Sub Lead

അതിരുവിട്ട ദീപാവലി ആഘോഷം; മൂന്നാം ദിവസവും മലിനവായുവില്‍ മുങ്ങി ഡല്‍ഹി

കാറ്റിന്റെ ശക്തി വര്‍ധിച്ചെങ്കിലും വായുവിന്റെ നിലവാരത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഡല്‍ഹിയിലെ ശരാശരി വായു നിലവാര സൂചിക ഇപ്പോഴും 400ന് മുകളില്‍ തുടരുകയാണ്.

അതിരുവിട്ട ദീപാവലി ആഘോഷം; മൂന്നാം ദിവസവും മലിനവായുവില്‍ മുങ്ങി ഡല്‍ഹി
X

ന്യൂഡല്‍ഹി: മലിനവായുവില്‍ മുങ്ങിയ ഡല്‍ഹിയില്‍ ജനജീവിതം ദുസ്സഹമാവുന്നു. അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞും മൂടല്‍ മഞ്ഞിന്റെ സാന്നിധ്യവും മൂലം മൂന്നാം ദിവസവും മോശം കാലാവസ്ഥ തുടരുകയാണ്. അതിരുവിട്ട ദീപാവലി ആഘോഷങ്ങളെത്തുടര്‍ന്ന് വിഷമേഘങ്ങള്‍ നിറഞ്ഞ് മലീമസമായ ഇരുണ്ട ആകാശത്തിന് കീഴില്‍ ശ്വാസംമുട്ടി കഴിയുകയാണ് ഡല്‍ഹിയും സമീപനഗരങ്ങളും. ദീപാവലി ദിനത്തില്‍ ഏര്‍പ്പെടുത്തിയ പടക്ക നിരോധനം വ്യാപകമായി ലംഘിച്ചതാണ് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയത്. കാറ്റിന്റെ ശക്തി വര്‍ധിച്ചെങ്കിലും വായുവിന്റെ നിലവാരത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

ഡല്‍ഹിയിലെ ശരാശരി വായു നിലവാര സൂചിക ഇപ്പോഴും 400ന് മുകളില്‍ തുടരുകയാണ്. വായു നിലവാര സൂചിക ഡല്‍ഹിയില്‍ 436 ആണ്. ഡല്‍ഹിയുടെ സമീപനഗരങ്ങളായ ഗുഡ്ഗാവില്‍ (460), ഗാസിയാബാദ് (458), നോയിഡ (455), ഫരീദാബാദ് (449) എന്നിവിടങ്ങളിലെ വായു നിലവാരവും ഉയര്‍ന്നതാണ്. ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെ വായുനിലവാരം 449 ആയിരുന്നു. ഏറ്റവും മോശം വായു നിലവാരമുള്ള നഗരങ്ങളുടെ പട്ടികയില്‍ ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള മിക്ക നഗരങ്ങളും മുണ്ട്. ശ്വാസകോശ രോഗങ്ങള്‍, കാഴ്ച തടസ്സം, കണ്ണുകള്‍ക്ക് ചൊറിച്ചില്‍ മുതാലായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാവുന്ന വായുവിലെ പൊടിപടലങ്ങളുടെ സാന്നിധ്യത്തില്‍ കുറവുണ്ടായിട്ടുണ്ട്.

ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ച രാവിലെ അന്തരീക്ഷ വായുവില്‍ പൊടിപടലങ്ങള്‍ അധികമായത് കാരണം ജനങ്ങള്‍ക്ക് ശ്വാസതടസ്സവും മറ്റ് ബുദ്ധിമുട്ടുകളുമുണ്ടായി. മൂടല്‍മഞ്ഞിന്റെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ ഗതാഗതവും തടസ്സപ്പെട്ടു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് അന്തരീക്ഷ വായുവിലെ പൊടിപടലങ്ങളുടെ സാന്ദ്രത ക്രമാതീതമായി വര്‍ധിച്ചിരുന്നു. രണ്ട് മൈക്രോമീറ്റര്‍ മുതല്‍ പത്ത് മൈക്രോമീറ്റര്‍ വരെ വലുപ്പമുള്ള പൊടിപടലങ്ങള്‍ ഒരു ഘനയടി വ്യാപ്തത്തില്‍ 1000 മൈക്രോഗ്രാം അളവില്‍ കണ്ടെത്തിയിരുന്നു. കാറ്റിന്റെ വേഗത വര്‍ധിച്ചതിനെത്തുടര്‍ന്ന് ഇത് നേര്‍പകുതിയായി കുറഞ്ഞെങ്കിലും വായുവിന്റെ ശരാശരി നിലവാരം മെച്ചപ്പെട്ടില്ല.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി വൈക്കോല്‍ കത്തിക്കുന്നതില്‍ ഗണ്യമായ വര്‍ധനയുണ്ടായതും അന്തരീക്ഷ മലിനീകരണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളിലെ വായുവിന്റെ നിലവാരത്തില്‍ കാര്യമായ പുരോഗതിയുണ്ടാവുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. കൊവിഡ് മഹാമാരിക്കിടയിലുള്ള 'മോശം വായുനിലവാരം' 'ഇരട്ടി പ്രശ്‌നം' സൃഷ്ടിക്കുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയയെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. കൊവിഡ് ശ്വാസകോശത്തെ ബാധിക്കുന്നു.

വായു മലിനീകരണം ശ്വാസകോശത്തിന് വീക്കമുണ്ടാക്കുന്നു. അതിനാല്‍, ശ്വാസകോശം ഇരട്ടിസമ്മര്‍ദം അനുഭവിക്കുന്നു. ഇത് കൂടുതല്‍ ഗുരുതരമായ രോഗത്തിലേക്ക് നയിക്കുന്നു. ഇത് മരണത്തിനും കാരണമാവും- അദ്ദേഹം പറഞ്ഞു. വിട്ടുമാറാത്ത രോഗങ്ങളുള്ളവരും കുട്ടികളുമാണ് വായു മലിനീകരണത്തിന് കൂടുതല്‍ ഇരയാവുന്നതെന്ന് മേദാന്ത ഹോസ്പിറ്റല്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.നരേഷ് ട്രെഹാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയെ ഉദ്ധരിച്ച് പറഞ്ഞു. വായു മലിനീകരണം ശ്വാസകോശങ്ങളെ മാത്രമല്ല, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കുന്നു. ഹൃദ്രോഗം പോലുള്ള വിട്ടുമാറാത്ത ചില പ്രശ്‌നങ്ങളുള്ള ഓരോ വ്യക്തിയും വളരെയധികം കഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it