Sub Lead

ബിഹാറിലെ ധക്ക മണ്ഡലത്തിലെ 80,000 മുസ്‌ലിം വോട്ടര്‍മാരുടെ പേരു വെട്ടാന്‍ ബിജെപി ശ്രമം

റിപോര്‍ട്ടേഴ്‌സ് കളക്ടീവ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍

ബിഹാറിലെ ധക്ക മണ്ഡലത്തിലെ 80,000 മുസ്‌ലിം വോട്ടര്‍മാരുടെ പേരു വെട്ടാന്‍ ബിജെപി ശ്രമം
X

ധക്ക: ബിഹാറിലെ ധക്ക മണ്ഡലത്തിലെ 80,000 മുസ്‌ലിം വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടാന്‍ ബിജെപി നിരന്തരമായി ശ്രമം നടത്തിയെന്ന് കണ്ടെത്തി. ഈ വോട്ടര്‍മാര്‍ ഇന്ത്യന്‍ പൗരന്‍മാരല്ലെന്ന് ആരോപിച്ചാണ് ബിജെപി ശ്രമം നടത്തിയതെന്ന് റിപോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ അന്വേഷണ റിപോര്‍ട്ട് പറയുന്നു. ഇത്രയും പേരെ വോട്ടര്‍ പട്ടികയില്‍ നിന്നും മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജില്ലാ ഓഫിസര്‍ക്കും ബിഹാര്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കുമാണ് രേഖാമൂലം അപേക്ഷകള്‍ നല്‍കിയത്. അതില്‍ ഒരു അപേക്ഷ ബിജെപി എംഎല്‍എയായ പവന്‍ കുമാര്‍ ജയ്‌സ്വാളിന്റെ പേരിലുള്ളതാണ്. പറ്റ്‌നയിലെ ബിജെപി സംസ്ഥാന ആസ്ഥാനത്ത് നിന്നുള്ള ലെറ്റര്‍ഹെഡിലും അപേക്ഷ നല്‍കിയിട്ടുണ്ട്. മണ്ഡലത്തിലെ 40 ശതമാനം വോട്ടര്‍മാരെയും ഇല്ലാതാക്കാനാണ് ബിജെപി ശ്രമിച്ചിരിക്കുന്നത്.




ജൂണ്‍ 25നും ജൂലൈ 24നുമിടയിലാണ് ധക്കയില്‍ വോട്ടര്‍ പട്ടികയില്‍ 'തീവ്ര പരിഷ്‌കരണം' നടപ്പാക്കിയത്. പുതുതായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ 30 ദിവസമാണ് ലഭിച്ചത്. പൗരത്വ രേഖകളും മറ്റും വച്ചായിരുന്നു അപേക്ഷ നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ഫോമുകളില്‍ പേര് മാത്രം എഴുതിയാല്‍ മതിയെന്നും രേഖകള്‍ പിന്നീട് നല്‍കിയാല്‍ മതിയെന്നും നിര്‍ദേശം വന്നു. ഇത് ബൂത്ത് ലെവല്‍ ഓഫിസര്‍മാരില്‍(ബിഎല്‍ഒ) ആശയക്കുഴപ്പമുണ്ടാക്കി. ഫോമുകള്‍ പൗരന്‍മാരും ബിഎല്‍ഒമാരുമാണ് ഫില്‍ ചെയ്തിരുന്നത്. ജൂലൈ 31ന് തീവ്രപരിഷ്‌കരണത്തിന്റെ ആ ഘട്ടം അവസാനിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടിക പുറത്തിറക്കുകയും ചെയ്തു.


കരട് വോട്ടര്‍ പട്ടിക പരിശോധിച്ച് തിരുത്തലുകളും മറ്റും നടത്താനുള്ളതായിരുന്നു അടുത്ത ഒരുമാസം. മണ്ഡലത്തിലെ ഒരു വോട്ടര്‍ക്ക് മറ്റൊരു വോട്ടറുടെ പേരുവെട്ടാന്‍ അപേക്ഷ നല്‍കാന്‍ നിയമം അവകാശം നല്‍കുന്നുണ്ട്. മരിച്ചുപോയി, മണ്ഡലത്തില്‍ താമസിക്കുന്നില്ല, ഇന്ത്യന്‍ പൗരനല്ല എന്നീ മൂന്നുകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കാം. ഫോം-7 വഴിയാണ് അതിനുള്ള അപേക്ഷ നല്‍കേണ്ടത്.

കരട് പട്ടികയിലെ തിരുത്തലുകള്‍ക്കായി പൗരന്‍മാരെ സഹായിക്കാന്‍ ബിഎല്‍ഒമാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിരുന്നു. കരട് വോട്ടര്‍ പട്ടിക തിരുത്തല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത ബൂത്ത്‌ലെവല്‍ ഏജന്റുമാരുണ്ട്. എന്തായാലും കരട് വോട്ടര്‍ പട്ടികയിലെ തിരുത്തലുകള്‍ക്കും പരാതികള്‍ക്കും അപേക്ഷ നല്‍കാനുള്ള തീയതി ആഗസ്റ്റ് 31 ആയിരുന്നു. ആഗസ്റ്റ് 19 ഓടെ ബിജെപിയുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍(ബിഎല്‍എ) പേരുകള്‍ വെട്ടാനുള്ള അപേക്ഷകള്‍ നല്‍കി തുടങ്ങി. ബിജെപിയുടെ ഒരു ഏജന്റായ ശിവ് കുമാര്‍ ചൗരസ്യ ദിവസം പത്ത് പേരുകള്‍ വീതം വെട്ടാന്‍ അപേക്ഷകള്‍ നല്‍കി. അതെല്ലാം മുസ്‌ലിംകളുടേതായിരുന്നുവെന്ന് റിപോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ അന്വേഷണ റിപോര്‍ട്ട് പറയുന്നു.


