നിലയിലായിരുന്നു. കൈക്കും വെടിയേറ്റു. ഒട്ടേറെ വെടിയുണ്ടകള്‍ ശരീരം തുളച്ചു.

മാവോവാദികള്‍ പണവും ഭക്ഷണവും ആവശ്യപ്പെട്ട് റിസോര്‍ട്ടിലെത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ മാവോവാദികള്‍ പ്രകോപനം സൃഷ്ടിച്ചിട്ടില്ലെന്ന് റിസോര്‍ട്ട് ജീവനക്കാരനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപോര്‍ട്ട് ചെയ്യുന്നത്. ബുധനാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയിലെ ലക്കടിയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ് യുവാവ് മരിച്ചത്. രാത്രി എട്ടരയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ പുലര്‍ച്ചെ നാലരയ്ക്കാണ് അവസാനിച്ചതെന്നാണ് പോലിസ് ഭാഷ്യം. വൈത്തിരിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവുമായി ജലീലിന്റെ സഹോദരന്‍ സി പി റഷീദ് രംഗത്തെത്തിയിരുന്നു.


Next Story

RELATED STORIES

Share it