Sub Lead

അനാവശ്യ ഇടപെടലുകള്‍ അവസാനിപ്പിക്കണം; ഡല്‍ഹി ലഫ്.ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധവുമായി എഎപി

അനാവശ്യ ഇടപെടലുകള്‍ അവസാനിപ്പിക്കണം; ഡല്‍ഹി ലഫ്.ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധവുമായി എഎപി
X

ന്യൂഡല്‍ഹി: മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൗസില്‍ നടന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിനിടയിലെ ബിജെപിയുമായുണ്ടായ തമ്മിലടിക്ക് പിന്നാലെ ഡല്‍ഹി ലഫ്.ഗവര്‍ണറുടെ വസതിക്കു മുന്നില്‍ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍. ലഫ്.ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സീന മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് എഎപി മാര്‍ച്ച് സംഘടിപ്പിച്ചത്. ഗവര്‍ണര്‍ അനാവശ്യ ഇടപെടലുകള്‍ അവസാനിപ്പിക്കണം, സ്വതന്ത്രമായി ഭരണം മുന്നോട്ടുകൊണ്ടുപോവാന്‍ എഎപിയെ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

ഗവര്‍ണറുടെ ഇടപെടലുകള്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് എഎപി പ്രവര്‍ത്തകര്‍ ആരോപിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് 10 ബിജെപി അംഗങ്ങളെ മുതിര്‍ന്ന അംഗങ്ങളുടെ പട്ടികയില്‍പ്പെടുത്തി നാമനിര്‍ദ്ദേശം ചെയ്യാനുള്ള സക്‌സേനയുടെ തീരുമാനത്തെ എഎപി പരിഹസിച്ചിരുന്നു. നാമനിര്‍ദേശം ചെയ്യപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിലടക്കം എഎപിക്ക് കടുത്ത അതൃപ്തിയുണ്ട്. കോര്‍പറേഷനിലേക്ക് ഗവര്‍ണര്‍ പത്ത് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുമ്പോള്‍ ഡല്‍ഹി സര്‍ക്കാരിന്റെ അഭിപ്രായം തേടണമെന്നും എഎപി ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് എഎപി അറിയിച്ചു.

വെള്ളിയാഴ്ച ഡല്‍ഹി കോര്‍പറേഷനിലെ മേയര്‍ തിരഞ്ഞടുപ്പിനിടെ എഎപി- ബിജെപി അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് മുമ്പ് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പ്രിസൈഡിങ് ഓഫിസര്‍ അവസരം നല്‍കിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രിസൈഡിങ് ഓഫിസറായി ബിജെപി കൗണ്‍സിലറായ സത്യശര്‍മയെയാണ് ലഫ്.ഗവര്‍ണര്‍ നിയമിച്ചിരുന്നത്.

എഎപി അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ ബിജെപി കൗണ്‍സിലര്‍മാരും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഇരുകൂട്ടരെയും പിടിച്ചുമാറ്റിയത്. 15 വര്‍ഷത്തെ ബി ജെ പി ഭരണം എഎപി അവസാനിപ്പിച്ച് ഒരുമാസത്തിന് ശേഷമാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ പ്രമുഖ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപികയായ ഷെല്ലി ഒബ്‌റോയിയെ മേയര്‍ സ്ഥാനാര്‍ഥിയായും ആലെ മുഹമ്മദ് ഇഖ്ബാലിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായും എഎപി രംഗത്തിറക്കിയപ്പോള്‍ ബിജെപി നേതൃത്വം രേഖാ ഗുപ്തയെ മേയര്‍ സ്ഥാനത്തേക്കും കമല്‍ ബാഗ്രിയെ ഡെപ്യൂട്ടി സ്ഥാനത്തേക്കും നാമനിര്‍ദേശം ചെയ്തു.

Next Story

RELATED STORIES

Share it