Sub Lead

ദലിത് യുവാവിന് പോലിസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനവും അധിക്ഷേപവും; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

സാധാരണ വേഷത്തിലായിരുന്ന സ്‌റ്റേഷനിലെ പോലിസുകാരന്‍ ഹരി തന്നെ കടന്നുപിടിക്കുകയും പോലിസ് സ്‌റ്റേഷനില്‍ വന്ന് നിയമം പഠിപ്പിക്കാറായോ എന്ന് ചോദിച്ച് തന്റെ മുഖത്തടിച്ചതായി രാജേഷ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തന്നെ വലിച്ചിഴച്ച് സ്റ്റേഷന്റെ ഉള്ളിലേയ്ക്ക് കൊണ്ടുപോവുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് നാല് പോലിസുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

ദലിത് യുവാവിന് പോലിസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനവും അധിക്ഷേപവും; മുഖ്യമന്ത്രിക്ക് പരാതി നല്‍കി
X

കൊല്ലം: പരാതി നല്‍കാനെത്തിയ ദലിത് യുവാവിനെ സ്‌റ്റേഷനുള്ളില്‍വച്ച് പോലിസുകാര്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചതായും അധിക്ഷേപിച്ചതായും പരാതി. കൊല്ലം ശൂരനാട് വടക്ക് വില്ലേജില്‍ കുറ്റിയില്‍ വീട്ടില്‍ പരേതനായ അഴകന്റെ മകന്‍ രാജേഷ് (40) ആണ് പോലിസുകാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. ഈമാസം 20നാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. അയല്‍വാസിയും ബന്ധുവുമായ യുവാവിനെ ഒരുപറ്റം യുവാക്കള്‍ മദ്യപിച്ച് വീടുകയറി ആക്രമിച്ചതുമായി ബന്ധപ്പെട്ട പരാതി നല്‍കാനാണ് രാജേഷ് ശൂരനാട് പോലിസ് സ്‌റ്റേഷനിലെത്തുന്നത്. ഇവിടെവച്ച് ബന്ധുവിനെ മര്‍ദ്ദിച്ചവരെ കാണാനിടയായി.

അവരോട് സംസാരിച്ചുകൊണ്ടിരിക്കവെ സാധാരണ വേഷത്തിലായിരുന്ന സ്‌റ്റേഷനിലെ പോലിസുകാരന്‍ ഹരി തന്നെ കടന്നുപിടിക്കുകയും പോലിസ് സ്‌റ്റേഷനില്‍ വന്ന് നിയമം പഠിപ്പിക്കാറായോ എന്ന് ചോദിച്ച് തന്റെ മുഖത്തടിച്ചതായി രാജേഷ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തന്നെ വലിച്ചിഴച്ച് സ്റ്റേഷന്റെ ഉള്ളിലേയ്ക്ക് കൊണ്ടുപോവുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് നാല് പോലിസുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഭിത്തിയില്‍ ചാരിനിര്‍ത്തി കാല്‍മുട്ടുകൊണ്ട് ഇടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറി നിലത്ത് തള്ളിയിടുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. സിസിടിവി റെക്കോര്‍ഡ് പരിശോധിക്കാന്‍ ദൃശ്യം ലഭിക്കുമെന്ന് രാജേഷ് പറയുന്നു.

'നിന്നെ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചെന്ന് വരുത്തിത്തീര്‍ത്ത് കേസെടുക്കും' എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി. പോവുന്ന വഴിക്ക് പോലിസ് വാഹനക്കിനുള്ളില്‍വച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിച്ച കാര്യം ഡോക്ടറോട് പറഞ്ഞാല്‍ പല വകുപ്പുകളില്‍ കേസ് ചുമത്തി അകത്താക്കുമെന്നും പറഞ്ഞു. ഭയംമൂലം മര്‍ദ്ദനത്തിന്റെ കാര്യം ഡോക്ടറോട് പറയാന്‍ കഴിഞ്ഞില്ല. തിരികെ സ്റ്റേഷനിലെത്തിയ തന്നെ ജാമ്യത്തില്‍ വിട്ടയച്ചു.

വീട്ടിലെത്തിയ തനിക്ക് ശരീരവേദന കൂടുകയും ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ വീണ്ടും പോവുകയും മുമ്പ് മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടറെ കണ്ട് ചികില്‍സ നടത്തിവരികയുമാണെന്ന് രാജേഷ് പറയുന്നു. ഒരുപരാതിക്കാരനെ സഹായിക്കാന്‍ സ്റ്റേഷനിലെത്തിയ ദലിതനായ തന്നെ യാതൊരു കാരണവുമില്ലാതെ മര്‍ദ്ദിക്കുകയും പൊതുജനമധ്യത്തില്‍ അധിക്ഷേപിക്കുകയും ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഉചിതമായ നിയമ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ രാജേഷ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it