Sub Lead

തലസ്ഥാനത്ത് നാടകീയരംഗങ്ങള്‍; എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ തെരുവിലിറങ്ങി ഗവര്‍ണറുടെ ആക്രോശം

തലസ്ഥാനത്ത് നാടകീയരംഗങ്ങള്‍; എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ തെരുവിലിറങ്ങി ഗവര്‍ണറുടെ ആക്രോശം
X

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ തലസ്ഥാനത്ത് നാടകീയ സംഭവങ്ങള്‍. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയതോടെ കാറില്‍നിന്നു പുറത്തിറങ്ങിയ ഗവര്‍ണര്‍ ആക്രോശിച്ചു. പ്രതിഷേധക്കാരെ 'ബ്ലഡി ക്രിമിനല്‍സ്' എന്നു വിളിച്ച ഗവര്‍ണര്‍ സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകര്‍ന്നതായും തന്നെ വകവരുത്താന്‍ മുഖ്യമന്ത്രി ആളുകളെ അയയ്ക്കുന്നതായും കുറ്റപ്പെടുത്തി. വരൂ എന്റെ മുന്നിലേക്ക് വരൂ എന്നു പറഞ്ഞാണ് ഗവര്‍ണര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ വെല്ലുവിളിക്കുന്നുണ്ട്. ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചുവയ്ക്കുന്നതിലും സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കുന്നതിലും പ്രതിഷേധിച്ചുമാണ് യൂനിവേഴ്‌സിറ്റി കോളജിനടുത്തും പിന്നീട് ജനറല്‍ ആശുപത്രി പരിസരത്തുമാണ് രണ്ടുതവണ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

ഇവരെ അറസ്റ്റ് ചെയ്തുനീക്കിയതിനു പിന്നാലെ വൈകിട്ടോടെ വീണ്ടും പ്രതിഷേധം അരങ്ങേറുകയായിരുന്നു. കാറില്‍ പോവുകയായിരുന്ന ഗവര്‍ണറെ തടഞ്ഞുനിര്‍ത്തി കാറില്‍ അടിക്കുകയും മറ്റും ചെയ്യുന്നുണ്ട്. ഇതിനിടെ വാഹനത്തില്‍നിന്നിറങ്ങിയ ഗവര്‍ണര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ ചെന്നതോടെ പോലിസും പാടുപെട്ടു. എസ് എഫ് ഐ പ്രവര്‍ത്തകരെ ഏറെ പാടുപെട്ടാണ് പോലിസ് ജീപ്പില്‍ കയറ്റിവിട്ടത്. ഇതിനിടെ, തനിക്ക് സുരക്ഷ ഉറപ്പാക്കിയില്ലെന്നും മുഖ്യമന്ത്രിയാണ് ആക്രമണത്തിനു പിന്നിലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു.

പ്രതിഷേധമുണ്ടാവുമ്പോള്‍ പോലിസുകാര്‍ എല്ലാവരും കാറിനുള്ളില്‍ ഇരിക്കുകയായിരുന്നു. പാവപ്പെട്ട അവര്‍ എന്തുചെയ്യാനാണ്. അവര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. ഞാന്‍ കാറില്‍നിന്നും ഇറങ്ങിയപ്പോള്‍ പ്രതിഷേധക്കാരെ ജീപ്പില്‍ കയറ്റി അവിടെനിന്നും മാറ്റുകയാണ് പോലിസുകാര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ കാറിനടുത്തേക്ക് ഇത്തരത്തില്‍ ആരെങ്കിലും വരാന്‍ പോലിസുകാര്‍ അനുവദിക്കുമോയെന്നും അതിവിടെ നടക്കുമോയെന്നും അദ്ദേഹം ചോദിച്ചു. തന്നെ കായികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ അയച്ചത്. ഗുണ്ടകളാണ് ഇവിടെ ഭരിക്കുന്നത്. ഭരണഘടനാ സംവിധാനങ്ങള്‍ തകര്‍ന്നു. ഇവരുടെ ഗുണ്ടാരാജ് തുടരാന്‍ അനുവദിക്കില്ല. ഭരണഘടനാ സംവിധാനങ്ങള്‍ തകരുന്നതും അനുവദിക്കാനാവില്ല. ഞാന്‍ ചെയ്യുന്ന ചില കാര്യങ്ങളോട് മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടാവാം. അതിന് കായികമായി തന്നെ ആക്രമിക്കാനുള്ള ഗൂഢാലോചനയാണോ മുഖ്യമന്ത്രി നടത്തേണ്ടതെന്നും ഗവര്‍ണര്‍ ചോദിച്ചു. തലസ്ഥാനത്തുണ്ടായ പ്രതിഷേധം വരുംദിവസങ്ങളില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Next Story

RELATED STORIES

Share it