Sub Lead

രാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി

രാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
X

മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ് താക്കറെയുടെ ഭീഷണിക്കു പിന്നാലെ മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി.മുംബൈ നഗരത്തിലെ മാഹിം ഏരിയയിലെ കടലിലുള്ള ദര്‍ഗ കൈയേറ്റ ഭൂമിയിലാണ് നിര്‍മിച്ചതെന്ന് രാജ് താക്കറെ ആരോപിച്ചതിനു തൊട്ടുപിന്നാലെയാണ് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ തകര്‍ത്തത്. കനത്ത പോലിസ് സന്നാഹത്തിനിടയിലാണ് ദര്‍ഗ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. സ്ഥലത്തെ അവശിഷ്ടങ്ങള്‍ ട്രക്കുകളില്‍ കൊണ്ടുപോവുകയും ചെയ്തു. ബുധനാഴ്ച ശിവാജി പാര്‍ക്കിലെ റാലിക്കിടെ ഗുഡി പദ്വ പ്രസംഗത്തിലാണ് രാജ് താക്കറെ ഭീഷണി മുഴക്കിയത്. പ്രസംഗത്തിനിടെ ഒരു വീഡിയോ ക്ലിപ്പ് പ്ലേ ചെയ്യുകയും മുംബൈയിലെ മാഹിം തീരത്ത് ഒരു 'അനധികൃത ദര്‍ഗ' ഉയര്‍ന്നുവരുന്നതായി അവകാശപ്പെടുകയുമായിരുന്നു. 'ഇത് ആരുടെ ദര്‍ഗയാണ്? മല്‍സ്യത്തിന്റേതാണോ. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് അവിടെ ഉണ്ടായിരുന്നില്ല. അനധികൃത നിര്‍മാണം ഉടനടി പൊളിച്ചുമാറ്റിയില്ലെങ്കില്‍ അതേ സ്ഥലത്ത് ഞങ്ങള്‍ ഒരു വലിയ ഗണപതി ക്ഷേത്രം നിര്‍മ്മിക്കും എന്നായിരുന്നു രാജ് താക്കറെയുടെ ഭീഷണി. ദര്‍ഗയുടെ ഡ്രോണ്‍ ദൃശ്യങ്ങളടങ്ങിയ വീഡിയോ എംഎന്‍എസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയും പ്രചരിപ്പിച്ചു. പോലിസും മുനിസിപ്പാലിറ്റിയും അറിയാതെ പകല്‍ വെളിച്ചത്തില്‍ നടുക്കടലില്‍ ഒരു 'പുതിയ ഹാജി അലി' ഒരുങ്ങുകയാണ് എന്നായിരുന്നു രാജ് താക്കറെയുടെ ആരോപണം. മാഹിമിലെ മഖ്ദും ബാബ ദര്‍ഗയ്ക്ക് സമീപത്തെ കടല്‍തീരത്തെ ദര്‍ഗയെ കുറിച്ചായിരുന്നു ആരോപണം.കടല്‍ത്തീരത്ത് ചെറിയ ദ്വീപ് പോലെയുള്ള കരയാണ് വീഡിയോയിലുള്ളത്. പച്ചയും വെള്ളയും കൊടികള്‍ ഉയര്‍ത്തിയ ഭാഗത്തെത്തുന്ന ദമ്പതികള്‍ അവിടെ സന്ദര്‍ശിക്കാനായി കടല്‍വെള്ളത്തിലേക്ക് ഇറങ്ങുന്നതും പ്രാര്‍ഥന നടത്തുന്നതുമാണ് വീഡിയോയിലുള്ളത്. 'എനിക്ക് രാജ്യത്തെ ഭരണഘടന അനുസരിക്കുന്ന മുസ്‌ലിംകളോട് ചോദിക്കാന്‍ ആഗ്രഹമുണ്ട്, നിങ്ങള്‍ ഇത് അംഗീകരിക്കുന്നുണ്ടോ? എനിക്ക് ഇത് വളയാന്‍ താല്‍പ്പര്യമില്ല, പക്ഷേ ആവശ്യമായാല്‍ അത് ചെയ്യേണ്ടിവരുമെന്നായിരുന്നു രാജ് താക്കറെയുടെ ഭീഷണി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എംഎന്‍എസ് ജീവനക്കാരുടെ യോഗവും അദ്ദേഹം ബുധനാഴ്ച തന്റെ വീട്ടില്‍ വിളിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാനുള്ള തന്റെ പ്രചാരണം തുടരുമെന്നും രാജ് താക്കറെ ഭീഷണിപ്പെടുത്തിയിരുന്നു. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശ ിവസനേ-ബിജെപി സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്‍ നേരത്തെയും രാജ്താക്കറെ മുസ് ലിം വിരുദ്ധ നടപടികളിലൂടെ കുപ്രസിദ്ധി നേടിയിരുന്നു. മസ്ജിദുകളില്‍ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നല്‍കിയ 17,000 പരാതികള്‍ തള്ളണമെന്നും എംഎന്‍എസ് നേതാവ് രാജ് താക്കറെ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it