Sub Lead

ശീതക്കാറ്റില്‍ തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

ശീതക്കാറ്റില്‍ തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍
X

ന്യൂഡല്‍ഹി: ശീതക്കാറ്റില്‍ തണുത്തുവിറയ്ക്കുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. വടക്കുപടിഞ്ഞാറന്‍ ദിശയില്‍നിന്ന് വീശുന്ന ശീതക്കാറ്റിനെത്തുടര്‍ന്ന് രാജ്യതലസ്ഥാനമായ ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനില അഞ്ച് ഡിഗ്രിക്കും താഴെയായി. ശൈത്യകാലത്തെ ഏറ്റവും കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡല്‍ഹിയില്‍ ഇന്നലെ കൂടിയ താപനില 17.8 ഡിഗ്രിയും കുറഞ്ഞ താപനില 4.6 ഡിഗ്രി സെല്‍ഷ്യസുമായി രേഖപ്പെടുത്തി. ഇത് സാധാരണയേക്കാള്‍ അഞ്ച് ഡിഗ്രി കുറവാണ്.

ഡല്‍ഹിയില്‍ ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ താപനിലയാണ് ഇത്. രാത്രിയിലെ താപനില ആറ് ഡിഗ്രിയായി കുറഞ്ഞു. പഞ്ചാബ്, ഹരിയാന, കശ്മീര്‍, രാജസ്ഥാന്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും താപനില മൈനസ് ഡിഗ്രിയിലെത്തി. ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ സമതല പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗം കൂടിയതാണു തണുപ്പ് കൂടാന്‍ കാരണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയില്‍ താപനില മൈനസ് ഒന്നിലെത്തി.

പഞ്ചാബിലെ അമൃത്‌സറില്‍ കുറഞ്ഞ താപനില 0.7 ഡിഗ്രിയിലെത്തി. ചണ്ഡിഗഡ്, ഭട്ടിണ്ട, ഹിസാര്‍, ശ്രീനഗര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ പലയിടങ്ങളിലും അതിശൈത്യം അനുഭവപ്പെടുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ സമതലങ്ങളില്‍ തണുപ്പ് വര്‍ധിക്കാനിടയാക്കിയത്. ഡല്‍ഹിയില്‍ ശനിയാഴ്ചത്തെ തണുത്ത കാറ്റ് തണുപ്പിന്റെ ശൈത്യകാല സീസണിലെ ആദ്യത്തെ തണുത്ത ദിവസമാണെന്ന് കാലാവസ്ഥാ വകുപ്പിലെ ശാസ്ത്രജ്ഞന്‍ ആര്‍ കെ ജെനാമണി പറഞ്ഞു.

ദിവസത്തിന്റെ ആദ്യ പകുതിയില്‍, ദേശീയ തലസ്ഥാന മേഖലയില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 10-20 കിലോമീറ്ററായിരുന്നു. ദിവസം പുരോഗമിക്കുമ്പോള്‍ അത് 40 കിലോമീറ്ററായി വര്‍ധിച്ചു- അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും അടുത്ത മൂന്ന് ദിവസത്തേക്ക് കടുത്ത മൂടല്‍മഞ്ഞും അതിശൈത്യവും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്. അതിന് ശേഷം താപനില ചെറുതായി ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അടുത്ത രണ്ട് ദിവസങ്ങളില്‍ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, വടക്കന്‍ രാജസ്ഥാന്‍, വടക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ രാവിലെ മഞ്ഞുവീഴ്ചയുണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it