Sub Lead

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് വന്‍ ക്രമക്കേടെന്ന് ധ്രുവ് റാഠി

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് വന്‍ ക്രമക്കേടെന്ന് ധ്രുവ് റാഠി
X

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകളുണ്ടായെന്ന് യൂട്യൂബര്‍ ധ്രുവ് റാഠി. താന്‍ പറയുന്ന തെളിവുകള്‍ തെറ്റാണെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും മറിച്ച് തെളിയിക്കണമെന്നും യൂട്യൂബ് വീഡിയോയില്‍ ധ്രുവ് റാഠി ആവശ്യപ്പെട്ടു.

1: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുന്‍പ് സ്ത്രീകള്‍ക്ക് പതിനായിരം രൂപ നല്‍കിയത് കൈക്കൂലിയാണ്. തെരഞ്ഞെുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായമോ ആനുകൂല്യങ്ങളോ നല്‍കാന്‍ പാടില്ല. ബിഹാറില്‍ ഒക്ടോബര്‍ ഏഴിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17, 24, 31, നവംബര്‍ ഏഴ് എന്നീ തീയതികളില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കി. ഇത് പെരുമാറ്റച്ചട്ട ലംഘനമായിരുന്നു.

2: മറ്റ് സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്ത നിരവധി വോട്ടര്‍മാര്‍ ബിഹാറിലും വോട്ട് ചെയ്തു. ബിജെപി പ്രവര്‍ത്തകരായ ചിലര്‍ ഡല്‍ഹിയിലും ബിഹാറിലും ഹരിയാനയിലുമെല്ലാം വോട്ട് ചെയ്തു.

3: ഹരിയാനയില്‍ നിന്നും പ്രത്യേക ട്രെയിനുകളില്‍ വ്യാജ വോട്ടര്‍മാരെ എത്തിച്ചു. നാല് സ്പെഷ്യന്‍ ട്രെയിനുകളെങ്കിലും തെരഞ്ഞെടുപ്പ് ദിവസം ഹരിയാനയില്‍ നിന്നും ബിഹാറിലേക്ക് ഓടുന്നുണ്ടെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞിരുന്നുവെന്നും ഇവര്‍ യഥാര്‍ത്ഥ വോട്ടര്‍മാരാണെങ്കില്‍ എന്തിനാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ എന്നാണ് സിബല്‍ ചോദിച്ചതെന്നും ധ്രുവ് റാഠി പറഞ്ഞു. ഈ ട്രെയിനുകളിലെ യാത്രയ്ക്കുളള ചിലവ് ബിജെപിയോ മോദി സര്‍ക്കാരോ ആണ് വഹിക്കുന്നതെന്ന് ട്രെയിനില്‍ യാത്ര ചെയ്തവര്‍ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്രെയിനിലെത്തിയവര്‍ക്ക് സൗജന്യ ഭക്ഷണവും നല്‍കിയിരുന്നു.

4: പോളിങ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍ മറച്ചു. എത്രപേര്‍ എത്തി വോട്ട് ചെയ്തു, ഒരേ ആള്‍ വീണ്ടും വോട്ട് ചെയ്തോ എന്നെല്ലാം ദൃശ്യങ്ങളില്‍ നിന്ന് അറിയാമായിരുന്നു. ഈ നിയമങ്ങള്‍ മാറ്റി സിസിടിവി ദൃശ്യങ്ങള്‍ മറച്ചുവെന്നാണ് ധ്രുവ് റാഠിയുടെ മറ്റൊരു ആരോപണം. ഇപ്പോഴത്തെ നിയമം അനുസരിച്ച് ഈ ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങള്‍ക്ക് ലഭ്യമാകില്ല. മാത്രമല്ല തെരഞ്ഞെടുപ്പ് കഴിഞ്ഞ് 45 ദിവസങ്ങള്‍ക്കകം ദൃശ്യങ്ങള്‍ മായ്ച്ചുകളയുകയും ചെയ്യാം.

5: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ 7.89 കോടി വോട്ടര്‍മാരുണ്ടായിരുന്നു. എസ്‌ഐആറിന് ശേഷം ഇത് 7.42 കോടിയായി മാറി. 47 ലക്ഷത്തോളം വോട്ടര്‍മാരെയാണ് വെട്ടിയത്. എസ്‌ഐആറിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വോട്ടര്‍മാരെ കണ്ടെത്തി വെട്ടി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഏറ്റവും സ്വാധീനമുളള സീമാഞ്ചല്‍ മേഖലയിലാണ് വോട്ട് കൂടുതല്‍ വെട്ടിയത് എന്നതില്‍ നിന്ന് തന്നെ എസ്‌ഐആറിന്റെ യഥാര്‍ത്ഥ ഉദ്ദേശം വ്യക്തമാണ്. വെട്ടിമാറ്റപ്പെട്ട വോട്ടര്‍മാരില്‍ 24.7 ലക്ഷം പേര്‍ മുസ്ലിം വോട്ടര്‍മാരായിരുന്നു. ദലിത്, ആദിവാസി വോട്ടര്‍മാരെയും വെട്ടിമാറ്റിയിട്ടുണ്ട്.

6: ബിജെപിക്ക് സൗകര്യപ്രദമായ ദിവസങ്ങളില്‍ മാത്രമാണ് ഓരോ സംസ്ഥാനത്തും വോട്ടെടുപ്പ് നിശ്ചയിക്കുന്നത്. നേരത്തെ ബംഗാളില്‍ എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. മറ്റു സംസ്ഥാനങ്ങളിലെ പ്രചാരണം അവസാനിപ്പിച്ച് ബംഗാളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ മോദിയുള്‍പ്പെടെ ബിജെപി നേതാക്കള്‍ക്ക് സഹായകമാംവിധമായിരുന്നു പിന്നീട് ബംഗാളിലെ ക്രമീകരണം. 2024-ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചപ്പോഴും മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ല.

Next Story

RELATED STORIES

Share it