Sub Lead

ഓസ്ട്രേലിയയില്‍ ഭൂചലനം; റെയില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു

ഓസ്ട്രേലിയയില്‍ ഭൂചലനം; റെയില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു
X

കാന്‍ബറ: ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ 4.9 തീവ്രതയുള്ള ഭൂചലനം. ശനിയാഴ്ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ക്വീന്‍സ്ലാന്‍ഡിലെ സണ്‍ഷൈന്‍ കോസ്റ്റില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്. ജിയോസയന്‍സ് ഓസ്ട്രേലിയയുടെ പ്രാഥമിക ഡാറ്റ പ്രകാരം ബ്രിസ്ബേനില്‍ നിന്ന് ഏകദേശം 260 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി ഗൂമെരിക്ക് സമീപമാണ് പ്രഭവകേന്ദ്രം.

തുടര്‍ ഭൂചലനങ്ങള്‍ക്ക് സാധ്യതയുണ്ട്.ബ്രിസ്ബേനില്‍ നിന്ന് ഏകദേശം 170 കിലോമീറ്റര്‍ (110 മൈല്‍) വടക്ക് പടിഞ്ഞാറ് കില്‍ക്കിവിയന്‍ എന്ന ഗ്രാമീണ പട്ടണമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്ത് 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ (EMSC) അറിയിച്ചു. ക്വീന്‍സ്ലന്‍ഡ് സംസ്ഥാനത്തെ ബാധിച്ച ഭൂചലനം 5.7 തീവ്രത രേഖപ്പെടുത്തിയതായുള്ള റിപോര്‍ട്ടുകളുണ്ട്.

സുനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇതുവരെ കാര്യമായ നാശനഷ്ടങ്ങളോ ആള്‍നാശമോ പരിക്കുകളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ ഭൂചലനത്തില്‍ തെക്കുകിഴക്കന്‍ ക്വീന്‍സ്ലാന്‍ഡ്, ബ്രിസ്ബേന്‍, സണ്‍ഷൈന്‍ കോസ്റ്റ് മുതല്‍ ഗോള്‍ഡ് കോസ്റ്റ് വരെ പ്രകമ്പനം അനുഭവപ്പെട്ടു. ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 9,000ത്തിലധികം ആളുകള്‍ക്ക് ഭൂചലനം അനുഭവിച്ചതായി ഫെഡറല്‍ ഏജന്‍സി ജിയോസയന്‍സ് ഓസ്ട്രേലിയ റിപോര്‍ട്ട് ചെയ്തു.

ഭൂചലനം പ്രാദേശിക റെയില്‍ സര്‍വീസുകകളെ ഭാഗികമായി ബാധിച്ചു. ക്വീന്‍സ്ലാന്‍ഡില്‍ ട്രെയിനുകള്‍ വൈകി. മിക്ക ട്രെയിനുകളും 15 മിനിറ്റ് വരെ വൈകിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ടെലിഫോണ്‍ ലൈനുകള്‍ തകരാറിലായി. ഏകദേശം 10,000 വീടുകളില്‍ വൈദ്യുതി തടസ്സപ്പെട്ടതായി കൊറിയര്‍ മെയില്‍ റിപോര്‍ട്ട് ചെയ്തു. വിവിധയിടങ്ങളില്‍ വൈദ്യുതി ബന്ധം നഷ്ടമായതായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഊര്‍ജ്ജ വിതരണ കമ്പനിയായ എനര്‍ജെക്സിന്റെ വക്താവ് സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it