Sub Lead

ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 16 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ധക്കയില്‍നിന്നും ചിറ്റഗോങ്ങില്‍നിന്നും വന്ന ട്രെയിനുകളാണ് മൊണ്ടോബാഗ് റെയില്‍വേ സ്‌റ്റേഷനില്‍ കൂട്ടിയിടിച്ചത്. പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം.

ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 16 മരണം; നിരവധി പേര്‍ക്ക് പരിക്ക്
X

ധക്ക: ബംഗ്ലാദേശിലെ ബ്രഹ്മന്‍ബാരിയയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 16 പേര്‍ മരിച്ചതായി റിപോര്‍ട്ട്. നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും 16 പേരുടെ മൃതദേഹമാണ് ലഭിച്ചതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ധക്കയില്‍നിന്നും ചിറ്റഗോങ്ങില്‍നിന്നും വന്ന ട്രെയിനുകളാണ് മൊണ്ടോബാഗ് റെയില്‍വേ സ്‌റ്റേഷനില്‍ കൂട്ടിയിടിച്ചത്. പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. 10 പേര്‍ സംഭവസ്ഥലത്തും ബാക്കിയുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. സിഗ്‌നല്‍ തെറ്റി, ഒരേ ട്രാക്കിലൂടെ ട്രെയിന്‍ എത്തിയതാണ് അപകടകാരണമെന്നാണ് പ്രാഥമികസൂചന. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നതായി റെയില്‍വേ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ മിയ ജഹാന്‍ പറഞ്ഞു.

കൂട്ടിയിടിയെത്തുടര്‍ന്ന് നിരവധി ബോഗികള്‍ തകരുകയും ട്രെയിന്‍ പാളംതെറ്റുകയും ചെയ്തു.ബോഗികള്‍ക്കുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ ഫോഴ്‌സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അപകടം നടന്നയുടന്‍ റെയില്‍വേ അധികൃതര്‍ നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് അഗ്‌നിശമന സേനയുടെ മൂന്ന് യൂനിറ്റുകളും പോലിസുകാരും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ തിരിച്ചറിയാനായിട്ടില്ല. അപകടത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഞെട്ടല്‍ രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ വൈദ്യസഹായവും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it