വോട്ടര്‍ പട്ടികയുടെ ശരിയായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഞാന്‍ നല്‍കിയ വിവരങ്ങള്‍ എന്ന് ഞാന്‍ ഇതിനാല്‍ പ്രഖ്യാപിക്കുന്നുവെന്ന് പറഞ്ഞാണ് ബിഎല്‍എമാര്‍ അപേക്ഷകള്‍ നല്‍കിയത്. കൂടാതെ തെറ്റായ പ്രഖ്യാപനം നടത്തുന്നതിനുള്ള 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 31 ലെ ശിക്ഷാ വ്യവസ്ഥകളെക്കുറിച്ച് എനിക്കറിയാം എന്നും ബിഎല്‍എമാരുടെ പ്രസ്താവന പറയുന്നു. വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കുന്നതിനായി തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്ന് നിയമത്തിലെ സെക്ഷന്‍ 31 പറയുന്നു. ഒരാളുടെ പേരുവെട്ടണമെങ്കില്‍ കാരണം പറയണമെന്നാണ് വ്യവസ്ഥയെങ്കിലും എന്തുകാരണം കൊണ്ടാണ് പേരു വെട്ടേണ്ടതെന്ന് ഒരു ബിഎല്‍എമാരും രേഖപ്പെടുത്തിയില്ല.

കരട് പട്ടികയില്‍ എതിര്‍പ്പ് അറിയിക്കേണ്ട അവസാന ദിവസം ബിജെപി എംഎല്‍എയുടെ പിഎ ആയ ധീരജ് കുമാര്‍ ഒരു അപേക്ഷ നല്‍കി. നിരവധി പേരുകള്‍ അടങ്ങിയ ഒരു പട്ടികയും അപേക്ഷക്കൊപ്പമുണ്ടായിരുന്നു. 78,384 പേരെയാണ് ധീരജ് കുമാറിന് പുറത്താക്കേണ്ടിയിരുന്നത്. അതിന് പിന്നാലെ ബിഹാര്‍ സിഇഒക്ക് സംസ്ഥാന ബിജെപി ഓഫിസില്‍ നിന്നും കത്തും എത്തി. ധീരജ്കുമാര്‍ നല്‍കിയ കത്തില്‍ പറയുന്ന അതേ 78,384 പേര്‍ ഇന്ത്യന്‍ പൗരന്‍മാരല്ലെന്ന് ആരോപിച്ചായിരുന്നു അത്. ലോകേഷ് എന്നയാളുടെ പേരിലാണ് ഈ കത്ത് എത്തിയത്. ആരാണ് ലോകേഷ് എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ ഒരാളെ അറിയില്ലെന്നാണ് ബിജെപി നേതൃത്വം പറഞ്ഞതെന്ന് റിപോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ റിപോര്‍ട്ട് പറയുന്നു. തങ്ങളുടെ ലെറ്റര്‍ഹെഡ് ദുരുപയോഗം ചെയ്‌തെന്ന് കാണിച്ച് പരാതി നല്‍കാനും ബിജെപി നേതൃത്വം തയ്യാറായില്ല.

എന്തായാലും ബിജെപിയുടെ ലെറ്റര്‍ഹെഡില്‍ എത്തിയ 78,384 പേരും മുസ്‌ലിംകളോ മുസ്‌ലിംകള്‍ സാധാരണ ഉപയോഗിക്കുന്ന പേരുകള്‍ ഉള്ളവരോ ആണ്. പേരുകള്‍ വേര്‍തിരിക്കാന്‍ കംപ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ബിജെപി എംഎല്‍എ പവന്‍ കുമാര്‍ ജയ്‌സ്വാളിന്റെ കേന്ദ്രവും ബിജെപിയുടെ ശക്തികേന്ദ്രവുമായ ഫുല്‍വാരിയ ഗ്രാമപഞ്ചായത്തിലെ 900 മുസ്‌ലിംകള്‍ ഇന്ത്യക്കാരല്ലെന്ന് ആരോപിക്കപ്പെട്ടു. അതില്‍ ഒരാളായ ഫിറോസ് ആലത്തെ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് നേരില്‍ കണ്ടു. നൂറ്റാണ്ടുകളായി ഗ്രാമത്തില്‍ താമസിക്കുന്ന ഒരു കുടുംബത്തിലെ അംഗമാണ് ഫിറോസ് ആലം.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മുമ്പ് ഫിറോസ് ആലം മല്‍സരിച്ചിട്ടുമുണ്ട്. ഒക്ടോബര്‍ ഒന്നിന് ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടുമ്പോള്‍ മാത്രമേ ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലം അറിയാനാവൂ.

Next Story

RELATED STORIES

Share it