Sub Lead

'എന്നോട് സംസാരിക്കരുത്'; ലോക്‌സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് കയര്‍ത്ത് സോണിയാ ഗാന്ധി

എന്നോട് സംസാരിക്കരുത്; ലോക്‌സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് കയര്‍ത്ത് സോണിയാ ഗാന്ധി
X

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മില്‍ രൂക്ഷമായ വാഗ്വാദം. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്‌നിയെന്ന് വിളിച്ചതിനെ ചൊല്ലിയുണ്ടായ ബഹളത്തിനിടയിലാണ് ഇരുനേതാക്കളും തമ്മില്‍ വാക്‌പോര് നടത്തിയത്. അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിക്കുന്നതിനിടെ സ്മൃതി ഇറാനി സോണിയാ ഗാന്ധിയുടെ പേര് ആവര്‍ത്തിച്ച് പറഞ്ഞതാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ചൊടിപ്പിച്ചത്.

സോണിയാ ഗാന്ധി മാപ്പ് പറയൂ എന്ന് സ്മൃതി ഇറാനി സഭയില്‍ ആവശ്യപ്പെട്ടു. മറ്റു ബിജെപി അംഗങ്ങളും ഇതേറ്റുപിടിച്ചു. 'സോണിയാ ഗാന്ധി, ദ്രൗപദി മുര്‍മുവിന്റെ അവഹേളിക്കാന്‍ നിങ്ങള്‍ അനുവദിച്ചു. സോണിയാജീ .. ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയിലുള്ള ഒരു സ്ത്രീയെ അപമാനിക്കാന്‍ നിങ്ങള്‍ അനുമതി നല്‍കി' സ്മൃതി ഇറാനി പറഞ്ഞു. ഇതേറ്റുപിടിച്ച് ബിജെപി എംപിമാര്‍ ബഹളംവച്ചു. ഇതോടെ ലോക്‌സഭാ സ്പീക്കര്‍ സഭ നിര്‍ത്തിവയ്ക്കുകയാണെന്ന് അറിയിച്ചു. പിന്നാലെ മുദ്രാവാക്യം വിളിച്ച ബിജെപി എംപിമാരുടെ അടുത്തേക്ക് സോണിയാ ഗാന്ധി നടന്നുനീങ്ങി. രണ്ട് കോണ്‍ഗ്രസ് എംപിമാരും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ഭരണപക്ഷത്തേക്ക് നീങ്ങിയ സോണിയ അവിടെയുണ്ടായിരുന്ന ബിജെപി എംപി രമാദേവിയോടായി പറഞ്ഞു, 'അധീര്‍ രഞ്ജന്‍ ചൗധരി ഇതിനോടകം മാപ്പ് പറഞ്ഞു. എന്തുകൊണ്ടാണ് എന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ?'. ഈ സമയത്താണ് സ്മൃതി ഇറാനി ഇടയില്‍ കയറി സംസാരിച്ചതാണ് സോണിയയെ പ്രകോപിപ്പിച്ചത്.' മാഡം, ഞാന്‍ നിങ്ങളെ സഹായിക്കട്ടെ, ഞാനാണ് നിങ്ങളുടെ പേര് എടുത്തിട്ടത്' സ്മൃതി പറഞ്ഞു. ഉടന്‍തന്നെ 'എന്നോട് സംസാരിക്കരുതെന്ന്' സോണിയാ ഗാന്ധി സ്മൃതിയോട് കയര്‍ക്കുകയായിരുന്നു.

പിന്നീട് ഇരുപക്ഷവും തമ്മില്‍ ബഹളമായി. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും എന്‍സിപിയുടെ സുപ്രിയ സുലെയും ബഹളംവച്ച ബിജെപി അംഗങ്ങളില്‍ നിന്ന് സോണിയാ ഗാന്ധിയെ പിന്‍മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പിന്നീട് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ രംഗത്തെത്തി.

സോണിയാ ഗാന്ധി തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ബിജെപി എംപിമാരെ സോണിയ ഭീഷണിപ്പെടുത്തിയെന്ന് പിന്നീട് ധനമന്ത്രി നിര്‍മലാ സീതാരാമനും ആരോപിച്ചു. അതേസമയം, സോണിയയോട് സ്മൃതി ഇറാനി മോശമായി പെരുമാറിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് ലോക്‌സഭയില്‍ അപമര്യാദയായി പെരുമാറി. എന്നാല്‍, സ്പീക്കര്‍ അതിനെ അപലപിക്കുമോ ? നിയമങ്ങള്‍ പ്രതിപക്ഷത്തിന് മാത്രം'- ജയറാം രമേശ് ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it