Sub Lead

ഇഡി കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുക രണ്ടാഴ്ച കഴിഞ്ഞ്

ഇഡി കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുക രണ്ടാഴ്ച കഴിഞ്ഞ്
X

ലഖ്‌നോ: ഉത്തര്‍പ്രദേശ് പോലിസ് അന്യായമായി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇനി പരിഗണിക്കുക രണ്ടാഴ്ചയ്ക്കുശേഷം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചിലെ ജസ്റ്റിസ് ഡി കെ സിങ്ങാണ് ജാമ്യാപേക്ഷയില്‍ വാദം കേട്ടത്. കാപ്പനെതിരേ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഹാഥ്‌റസില്‍ കലാപമുണ്ടാക്കാന്‍ പോയതാണെന്നുള്ള ഇഡിയുടെ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും കാപ്പന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ഇഡി കേസിനാസ്പദമായ ഹാഥ്‌റസ് യാത്രയുടെ പണത്തിന്റെ സ്രോതസ്സില്‍ കാപ്പന് യാതൊരു അറിവുമില്ല.

ഇഡി ആരോപിക്കുന്ന 2013 ലെ എഫ്‌ഐആറില്‍ കാപ്പന്റെ പേര് എവിടെയും പരാമര്‍ശിക്കുന്നില്ലെന്നും ഹാഥ്‌റസ് പെണ്‍കുട്ടിയുടെ പീഡനകൊലപാതകം ലോകത്തെ അറിയിക്കാന്‍ പോയ മാധ്യമപ്രര്‍വര്‍ത്തകനാണ് സിദ്ദിഖ് കാപ്പനെന്നും അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇഡിയുടെ മറുപടിക്കായി രണ്ടാഴ്ച സമയം അനുവദിച്ച കോടതി അതിനുശേഷം കേസ് കേള്‍ക്കും. പലതവണ മാറ്റിവച്ച ശേഷമാണ് ഹരജി കഴിഞ്ഞ ദിവസം പരിഗണിച്ചത്. സപ്തംബര്‍ 9ന് സുപ്രിംകോടതി യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

നിലവില്‍ ഉത്തര്‍പ്രദേശിലെ മഥുര സെന്‍ട്രല്‍ ജയിലിലാണ് സിദ്ദിഖ് കാപ്പനുള്ളത്. ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് മാധ്യമപ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം മുന്‍ സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള കടുത്ത നിയമങ്ങള്‍ ചുമത്തുകയായിരുന്നു. പിന്നീട് ഇഡിയും കേസെടുത്തു. രണ്ടുവര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയായിരുന്നു ജാമ്യം.

Next Story

RELATED STORIES

Share it