Sub Lead

കെ റെയിൽ കല്ലിടൽ തത്കാലം വേണ്ടെന്ന് സർക്കാർ; പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്ന് സൂചന

ഇനി കെ റെയിലുമായി മുന്നോട്ടുപോകാൻ കഴിയുമോ എന്ന സംശയം മുഖ്യമന്ത്രിക്കുണ്ട്. വരുന്ന രണ്ട് വർഷത്തിനകത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കും.

കെ റെയിൽ കല്ലിടൽ തത്കാലം വേണ്ടെന്ന് സർക്കാർ; പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്ന് സൂചന
X

കോഴിക്കോട്: എൽഡിഎഫിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചേക്കുമെന്ന് സൂചന. തൃക്കാക്കര തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കല്ലിടൽ പുനരാരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിൽ തൽക്കാലം അത് വേണ്ടെന്ന നിലപാടാണ് സർക്കാർ എടുത്തിരിക്കുന്നതെന്ന റിപോർട്ടുകളാണ് പുറത്തുവരുന്നത്. കല്ലിടൽ തുടർന്നാൽ കനത്ത രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്നു സിപിഎം നേതാക്കൾക്കിടയിൽ തന്നെ ശക്തമായ അഭിപ്രായമുണ്ട്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം പണ്ട് കെ റെയിലിനു വേണ്ടി വാദിച്ച സിപിഎമ്മിലെ കോടിയേരിയുൾപ്പെടെയുളള മുതിർന്ന നേതാക്കളാരും ഇപ്പോൾ അതിനു അനുകൂലമായിട്ടോ പ്രതികൂലമായിട്ടോ മിണ്ടുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. കെ റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്.

കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി തന്റെ വിശ്വസ്ഥരുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്. അത്തരമൊരു നീക്കമുണ്ടായാൽ തന്റെ വിശ്വാസ്യത തകരുമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. ഏന്നാൽ ഇനി കെ റെയിൽ കല്ലിടലുമായി മുന്നോട്ടുപോവുകയും ജനകീയ രോഷം രൂക്ഷമാവുകയും ചെയ്താൽ പാർട്ടിക്ക് പിടിച്ച് നിൽക്കാൻ കഴിയില്ലന്നാണ് സിപിഎം നേതാക്കൾ വിശ്വസിക്കുന്നത്.

എന്നാൽ മന്ത്രി സഭ അഴിച്ചുപണിയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ മനസിൽ. പല മന്ത്രിമാരുടെയും പ്രകടനത്തിൽ മുഖ്യമന്ത്രിക്ക് തൃപ്തിയില്ലന്നാണ് സൂചന. ആരോഗ്യം-വ്യവസായം തുടങ്ങിയ വകുപ്പുകളിൽ എണ്ണപ്പെട്ട ഒരു നേട്ടവും കഴിഞ്ഞ ഒരു വർഷം കൊണ്ടുണ്ടാക്കാൻ സാധിച്ചിട്ടില്ല. മറ്റ് മന്ത്രിമാരുടെ പ്രകടനത്തെക്കുറിച്ചും മുഖ്യമന്ത്രിക്ക് മതിപ്പില്ല.

ഇനി കെ റെയിലുമായി മുന്നോട്ടുപോകാൻ കഴിയുമോ എന്ന സംശയം മുഖ്യമന്ത്രിക്കുണ്ട്. വരുന്ന രണ്ട് വർഷത്തിനകത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കും. മുഖ്യമന്ത്രി ആഗ്രഹിക്കുന്ന പോലെ പത്ത് ലോക്‌സഭാ സീറ്റുകൾ നേടണമെങ്കിൽ കെ റെയിൽ പോലെ ജനരോഷം ഏറ്റുവാങ്ങുന്ന പദ്ധതികളിൽ നിന്ന് പിൻവാങ്ങേണ്ടി വരുമെന്ന് തന്നെയാണ് സിപിഎം വിശ്വസിക്കുന്നത്.

ഇതിന് പിന്നാലെയാണ് ശക്തമായ പ്രഹരവുമായി സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ശിവശങ്കറിനും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമെതിരേ ​ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ് ചൊവ്വാഴ്ച്ച രം​ഗത്തെത്തിയത്. ഇത് വരുംദിവസങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിയൊരുക്കും.

Next Story

RELATED STORIES

Share it