Sub Lead

കെഎസ്ഇബിയുടെ വൈദ്യുതി തൂണില്‍ നിന്ന് ഇനി ഇലക്ട്രിക് ഓട്ടോകള്‍ക്ക് ചാര്‍ജ് ചെയ്യാം; കോഴിക്കോട് പത്തിടത്ത് സൗകര്യമൊരുങ്ങുന്നു

നഗരത്തില്‍ പത്തിടത്താണ് കെഎസ്ഇബിയുടെ വൈദ്യുതി തൂണില്‍ നിന്ന് ചാര്‍ജ് ചെയ്യാനുള്ള സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ ഒരുങ്ങുന്നത്.

കെഎസ്ഇബിയുടെ വൈദ്യുതി തൂണില്‍ നിന്ന് ഇനി ഇലക്ട്രിക് ഓട്ടോകള്‍ക്ക് ചാര്‍ജ് ചെയ്യാം; കോഴിക്കോട് പത്തിടത്ത് സൗകര്യമൊരുങ്ങുന്നു
X

കോഴിക്കോട്: സംസ്ഥാനത്ത് ഇലക്ട്രിക് ഓട്ടോകള്‍ക്ക് ചാര്‍ജ് ചെയ്യുന്നതിന് കോഴിക്കോട് സൗകര്യമൊരുങ്ങുന്നു. നഗരത്തില്‍ പത്തിടത്താണ് കെഎസ്ഇബിയുടെ വൈദ്യുതി തൂണില്‍ നിന്ന് ചാര്‍ജ് ചെയ്യാനുള്ള സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ ഒരുങ്ങുന്നത്.

ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ സരോവരം ബയോപാര്‍ക്കിനുസമീപം ഒരുക്കുന്ന ചാര്‍ജിങ് പോയന്റ് പൂര്‍ത്തിയാവും. അതുകഴിഞ്ഞാല്‍ ഓട്ടോകള്‍ക്ക് ഇവിടെനിന്ന് ചാര്‍ജ് ചെയ്യാനാകുമെന്നാണ് കരുതുന്നത്.

സരോവരം മിനിബൈപ്പാസ് ബെവ്‌കോയ്ക്ക് സമീപം, വാണിജ്യനികുതി ഓഫിസ് പരിസരം, ചെറൂട്ടി നഗര്‍ ജങ്ഷന്‍, മുത്തപ്പന്‍കാവ്, മൂന്നാലിങ്കലിന് സമീപം, ജോസഫ് റോഡ്, വെള്ളയില്‍ ഹാര്‍ബര്‍ പ്രവേശനകവാടം, കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിനരികെ, മേയര്‍ ഭവന്‍ ഭാഗം എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. തൂണില്‍ ചാര്‍ജിങ് പോയന്റുണ്ടാവും. മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചായിരിക്കും പ്രവര്‍ത്തനം.

ആദ്യത്തെ ചാര്‍ജിങ് പോയന്റ് പ്രവര്‍ത്തനം തുടങ്ങിയശേഷം എന്തെങ്കിലും മാറ്റങ്ങള്‍ വേണമോയെന്ന കാര്യം പരിശോധിക്കും. ഇതിനനുസരിച്ചായിരിക്കും ശേഷിക്കുന്നവ തുടങ്ങുകയെന്ന് കെഎസ്ഇബി. അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ആപ്പ് വഴി പണമിടപാട് നടത്താന്‍പറ്റുന്ന രീതിയിലാണ് സൗകര്യമൊരുക്കുന്നത്. ഏറ്റവും അടുത്തുള്ള തിരക്കില്ലാത്ത ചാര്‍ജിങ് പോയന്റ് എവിടെയാണെന്ന് മനസ്സിലാക്കാനും എത്ര യൂണിറ്റ് വേണമെന്ന് രേഖപ്പെടുത്താനുമെല്ലാം ആപ്പ് വഴി സാധിക്കും.

നിലവില്‍ 13 രൂപയാണ് യൂണിറ്റിന് ഈടാക്കുന്നത്. ജിഎസ്ടി വേണ്ടിവരും. ഒമ്പതുരൂപ വൈദ്യുതി നിരക്കും ശേഷിക്കുന്നത് സര്‍വീസ് ചാര്‍ജുമാണ്. കോഴിക്കോട് നഗരത്തില്‍മാത്രം നിലവില്‍ നൂറ്റമ്പതോളം ഇ ഓട്ടോകളുണ്ട്. ജില്ലയിലാകെ 250 എണ്ണമുണ്ടാകുമെന്നാണ് ഓട്ടോക്കാര്‍ പറയുന്നത്. നിലവില്‍ സ്വകാര്യ ചാര്‍ജിങ് സ്‌റ്റേഷനുകളെയാണ് ഇവര്‍ ആശ്രയിക്കുന്നത്. വണ്ടി ഫുള്‍ ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ ഓടാനാവും. ഏതാണ്ട് നാലുമണിക്കൂര്‍ സമയം വേണം ഇത്തരത്തില്‍ ചാര്‍ജാവാന്‍.

Next Story

RELATED STORIES

Share it