Sub Lead

ഓരോ 40-60 കിലോമീറ്ററിലും ഇ വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍; വന്‍ കുതിച്ച് ചാട്ടത്തിനൊരുങ്ങി എന്‍എച്ച്എഐ

2023 ഓടെ ദേശീയപാതയിലെ 35,000- 40,000 കിലോമീറ്റര്‍ പരിധിയില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് അതോറിറ്റി ആലോചിക്കുന്നതെന്നും അടുത്ത രണ്ട് വര്‍ഷത്തിനകം 700 ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഉയര്‍ന്നുവരുമെന്നും എന്‍എച്ച്എഐ ചെയര്‍മാന്‍ കൂടിയായ അരമനെ കൂട്ടിച്ചേര്‍ത്തു.

ഓരോ 40-60 കിലോമീറ്ററിലും ഇ വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍; വന്‍ കുതിച്ച് ചാട്ടത്തിനൊരുങ്ങി എന്‍എച്ച്എഐ
X

ന്യൂഡല്‍ഹി: ദേശീയ പാതകളില്‍ ഓരോ 40 മുതല്‍ 60 കിലോമീറ്ററിലും ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ലക്ഷ്യമിട്ടിട്ടുണ്ടെന്ന് റോഡ് സെക്രട്ടറി ഗിരിധര്‍ അരമനേ. രാജ്യത്തെ ഇലക്ട്രിക് വാഹന ഉപയോഗം വര്‍ധിപ്പിക്കുന്നതിന് പ്രേരണ നല്‍കുകയാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നതെന്നും ദ പിന്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

2023 ഓടെ ദേശീയപാതയിലെ 35,000- 40,000 കിലോമീറ്റര്‍ പരിധിയില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് അതോറിറ്റി ആലോചിക്കുന്നതെന്നും അടുത്ത രണ്ട് വര്‍ഷത്തിനകം 700 ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഉയര്‍ന്നുവരുമെന്നും എന്‍എച്ച്എഐ ചെയര്‍മാന്‍ കൂടിയായ അരമനെ കൂട്ടിച്ചേര്‍ത്തു.

'ദേശീയപാതകളില്‍ ഇലക്ട്രിക് വാഹനത്തില്‍ യാത്ര ചെയ്യുന്ന ആര്‍ക്കും വാഹനം നിന്നുപോവുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുണ്ടാകില്ല'-അരമന പറഞ്ഞു. ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് ഹൈവേകളിലേയും വിപുലീകരിക്കുന്ന നിലവിലുള്ള ഹൈവേകളിലേയും വഴിയോര സൗകര്യങ്ങളുടെ ഭാഗമായി സ്വകാര്യ പങ്കാളിത്തത്തോടെയാവും ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുക.

ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സൗകര്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് വഴിയോര സൗകര്യങ്ങള്‍ക്കായുള്ള കരാറുകളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം കൂടാതെ, റെസ്‌റ്റോറന്റ്, ടോയ്‌ലറ്റുകള്‍, ഡ്രൈവര്‍മാരുടെ വിശ്രമമുറികള്‍, പെട്രോള്‍, ഡീസല്‍ വിതരണ യന്ത്രങ്ങള്‍ തുടങ്ങിയവയും ഉണ്ടാകുമെന്നും അരമനെ പറഞ്ഞു.

ഇതുവരെ, എന്‍എച്ച്എഐ അത്തരം 100 വഴിയോര സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ടെണ്ടറുകള്‍ ക്ഷണിച്ചിട്ടുണ്ട്. അതില്‍ ഇലക്ട്രോണിക് വാഹന ചാര്‍ജിംഗ് സ്‌റ്റേഷനുകളും ഉള്‍പ്പെടുന്നു.

'തങ്ങള്‍ 100 വഴിയോര സൗകര്യങ്ങള്‍ക്കായി ടെണ്ടര്‍ വിളിക്കുകയും അതിന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ വഴിയോര സൗകര്യത്തിനും കുറഞ്ഞത് ആറോ ഏഴോ ടെണ്ടറുകള്‍ ലഭിച്ചിട്ടുണ്ട്. ടെണ്ടര്‍ നല്‍കിക്കഴിഞ്ഞാല്‍ (ജോലി) പൂര്‍ത്തിയാക്കാന്‍ ആറ് മാസം എടുക്കുമെന്നും ഐഎഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'അടുത്ത രണ്ട് വര്‍ഷത്തിനകം ചാര്‍ജിംഗ് സ്‌റ്റേഷനുകളുള്ള 700 വഴിയോര സൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതി. ഒടുവില്‍, മുഴുവന്‍ ദേശീയപാത ശൃംഖലയും ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു'-അദ്ദേഹം പറഞ്ഞു.

വഴിയോര സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള പ്ലോട്ടുകളുടെ വലുപ്പം രണ്ട് മുതല്‍ നാല് ഹെക്ടര്‍ വരെ വേണ്ടിവരും. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, എന്നാല്‍ മതിയായ ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

2017-18 ല്‍ 69,012 യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിക്കപ്പെട്ടതായി മാര്‍ച്ചില്‍ പാര്‍ലമെന്റിന് നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ അന്നത്തെ കേന്ദ്ര വ്യവസായ സഹമന്ത്രിയായിരുന്ന അര്‍ജുന്‍ റാം മേഘ്വാള്‍ പറഞ്ഞിരുന്നു. 2018-19 ല്‍ ഇത് 1,43,358 യൂണിറ്റായും 2019-20 ല്‍ 1,67,041 ആയി ഉയര്‍ന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 12 ല്‍ നിന്ന് 5.5 ശതമാനമായി സര്‍ക്കാര്‍ നേരത്തെ കുറച്ചിരുന്നു.

Next Story

RELATED STORIES

Share it