Sub Lead

ഗതാഗത സൗകര്യ വികസനത്തിന് കേന്ദ്ര പിന്തുണ വേണം: മുഖ്യമന്ത്രി

വികസന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദിയര്‍പ്പിച്ചു.

ഗതാഗത സൗകര്യ വികസനത്തിന് കേന്ദ്ര പിന്തുണ വേണം: മുഖ്യമന്ത്രി
X

കൊച്ചി: ഗതാഗത സൗകര്യ വികസനത്തിന് കേരളം നടപ്പാക്കി വരുന്ന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കൊച്ചി മെട്രോയുടെയും ഇന്ത്യന്‍ റെയില്‍വേയുടെയും വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദിയര്‍പ്പിച്ചു. കേരളത്തില്‍ വാഹനങ്ങളുടെ സാന്ദ്രത ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. വായു മലിനീകരണവും കാര്‍ബണ്‍ ബഹിര്‍ഗമനവും കുറയ്‌ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സര്‍ക്കാരിന് അവബോധമുണ്ട്. സമാന്തര ഗതാഗത സംവിധാനങ്ങളിലേക്ക് മാറാന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഹൈഡ്രജന്‍ ഇന്ധന വാഹനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന തോടൊപ്പം വാട്ടര്‍, റെയില്‍, എയര്‍വെയ്‌സ് എന്നിവ ഏകോപിപ്പിച്ചു കൊണ്ടുള്ള ബദല്‍ ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍ വികസിപ്പിച്ചു വരികയാണ്. കോവളം ബേക്കല്‍ ജലപാത പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. കൊച്ചിയിലെ വിവിധ ദ്വീപുകളെ ബന്ധിപ്പിക്കുന്ന വാട്ടര്‍ മെട്രോ പദ്ധതിയും വേഗത്തില്‍ മുന്നേറുകയാണ്. ദേശീയ പാത 66 ന്റെ വീതി കൂട്ടല്‍ അതിവേഗം പുരോഗമിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനത്തിന് മികച്ച ഉദാഹരണമാണ് ഈ പദ്ധതി.

ഇത്തരത്തില്‍ കേരളത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വലിയ സഹായം ആവശ്യമാണ്. ഗതാഗത വികസനത്തിനായി കേരളം സമര്‍പ്പിച്ചിരിക്കുന്ന പദ്ധതി നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it